ചൂണ്ടലാണ്... ചൂണ്ടലാണ്... നിന്റെ കണ്ണേറ്...,
ആന്തലാണ്... ആന്തലാണ് അന്തമില്ലാണ്ട്...
അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വൈറലായ പാട്ടായിരുന്നു ഇത്.
'ന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ പ്രണയ ജോഡികളായിരുന്ന സുരേഷിന്റെയും സുമലത ടീച്ചറുടെയും നൃത്തചുവടുകളോടെയുള്ള ഗാനം. രാജേഷ് മാധവനും ചിത്രാ നായരും അനശ്വരമാക്കിയ ആ ചിത്രത്തിലൂടെ പ്രണയത്തിലായ ഇരുവരും ഒന്നിക്കുകയും ചെയ്തു. എന്നാൽ ഹൃദയഹാരിയായ ആ പ്രണയച്ചുവടുകൾക്ക് മധുരമായ ശബ്ദത്തിലൂടെ സ്വരസാന്നിധ്യമായത് അലോഷി ആദംസ് എന്ന കണ്ണൂരുകാരനായിരുന്നു. നൃത്തത്തിനൊടുവിൽ തന്റെ ഹാർമോണിയവുമായി സീനിലെത്തുന്ന മൊട്ടത്തലയനായ ഗായകൻ സേവ് ദ ഡേറ്റ് എന്നു പറയുന്നിടത്താണ് വീഡിയോ പൂർണമാവുന്നത്.
അടുത്ത കാലത്തായി മലയാളികളുടെ സാംസ്‌കാരിക ഭൂമികയിൽ നിറസാന്നിധ്യമായി നിറഞ്ഞുനിൽക്കുകയാണ് ഈ ഗസൽ ഗായകൻ. വിപഌവഗാനങ്ങളും മണ്ണിന്റെ മണമുള്ള പഴയ നാടകഗാനങ്ങളുമെല്ലാം ആ കണ്ഠത്തിലൂടെ ഒഴുകിയെത്തുമ്പോൾ ശ്രോതാക്കൾ നിശ്ശബ്ദരാകുന്നു. ആ പാട്ടിനൊപ്പം അലിഞ്ഞില്ലാതാകുന്നു. ഗുരുഭൂതന്മാരുടെ കെട്ടുപാടുകളില്ലാതെ പാട്ടിന്റെ വഴിയിൽ സ്വന്തമായ പാതകൾ വെട്ടിത്തുറക്കുന്ന ഏകാന്തപഥികൻ.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത പുഞ്ചക്കാട്ടെ വീട്ടിൽ ഇന്നും സംഗീതത്തെ ഉപാസിച്ചുകഴിയുകയാണ് ഈ ഗായകൻ. കുട്ടിക്കാലം തൊട്ടേ സംഗീതം മനസ്സിലുണ്ടായിരുന്നു. കാരണക്കാരിയായത് അമ്മയും. നൃത്താധ്യാപികയും പാട്ടുകാരിയുമായിരുന്ന അമ്മയിൽനിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. സംഗീതത്തെ ഏറെ സ്‌നേഹിച്ചിരുന്നെങ്കിലും വേദികളിൽ ഒറ്റയ്ക്ക് പാടാൻ മടിയായിരുന്നു. വീട്ടിലും സൗഹൃദകൂട്ടായ്മകളിലുമെല്ലാം പാടുമായിരുന്നു. പലതും പഴയ ഗാനങ്ങൾ... അധ്യാപകനായ അച്ഛന്റെ ശിക്ഷണത്തിൽ വിദ്യാഭ്യാസത്തിനായിരുന്നു മുൻതൂക്കം. എങ്കിലും അമ്മ റോസ്‌ലിനും അച്ഛൻ ലൂയിസ് മാസ്റ്ററും കലാതല്പരരായിരുന്നു.
അക്കാലത്ത് പാട്ടുകളേക്കാൾ ഇഷ്ടം കാൽപന്തുകളിയോടായിരുന്നു. പയ്യന്നൂർ കോളേജ് ടീമിലും യൂണിവേഴ്‌സിറ്റി ടീമിലും ജില്ലാ ടീമിലുമെല്ലാം കളിച്ചിരുന്ന കാലം. ഒരിക്കൽ കളിക്കിടെ കാലൊടിഞ്ഞ് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നു. ഒടുവിൽ കാലിന് ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് കാൽപന്തുകളിയോടുള്ള ഭ്രമം കുറഞ്ഞത്.
പയ്യന്നൂർ കോളേജിലെ പഠനകാലത്ത് ഫൈൻ ആർട്‌സ് സെക്രട്ടറിയായിരുന്നു. കോളേജിലെ കലാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനോടൊപ്പം യൂണിവേഴ്‌സിറ്റി കലാകിരീടം കോളേജിന് നേടിക്കൊടുക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു. എങ്കിലും ഒരു പാട്ടുകാരനായി അക്കാലത്ത് വേദിയിലെത്തിയിരുന്നില്ല. ഡിഗ്രി പഠനത്തിനുശേഷമാണ് പാട്ടിനെ ഗൗരവമായി കണ്ടുതുടങ്ങിയത്. നാട്ടിലെ ചില കലാവേദികളിൽ സംഗീത പരിപാടികൾ നടത്തിത്തുടങ്ങി. ഇതിനിടയിൽ ഗ്രാഫിക് ഡിസൈനിങ്ങും പഠിച്ചെടുത്തു. തുടർന്നാണ് ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചത്. മൂന്നുവർഷത്തോളം ഗ്രാഫിക് ഡിസൈനറായി ജോലി നോക്കി. അക്കാലത്ത് ദുബായിൽ അരങ്ങേറിയിരുന്ന ചില സംഗീത പരിപാടികളിലും മെഹ്ഫിലുകളിലുമെല്ലാം പങ്കെടുത്തിരുന്നു.
നാട്ടിൽ മടങ്ങിയെത്തിയതിനു ശേഷമായിരുന്നു സംഗീതപരിപാടികളിൽ കൂടുതൽ സജീവമായത്. ചില സ്‌റ്റേജ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തായിരുന്നു തുടക്കം. വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ സംഗീതപരിപാടികൾക്കായി പലരും ക്ഷണിച്ചുതുടങ്ങി. ഒരു പാട് വേദികളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പാടിനടന്നു. സംഗീതജീവിതത്തിലെ സുന്ദരമായ മുഹൂർത്തങ്ങളിലൂടെയുള്ള യാത്ര. പാട്ടുകൾ പാടാൻ മടിച്ചിരുന്ന ആ കൗമാരക്കാരൻ വേദികളെ ത്രസിപ്പിക്കുന്ന ഗായകനായി മാറുന്നതാണ് പിന്നീട് കണ്ടത്.
വിപ്ലവ ഗാനരംഗത്തേക്കുള്ള കടന്നുവരവ് തികച്ചും അവിചാരിതമായിരുന്നു. പയ്യന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണരംഗമായിരുന്നു കാരണമായത്. പ്രചാരണ പരിപാടിക്കിടയിൽ ഒരു സുഹൃത്ത് വിപഌവഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. മനസ്സിൽ ഓടിയെത്തിയത് പിരപ്പൻകോട് മുരളിയുടെ നൂറുപൂക്കളേ... നൂറു നൂറു പൂക്കളേ... എന്ന ഗാനമായിരുന്നു. സുഹൃത്തുക്കൾ ആ പാട്ട് വീഡിയോയാക്കി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു. അതുകണ്ടാണ് പിന്നീട് പല പാർട്ടി പരിപാടികൾക്കും ക്ഷണമെത്തിയത്.
ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ടാകും. ആ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കാനാവുന്നത് അപൂർവ്വഭാഗ്യമാണ്. ഇത്തരമൊരു ഭാഗ്യമാണ് എനിക്കു ലഭിച്ചിരിക്കുന്നത്. സംഗീതമായിരുന്നു എനിക്കെല്ലാം. ഇപ്പോൾ ഞാനേറെ സന്തോഷിക്കുന്നുണ്ട്. ഇതിനൊക്കെ കാരണമായത് നല്ല സൗഹൃദങ്ങളാണ്. ഓരോ സ്ഥലത്തുമെത്തുമ്പോൾ പുതിയ സൗഹൃദങ്ങളുണ്ടാകുന്നു. പിന്നീട് അവരാണ് നമ്മുടെ ആതിഥേയരാവുന്നത്.
ആലാപനവേദിയിൽ കൃത്യമായ അജണ്ടകളൊന്നുമില്ല. എത്ര പാട്ടുകൾ പാടണമെന്നും ഏതൊക്കെ പാട്ടുകളാണ് പാടേണ്ടതെന്നും മുൻകൂട്ടി തീരുമാനിക്കുന്നില്ല. വേദിയുടെ അന്തരീക്ഷം മനസ്സിലാക്കിയാണ് പാട്ടുകൾ പാടുന്നത്. ആസ്വാദകർ നിർദ്ദേശിക്കുന്ന പാട്ടുകളാണ് ഏറെയും പാടാറുള്ളത്. മുന്നിലിരിക്കുന്ന ശ്രോതാക്കളുടെ ആസ്വാദന നിലവാരം കൂടി തിരിച്ചറിഞ്ഞാണ് ഓരോ പാട്ടും തിരഞ്ഞെടുക്കുന്നത്. എന്റെ ആസ്വാദകരിൽ പലരും മുപ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. എന്റെ പാട്ടുകൾ കൂടുതൽ ആസ്വദിക്കുന്നതും അവരുതന്നെ. യുവാക്കളിൽ ഏറെയും സോഷ്യൽ മീഡിയയിലാണ് എന്റെ പാട്ടുകൾ കേൾക്കുന്നത്. അവർക്ക് ആസ്വാദ്യകരമാവുംവിധം പാട്ടുകൾ റീലുകളായാണ് അപ്‌ലോഡ് ചെയ്യുന്നത്.
ആലാപനം മാത്രമല്ല, പാട്ടുകൾക്ക് സംഗീതം നൽകാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ചേട്ടൻ നോയൽ വാങ്ങിത്തന്ന പഴയൊരു ഹാർമോണിയത്തിൽ വിരലുകളോടിച്ചാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്. പ്രവാസ ജീവിതത്തിനിടയിൽ ഏറെക്കാലം പൊടിപിടിച്ചു കിടന്നിരുന്ന ഹാർമോണിയം വീണ്ടും മിനുക്കിയെടുത്തിരിക്കുകയാണ്. സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകളിലൂടെ സംഗീതലോകത്ത് ഒരു മേൽവിലാസമുണ്ടാക്കിയെടുക്കലാണ് ലക്ഷ്യം. 2021 ൽ പുറത്തിറങ്ങിയ ഖുർബത്ത് എന്ന ആൽബത്തിന് സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നാലോളം ആൽബങ്ങൾ ചിട്ടപ്പെടുത്തി. ശിഹാബുദ്ദീൻ പൊയ്ത്തുംകടവും സക്കറിയയും ചേർന്നൊരുക്കുന്ന ചില പാട്ടുകൾക്ക് സംഗീതം നൽകിവരികയാണിപ്പോൾ.
അതിനിടയിലാണ് രതീഷ് ബാലകൃഷ്ണന്റെ ഒരു സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലാണ് പാട്ടുകൾ പാടാൻ അവസരം ലഭിച്ചത്. ഡോൺ വിൻസെന്റാണ് സംഗീതം. ചിത്രത്തിന്റെ ടീസറിൽ അഭിനയിച്ച് പാടാനും അവസരം ലഭിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു ചിത്രത്തിലെ ഗാനം. കൂടാതെ മനോജ് കെ.സേതുവിന്റെ കുത്തൂട് എന്ന ചിത്രത്തിലും പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
സംഗീതവേദികൾ മറക്കാൻ കഴിയാത്ത ഏറെ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ചീമേനിയിലെ തുറന്ന ജയിലിൽ ഒരിക്കൽ പാടാനെത്തി. തടവുകാർക്ക് മുന്നിൽ പാടിക്കഴിഞ്ഞപ്പോൾ അവരിൽ പലരും എന്റെയരികിലെത്തി. ഏറെക്കാലത്തിനുശേഷം ഇന്നാണ് ഞങ്ങളെല്ലാം ഇത്രയധികം സന്തോഷിച്ചതെന്നു പറഞ്ഞു. സംഗീത ജീവിതത്തിൽ അലോഷിക്ക് കൂട്ടായുള്ളത് ഭാര്യ ജിഷയും ഒന്നാം ക്ലാസുകാരനായ മകൻ ആദം ലൂയിസുമാണ്.






