Sorry, you need to enable JavaScript to visit this website.

നദികളിൽ സുന്ദരി യമുന....

കാജോൾ, ഹൗ എഡ്വാർഡ്സ്, ദിലീപ്, അഖിൽ മാരാർ 


പ്രേംനസീർ കാലം മുതൽ ശോഭനയുടെ അരങ്ങേറ്റ കാലം വരെ അര ഡസൻ മലയാള സിനിമകളിലെങ്കിലും യമുന നദിയെ വാഴ്ത്തിയുള്ള പാട്ടുകളുണ്ട്. അതു കഴിഞ്ഞും ധാരാളം സിനിമാ പാട്ടുകളിൽ ഉത്തരേന്ത്യയിലെ മഹാനദിയുടെ പേര് പരാമർശിച്ചിട്ടുണ്ടാവാം. ഹിന്ദിക്കാരൻ ജമുനയെന്നും നമ്മൾ യമുനയെന്നും വിളിക്കുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക്  അനാമിക പോലുള്ള പേരുകളാണ് കൂടുതലെങ്കിലും ഒരു കാലത്ത് മലയാളികളെയും ഏറെ സ്വാധീനിച്ചിരുന്നു യമുനയെന്ന പേര്. അത്രയ്ക്ക് റൊമാന്റിക്കാണ് യമുന എന്നു പറയുന്നത് തന്നെ. പ്രണയ സ്മാരകമായ വിശ്വപ്രസിദ്ധമായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് ആഗ്ര നഗരത്തിൽ യമുനയുടെ തീരങ്ങളിലാണ്. നമ്മുടെ തലസ്ഥാന നഗരത്തെ തഴുകിയും കടന്നു പോകുന്നത് ജമുന തന്നെ. ഇതൊക്കെ പറഞ്ഞ് ഇപ്പോൾ നോർത്തിൽ ചെന്നാൽ ജനം പെരുമാറുമെന്ന് തീർച്ച. ജോൺസൺ മാഷും ക്ലാരയും മഴയുടെ സംഗീതവുമൊക്കെ സുരക്ഷിത സ്ഥാനത്തിരുന്ന് പറയാൻ കൊള്ളാം. പ്രളയത്തിൽ മുങ്ങിയ അവസ്ഥയിലാണ്  രാജ്യ തലസ്ഥാനമായ ദൽഹി. യമുനാ നദി കര കവിഞ്ഞൊഴുകിയതോടെ സ്ഥിതി സങ്കീർണമായി തുടരുകയാണ്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് ജില്ലകൾ പ്രളയത്തിന്റെ രൂക്ഷമായ കെടുതികൾ അനുഭവിക്കുന്നു. വാരാന്ത്യത്തിൽ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് ചെങ്കോട്ട അടച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നുള്ള വെള്ളം ഇരച്ചെത്തിയതോടെ പ്രധാന റോഡുകളിലൂടെ നദി കുത്തിയൊഴുകുകയാണ്. ചെങ്കോട്ടയുടെ പിൻഭാഗത്ത് ഒരാൾ പൊക്കത്തിൽ വെള്ളമുയർന്നു. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വീട്ടുമുറ്റത്തും പ്രളയ ജലമെത്തി. സുപ്രീം കോടതി പരിസരത്തടക്കം ദൽഹിയിൽ കൂടുതൽ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്തി. ദൽഹിയിൽ ഇപ്പോൾ രാത്രിയിലും  ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഫ്രാൻസ് പര്യടനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ദൽഹി ലഫ്. ഗവർണറേയും ഫോണിൽ വിളിച്ച് സ്ഥിതി വിലയിരുത്തിയത് നിലവിലെ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. 

------------------------------------------------------------------------------------------------------

പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് പോകുന്നവർ കരുതിയിരിക്കുക, പഴയ കാമുകനോ കാമുകിക്കോ വീണ്ടും ഒരുമിക്കാമെന്ന് തോന്നിയാലോ, എത്ര കാലം കഴിഞ്ഞാലും അതിനൊക്കെ സാധ്യതയുണ്ടെന്നാണ് യു.എസിലെ ഈ അനുഭവം തെളിയിക്കുന്നത.് കാലത്തിനും പ്രായത്തിനും ദേശത്തിനും  അതീതമായ വികാരമാണ് പ്രണയമെന്നാണ് പൊതുവിൽ പറയാറ്. പ്രണയം ഏത് നിമിഷത്തിൽ വേണമെങ്കിലും പൂവണിയാമെന്നും അതിന് കാലവും പ്രായവും ദേശവുമൊന്നും ഒരു തടസമല്ലെന്നും തെളിയിക്കുകയാണ് 78 കാരനായ കാമുകനും അദ്ദേഹത്തിന്റെ പ്രണയിനിയും. നീണ്ട 63 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 78 കാരനായ തോമസ് മക്മീകിൻ, തന്റെ ഹൈസ്‌കൂൾ ക്രഷായ നാൻസി ഗാംബെല്ലിനോട് പ്രണയം തുറന്ന് പറയുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തത്. ഇരുവരും തമ്മിൽ പ്രണയാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കയിലെ ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് തോമസ് മക്മീകിൻ അരനൂറ്റാണ്ടിന് മേലെ താൻ മനസ്സിൽ സൂക്ഷിക്കുന്ന പ്രണയം നാൻസി ഗാംബെല്ലിനോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രണയാഭ്യർത്ഥന നാൻസി ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചുറ്റുമുണ്ടായിരുന്ന കാഴ്ചക്കാർ ഇരുവരെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.  ഹൃദയസ്പർശിയായി  ഈ ഒത്തുചേരൽ.  അദ്ദേഹം തന്റെ പ്രണയിനിക്ക് മുമ്പിൽ തന്റെ ഹൃദയം തുറന്നു കൊണ്ട് വിവാഹ അഭ്യർത്ഥന നടത്തുന്നു. അതിന് അവർ 'യെസ്' എന്ന് ഉത്തരം നൽകിയതും സന്തോഷത്താൽ മതിമറന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പരസ്പരം കെട്ടിപ്പിടിക്കുന്നതും ഇൻസ്റ്റഗ്രാം വീഡിയോയിലുണ്ട്. 

---------------------------------------------------------------------------------------------------

ടിവി ചാനൽ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച് ഒഡീഷ ടിവിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാർത്താ അവതാരക. സാരി  ധരിച്ച്, സാധാരണ ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്നത് പോലെ തന്നെയാണ് ഈ എഐ വനിതാ അവതാരകയും വാർത്ത അവതരിപ്പിക്കുന്നത്. ലിസയെന്നാണ് ഈ എഐ ആങ്കറിന് ഒഡീഷ ടിവി നൽകിയിരിക്കുന്ന പേര്. ഒഡിയയിലും, ഇംഗ്ലീഷിലും ഈ അവതാരക വാർത്ത വായിക്കും. ഒടിവി നെറ്റ്വർക്കിന്റെ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലാണ് ലിസയുടെ സേവനമുണ്ടാവുക. ഒഡീഷ മാധ്യമ മേഖലയിൽ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതാരക കൂടിയാണ് ലിസ. ഒഡീയ ടിവി മാധ്യമപ്രവർത്തനത്തിന് ഇത് ഒടിവിയുടെ സമ്മാനമാണെന്ന് അവർ പറഞ്ഞു. ലിസയ്ക്ക് പല ഭാഷയിൽ സംസാരിക്കാൻ സാധിക്കും. എന്നാൽ സമയം കുറവായത് കൊണ്ട് ഒഡിയയിലും ഇംഗ്ലീഷിലും മാത്രമേ വാർത്ത അവതരിപ്പിക്കൂ എന്ന് ഒഡീഷ ടിവി പ്രസ്താവനയിൽ അറിയിച്ചു. ഒഡിയ ഭാഷയിൽ കൂടുതൽ പ്രാവീണ്യം ലിസയ്ക്ക് നൽകാനുള്ള ശ്രമത്തിലാണെന്ന് കമ്പനിയെന്ന് ഒഡിയ ടിവി വ്യക്തമാക്കി.  ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, പോലുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലിസയെ ആരാധകർക്ക് ഫോളോ ചെയ്യാം. ലിസയെ പരിശിലീപ്പിക്കുക എന്നത് കഠിനമായൊരു ടാസ്‌കായിരുന്നുവെന്ന് കമ്പനിയുടെ ഡിജിറ്റൽ ബിസിനസ് അധ്യക്ഷൻ ലിതിഷ മങ്കദ് പാണ്ഡ പറഞ്ഞു. 

------------------------------------------------------------------------------------------------------

അമേരിക്കയിൽ ഇതെല്ലാം ചായ കുടിക്കുന്നത് പോലെയാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്കുണ്ടായിരുന്നു. എന്നാൽ ദരിദ്രവാസികൾ എല്ലായിടത്തമുണ്ടാകുമല്ലോ. അത്തരമൊരു കഥയാണ് ലണ്ടനിൽ നിന്ന് കേൾക്കുന്നത്. പണം അയച്ചു നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽനിന്നും നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ബിബിസി അവതാരകൻ ആവശ്യപ്പെട്ടു.  കുട്ടിയുടെ അമ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് വർഷമായി അവതാരകൻ കുട്ടിക്ക് ബാങ്ക് വഴി പണം അയച്ചുനൽകി ചിത്രങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് അമ്മ ആരോപിച്ചു. പെൺകുട്ടിക്ക് 17 വയസായിരുന്ന 2020 മുതൽ ഇത്തരത്തിൽ ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് ആദ്യമായി വിഷയം ശ്രദ്ധയിൽപ്പെടുന്നതെന്ന് ബിബിസി അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയതിനൊപ്പം പ്രോട്ടോകോൾ പാലിച്ചുള്ള നടപടികളും സ്വീകരിച്ച് വരികയാണെന്ന് ബിബിസി പ്രതികരിച്ചു. ഇതിന്റെ ഭാഗമായാണ് അവതാരകനെ സസ്പെൻഡ് ചെയ്തത്. പണം നൽകി വിവാദത്തിലായ ബിബിസി അവതാരകൻ ഹൗ എഡ്വാർഡ്സാണെന്ന് കഴിഞ്ഞ ദിവസം ബിബിസി  സ്ഥിരീകരിച്ചു.  എലിസബത്ത് രാജ്ഞിയുടെ മരണം ഔദ്യോഗികമായി ലോകത്തെ അറിയിച്ച് പ്രിയപ്പെട്ടവനായി മാറിയ 61 കാരനാണു ഹൗ എഡ്വാർഡ്സ്. ചില നേരങ്ങളിൽ ചില മനിതർകൾ. 
കഴിഞ്ഞ ആഴ്ച മുതൽ ആരോപണവിധേയനായ താരം ആരെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിനിടെ, ഹ്യൂ എഡ്വേർഡ്സ് 'ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുമായി' ആശുപത്രിയിലാണ് എന്ന് ഭാര്യ വിക്കി ഫഌൻഡ് പറയുന്നു. മോശം ചിത്രങ്ങൾക്കായി  പണം നൽകിയെന്ന് ദി സൺ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

-----------------------------------------------------------------------------------------------------

ആർ എസ് എസ് വിടാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് ജേതാവ് അഖിൽ മാരാർ. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. താൻ ശാഖയിൽ പോയതിനെക്കുറിച്ചും ആർ എസ് എസ് വിടാനുണ്ടായ കാരണത്തെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് കോട്ടയായിട്ടുള്ള നാടാണ് എന്റേത്. ഞാൻ പഠിച്ച സ്‌കൂളിൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ വന്നിങ്ങനെ വിപ്ലവം പറഞ്ഞ് ക്ലാസെടുക്കുന്നത് ഞാൻ ശ്രദ്ധിക്കും. തലച്ചോർ പോലും ഉദിച്ചിട്ടില്ലാത്ത ഈ കുട്ടികൾക്ക് എന്ത് ക്ലാസാണ് ഇവരെടുക്കുന്നതെന്ന് ഞാൻ വിചാരിക്കും. വരും തലമുറയോട് ചെയ്യുന്ന ക്രൂരതയല്ലേ. ഇത് ഞാൻ കെ എസ് യുവിലും കണ്ടിട്ടില്ല. ബി ജെ പിയിലും കണ്ടിട്ടില്ല.
കോൺഗ്രസിൽ വരുന്നതിന് മുമ്പ് ഞാൻ ആർ എസ് എസിന്റെ ശാഖയിൽ പോയിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ. കൊട്ടാരക്കരയിൽ വലിയൊരു പരിപാടി ആർ എസ് എസ് പ്ലാൻ ചെയ്തു. എന്റെയൊരു സുഹൃത്തിനെ ശ്രീരാമന്റെ പടം വരയ്ക്കാൻ  ഏൽപ്പിച്ചു. കക്ഷിയുടെ കഴുത്തിൽ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആർ എസ് എസ് നേതാക്കന്മാരിലൊരാൾ ഒരു കാര്യവുമില്ലാതെ അവന്റെ കൊന്തയിൽ പിടിച്ചു, അവൻ ഹിന്ദുവാണല്ലോ, ഇതൊക്കെ എന്തിനാടെ കഴുത്തിലിട്ട് നടക്കുന്നത്, എടുത്ത് കളയടാ എന്ന് പറഞ്ഞു. അത് തന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല. വീടിനകത്ത് കയറിയപ്പോൾ, എല്ലാ ദൈവങ്ങളുടെയും പടങ്ങളുമുണ്ട്. ഇദ്ദേഹത്തിന്റെ സംസാരം എനിക്ക് പിടിച്ചില്ല. ഞാൻ പറഞ്ഞത് എല്ലാ ആർ എസ് എസുകാരും കുഴപ്പക്കാരെന്നല്ല. ആ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഞാൻ ആർ എസ് എസ് വിട്ടത്. എനിക്ക് മനുഷ്യനെ മനുഷ്യനായി കാണാനേ പറ്റൂ. എന്നെ സംബന്ധിച്ച് മതവും ജാതിയുമൊന്നുമില്ല. കബഡി കളിയും മറ്റും കണ്ടത് കൊണ്ടാണ് ഞാൻ പോയത്. -അഖിൽ മാരാർ വ്യക്തമാക്കി.

------------------------------------------------------------------------------------------------------

താൻ സിനിമ ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നടൻ ദിലീപ് തുറന്നു പറഞ്ഞു.  ഞാൻ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ടെന്ന് ദിലീപ് പറയുന്നു. 'വോയിസ് ഓഫ് സത്യനാഥൻ' എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ദിലീപ് സംസാരിച്ചത്.
തന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചുള്ള വാർത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പിആർ വർക്കുകൾ കുറവാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണം. ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാൻ പറ്റില്ലല്ലോ. നിങ്ങൾക്ക് ഞങ്ങളെ സപ്പോർട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാൻ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാൻ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാൻ ജോലി ചെയ്യാൻ പാടില്ല എന്നുള്ള ആൾക്കാരുണ്ട്. എന്നാൽ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ടാണ് ഞാൻ ജോലി ചെയ്യാൻ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളൂ.  തന്റെ സിനിമയും വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. നല്ല സിനിമകൾ കൊടുത്താൽ കാണാൻ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങൾക്ക് വേണ്ട സിനിമകൾ സൃഷ്ടിക്കുക എന്നതാണ് താൻ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തം എന്നാണ് ദിലീപ് പറയുന്നത്.

------------------------------------------------------------------------------------------------------

ഇന്ത്യയിൽ മാറ്റങ്ങൾ വരുന്നത് വളരെ പതുക്കെയാണെന്നും രാജ്യം ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണെന്നുമുള്ള  പരാമർശത്തിൽ വിശദീകരണവുമായി ബോളിവുഡ് നടി കാജോൾ. സംഭവം വലിയ വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.
ആരേയും മോശക്കാരാക്കാനല്ല പ്രതികരണം നടത്തിയതെന്നും താൻ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പറയുക മാത്രമാണ് ചെയ്തതെന്നും കാജോൾ വിശദീകരിക്കുന്നു. വാക്കുകളിൽ ആരേയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്നും കാജോൾ ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ നേർവഴിക്ക് നയിച്ച ധാരാളം രാഷ്ട്രീയ നേതാക്കൾ ഉണ്ടെന്നും നേതാക്കന്മാരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടില്ലെന്നും കാജോൾ പറയുന്നു.വിവാദമായ കാജോളിന്റെ വാക്കുകൾ ഇങ്ങനെ: 'ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. മാറ്റത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്.' 'വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. എന്നാൽ ഇതാണ് വസ്തുത. ഒരു കാഴ്ച്ചപ്പാടും ഇല്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും'.
ഇതോടെ താരത്തിനെതിരെ പലരും രംഗത്തെത്തി. നടിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ചിലരുടെ വിമർശനം. കാജോൾ 16ാം വയസിലായിരുന്നു സിനിമയിലേക്ക് എത്തിയത്. രാഹുൽ രവൈലയുട ബേഗുഡിയായിരുന്നു കാജോളിന്റെ ആദ്യ സിനിമ. സ്‌കൂൾ വെക്കേഷൻ കഴിഞ്ഞ് വീണ്ടും പഠനം തുടരാമെന്ന് താരം ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. തുടരെ തുടരെ മികച്ച ചിത്രങ്ങൾ ലഭിച്ചത് കൊണ്ട് കൂടിയായിരുന്നു ഇത്. ഓള് നാട് ഭരിക്കാനൊന്നും പോകുന്നില്ലല്ലോ, അഭിനയിക്കാൻ ഡിഗ്രിയും പിജിയുമൊന്നും വേണ്ടതില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിദ്വാൻ പ്രതികരിച്ചത്. 

------------------------------------------------------------------------------------------------

മലയാളം ന്യൂസ് ചാനലുകളിലെ ആധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. എല്ലാ ചാനലുകളും തങ്ങൾ ഒന്നാണെന്ന അവകാശവാദം ഉയർത്തുമ്പോൾ ആഴ്ച റേറ്റിങ്ങ് കണക്കിൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നിലുള്ളത്. 27 ആഴ്ചയിലെ മലയാളം ന്യൂസ് ചാനലുകളിലെ റേറ്റിങ്ങ് പുറത്തുവന്നപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് റേറ്റിങ്ങിൽ ആധിപത്യം നിലനിർത്തുന്നത്.ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനം ഇതുവരെ തകർക്കാൻ ആർക്കും സാധിച്ചിട്ടില്ല. തെലുങ്കിൽ പ്രമുഖ പത്രമായ ഈനാടുവിന്റെ പിൻബലത്തിൽ  വന്ന ഇടിവി ചാനലുകൾ ഇന്ത്യയിലെ വിവിധ ഭാഷകളിൽ പടർന്നു പന്തലിക്കുന്നതാണ് പിന്നീട് കണ്ടത്. ഇവിടെ നമ്പർ വൺ, റ്റു പത്രങ്ങളുടെ പേരിലുള്ള ചാനലുകൾക്ക് പറയത്തക്ക ഇംപാക്റ്റ് സൃഷ്ടിക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. 
92 പോയിന്റുകളുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയത്. തൊട്ടുപിറകിൽ രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. 84 പോയിന്റുകളാണ് റേറ്റിങ്ങിൽ ചാനലിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് 55 പോയിന്റുമായി മനോരമ ന്യൂസാണുള്ളത്. നാലാം സ്ഥാനം ഇക്കുറി മാതൃഭൂമി ന്യൂസിനാണ് ലഭിച്ചിരിക്കുന്നത്.
ഏഴാം സ്ഥാനത്ത്  ന്യൂസ് 18 കേരളയാണ്. 15 പോയിന്റാണ് റാങ്കിങ്ങിൽ ചാനലിന് നേടാനായത്. ഏറ്റവും പിന്നിലായി എട്ടാം സ്ഥാനത്തുള്ളത് റിപ്പോർട്ടർ ടിവിയാണ്. കഴിഞ്ഞ 26 ആഴ്ചയിലും ഒന്നം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു. മലയാളം ന്യൂസ് ചാനലുകളിലേക്ക് ആധുനിക സങ്കേതികവിദ്യയോടെ വീണ്ടും എത്തിയ റിപ്പോർട്ടർ ടിവി റേറ്റിങ്ങ് കണക്കിൽ കുതിച്ചില്ല. മുതിർന്ന മാധ്യമപ്രവർത്തകരുമായി വൻ പ്രതീക്ഷയോടെയാണ് റിപ്പോർട്ടർ ടിവി വീണ്ടും എത്തിയത്. എന്നാൽ, ചാനൽ റേറ്റിങ്ങ് കണക്കിൽ ഏറ്റവും പിന്നിലാണ്. 2.20 പോയിന്റ് മാത്രമാണ് റിപ്പോർട്ടർ ടിവിക്ക് നേടാനായത്.

Latest News