എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എബ്രഹാം മാത്യുവിന്റെ ഏറ്റവും പുതിയ നോവലാണ് 'ഏഴാമത്തെ ദുതൻ ' . വർത്തമാനകാല ജീവിതസമസ്യകളെ നർമ്മരസത്തിൽ ചാലിച്ച് ലളിതമായി അവതരിപ്പിക്കുന്ന നോവൽ നമ്മെ ഒരു പോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
കഥകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ, അഭിമുഖങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിലായി മുപ്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുള്ള എബ്രഹാം മാത്യുവിന്റെ വേറിട്ടൊരു രചനയെന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകൾക്കുള്ളിൽ മലയാളി ജീവിതം പാടെ മാറിയിരിക്കുകയാണ്. പുതിയ തൊഴിൽമേഖലകൾ ഉയർന്നുവന്നു. ഗ്രാമീണ ജീവിതം ഏതാണ്ട് അവസാനിക്കാറായി. വരുന്ന ഒരു പതിറ്റാണ്ടിനുള്ളിൽ കേരളജനതയിലെ തൊണ്ണൂറുശതമാനവും നഗരവാസികളായിമാറുമെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ നഗര ജീവിതത്തിന്റെ നേർക്കാഴ്ചയായി ഈ നോവൽ മാറുകയാണ്.
സാധാരണ നോവലുകളിൽ നമ്മൾ വായിക്കാറുള്ളതുപോലെ ഈ നോവലിൽ കഥാപാത്രങ്ങൾക്ക് പേരുകളില്ല. പേരില്ലെന്നല്ല ഇംഗ്ലീഷിലെ എ. ബി. സി. ഡി.തുടങ്ങിയ അക്ഷരമാല ക്രമമാണ് കഥാപാത്രങ്ങളുടെ പേരുകളായി നൽകിയിരിക്കുന്നത്. മലയാള അക്ഷരങ്ങൾ നൽകാതിരുന്നത് ബോധപൂർവ്വമായിരിക്കണം. മലയാളപഠനം ഇവിടെ അന്യംനിന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്‌കാര ചിഹ്നങ്ങളും പ്രാദേശികഭാഷകളും പുതുതലമുറകാര്യമായി പരിഗണിക്കുന്നില്ല. യൂറോപ്പിനേയും അമേരിക്കയേയും സ്വപ്‌നം കാണുന്നവരാണ് പുതിയ തലമുറ. എൽ.കെ.ജി.മുതൽ ഇംഗ്ലീഷ് പഠിക്കുന്ന നമ്മുടെകുട്ടികൾ പാശ്ചാത്യനാട്ടിലേക്കിപ്പോൾ ഉന്നതവിദ്യാഭ്യാസത്തിനായി ഒഴുകുകയാണ്.
നോവലിന്റെ ആദ്യപുറത്തിലിങ്ങനെ വായിക്കാം: വൈകിട്ട് സ്‌കൂൾ ബസ്സിന്റെ സമയമായപ്പോൾ എ കണ്ണുതുറന്നു. ബി മകനെ കൂട്ടിക്കൊണ്ടുവന്നു. ഏഴാം നിലയിലെത്താൻ ലിഫ്റ്റ് ഉണ്ടായിരുന്നില്ലെന്ന് വിയർപ്പിന്റെ മാലയും കമ്മലും ധരിച്ചുകൊണ്ടുവന്ന ബി പറഞ്ഞു. ഒരാഴ്ചയായി ലിഫ്റ്റ് കേടുവന്നുകിടക്കുന്നു.
മുഖവും പേരും നഷ്ടപ്പെട്ട മനുഷ്യരുടെ ലോകമാണിത്. ജീവിക്കുന്നുവെന്നറിയാതെ പട്ടണത്തിൽ ജീവിക്കാനാകും. ഇതിന്റെ ദുരന്തമാണ് എബ്രഹാം മാത്യു ഏഴാം ദൂതനിലൂടെ അവതരിപ്പിക്കുന്നത്.
ഈ നോവലിൽ എയും ബിയും ക്രിസ്തുമതവിശ്വാസികളാണെന്ന ധാരണ വായനക്കാരന് ലഭിക്കുന്നത് പാസ്റ്ററുടെ കെ. ഫോൺവഴിയുള്ള പ്രാർത്ഥനയും പ്രവചനവുമെല്ലാം വായിക്കുമ്പോൾ മാത്രമാണ്. ആധുനികമനുഷ്യന്റെ ജീവിതസമ്മർദ്ദങ്ങൾക്കുള്ള പരിഹാരമായി എല്ലാമതത്തിലും ആൾദൈവങ്ങൾ ഉയർന്നുവരുന്നുണ്ട്. ആൾ ദൈവങ്ങൾ മാറ്റാരെക്കാളും െൈഹടെക്കാണ്.
പുതിയ ജീവിതക്രമത്തിന്റെ സംഘർഷങ്ങൾക്കനുസരിച്ച് മതത്തിന്റെ കോലവും ഭാവവും മാറുന്നതിന്റെ സൂചനയും നോവലിലുണ്ട്. വീട്ടിലും തൊഴിലിടത്തിലും അനുഭവിക്കേണ്ടിവരുന്ന ദൈനംദിന സംഘർഷങ്ങളും പ്രതിസന്ധികളും പ്രമേയമാക്കി എഴുതിയ ഈ നോവൽ വിത്യസ്തമായൊരു വായനാനുഭവം നമുക്ക് നൽകുന്നു.
സ്‌കൂളിൽ കോഴിയുടെ ചിത്രം വരച്ചുകൊണ്ടുവരാൻ പറയുന്ന അദ്ധ്യാപികക്ക് മുമ്പിലേക്ക് കുട്ടി ഇറച്ചികടയിൽനിന്ന് കറിവയ്ക്കാനായി തൊലിയുരിച്ച് കൊണ്ടുവരുന്ന മാംസപിണ്ഡമാണ് വരയ്ക്കുന്നത്. ഇതിന് നല്ലമാർക്കും അഭിനന്ദനവും കുട്ടിക്ക് ലഭിക്കുന്നു. കോഴിയെ സംബന്ധിച്ച് തന്റെ പഴഞ്ചൻ ഓർമ്മകളുമായി അധ്യാപികയെ ഉപദേശിക്കാൻ ചെല്ലുന്ന എ യ്ക്ക് പുതിയ തലമുറ
കുട്ടികൾക്ക് പറ്റിയ അദ്ധ്യാപികയെയാണ് കാണാൻ കഴിയുന്നത്. എ യുടെ പരാതി ഇങ്ങനെ: കോഴിയുടെ ചിത്രം വരക്കാൻ പറഞ്ഞാൽ ചിത്രം കോഴിയുടേതാകണം. ചത്തകോഴി, അല്ലെങ്കിൽ കൊലചെയ്യപ്പെട്ട കോഴി, അടുക്കളമേശയിലെ കോഴി എന്നീ ഗണത്തിൽപെട്ട ഒരു കോഴിയെയായിരുന്നു ടീച്ചർ ഉദ്ദേശിച്ചിരുന്നതെങ്കിൽ കുട്ടിവരച്ചത് ശരി തന്നെയാകുമായിരുന്നു.
ഇതിന് അധ്യാപികയുടെ മറുപടി ഇങ്ങനെ : രക്ഷാകർത്താക്കളുടെ സ്വപ്‌നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്. എ യെപ്പോലെയുള്ള രക്ഷാകർത്താക്കൾ കൗൺസലിംഗിന് വിധേയമാകുന്നതാണ് നല്ലത്.
ജനറേഷൻ ഗ്യാപ്പിന്റെ സംഘർഷം ഈ നോവൽ നിറയെ സരസമായി അവതരിപ്പിക്കുന്നത് കാണാം.
കുട്ടിയോട് മരം വരച്ചുകൊണ്ടുവരാൻ പറയുമ്പോൾ ബോൺസായിമരം വരക്കുമ്പോഴും വീട്ടിൽ ഈ സംഘർഷം മറ്റൊരുതരത്തിൽ ആവർത്തിക്കുന്നു. പോസ്റ്റ് ട്രൂത്ത് എറയിലെ ജീവതമാണ് എബ്രഹാം മാത്യു വരച്ചിടുന്നത്. പോസ്റ്റ് ട്രൂത്ത് എറക്ക് സത്യാനന്തരകാലം എന്നല്ല വാസ്തവാനന്തരകാലമെന്നാണ് പരിഭാഷയെന്നും നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന പുതുസമൂഹത്തിന് പറ്റിയ പരസ്യവാചകങ്ങളും അടിക്കുറുപ്പുകളും തയ്യാറാക്കിനൽകുന്ന എ പ്ലസ് ബി എന്ന ചെറിയൊരു ഓഫീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് എ അനുഭവിക്കുന്ന ധർമ്മസങ്കടങ്ങളും പ്രതിസന്ധികളും വായനക്കാരെ ചിരിപ്പിക്കുകയും ഒപ്പം ആശങ്കയിലാഴ്ത്തുകയും ചെയ്യും.പഴഞ്ചൊല്ലുകളുടെ ബലത്തിൽ എപ്ലസ്ബി തങ്ങളുടെ പ്രവർത്തനരംഗത്ത് മേൽഗതിനേടാനുള്ള ശ്രമങ്ങൾ പലപ്പോഴും പൊളിഞ്ഞുപോകുന്നു. പഴഞ്ചൊല്ലുകൾ എല്ലാകാലത്തേക്ക് വേണ്ടിയുള്ളതല്ലെന്നും കാലോചിതമായ മറ്റം എല്ലാത്തിനും വേണ്ടിവരുമെന്നും എ മനസിലാക്കുന്നു.
ചെറിയകുഞ്ഞുങ്ങളെ ലക്ഷ്യമാക്കിതുടങ്ങുന്ന മ്യൂസിക്കൽ ആപ്പിന്റെ ശീർഷകമായി എ നിർദ്ദേശിക്കുന്നത് ഓമനതിങ്കൾ കിടാവോ.. എന്നാണ്. ബ.യും സിയുംഇതിന് പരിഭാഷ്യം ചമയ്ക്കുന്നതിങ്ങനെ: ഡാർളിംഗ് മൺഡേ കിഡ്. ഈ ഒരു പൊരുത്തക്കേടാണ് എ യ്ക്ക് ഓഫീസിലും സമൂഹത്തിലും നേരിടേണ്ടിവരുന്നത്. എ യുടെ എപ്ലസ് ബി എന്ന സ്ഥാപനത്തിൽ എം.എൽ.എയുടെ ശുപാർശയോടെ കയറി പറ്റിയ അറ്റൻഡർ ഇന്നത്തെ അധികാരസ്ഥാപനങ്ങൾനേരിടുന്ന പ്രതിസന്ധിയുടെ ആഴം വരച്ചിടുന്നു. രാഷ്ട്രിയശക്തിയും സംഘടനാബോധവും ഒത്തുചേർന്ന അറ്റൻഡർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ വായനയെവർത്തമാനകാല സാഹചര്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും. യുക്തിചിന്തയുടെയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘർഷങ്ങളുടെയും സമരങ്ങളുടെയും കഥകൂടിയാണിത്.
ഏഴാമത്തെ ദൂതൻ
എബ്രഹാം മാത്യു
മാതൃഭൂമി ബൂക്‌സ്
വില: 240 രൂപ






