Sorry, you need to enable JavaScript to visit this website.

അനന്തന്റെ അത്ഭുതലോകം 

'ചെമ്പകം ..എടീ ചെമ്പകം'  പാറുക്കുട്ടിയമ്മ നീട്ടിവിളിച്ചു.
'ദാണ്ട് വരണ് കൊച്ചമ്മ..' വടക്കേപുറത്തുനിന്ന് ചെമ്പകം വിളികേട്ടു. ചകരി ചാരച്ചട്ടിയിലിട്ട് കൈകഴുകിക്കുടഞ്ഞ് ചെമ്പകം തിടുക്കത്തിൽ എഴുന്നേറ്റു. കഴുകിതീർത്ത ചട്ടിം കലവും എടുത്തുകൊണ്ട് അവൾ പുരയ്ക്കകത്തേക്ക് പാഞ്ഞു.പാറുക്കുട്ടിയമ്മ മുഖം വീർപ്പിച്ച് നിൽക്കുന്നു. ചെമ്പകം ചട്ടിയുംകലവുംതറയിൽ കമഴ്ത്തിവച്ച് കൈകൾ മുണ്ടിൽതുടച്ച് ആകാംക്ഷയോടെ ചോദിച്ചു.
'യെന്തര് കൊച്ചമ്മാ'
'ടീ.. നിന്റെ ചെറുക്കനെകൊണ്ട് ഒരു അറുമ്പോതോമില്ല. കഴിഞ്ഞമാസം കുമ്മായംപൂശിയ ചെവരിലൊക്കെ ഈ കുരുത്തംകെട്ടവൻ കരികൊണ്ട് വരച്ച് നാശമാക്കി.ലോണ്ടവിടെ ..ചെന്നുനോക്ക്..ചൊവരിലൊക്കെ കപ്പലിന്റെ പടം വരച്ചുവച്ചിരിക്കുന്നു'
എഴുത്തുകാരനും അക്കാദമിക് പണ്ഡിതനുമായ അച്യുത് ശങ്കറിന്റെ തരിപ്പ് എന്ന നോവൽ തുടങ്ങുന്നതിങ്ങനെയാണ്, എന്തുകൊണ്ടാണ് ചെമ്പകത്തിന്റെ മകൻ കപ്പൽ സ്വപ്‌നം കാണുന്നതെന്ന കഥയാണ് പിന്നീട് ഇതൾ വിരിയുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തിരുവനന്തപുരം പട്ടണത്തിലാണ് കഥ നടക്കുന്നത്. നഗരത്തിലെ പ്രശസ്തമായ കൊല്ലപ്പണിക്കാരന്റെ മകൻ അനന്തന്റെ ശാസ്ത്രകൗതുകങ്ങൾ അയാളുടെ ജീവിത്തിലുണ്ടാക്കുന്ന ദുരന്തങ്ങളാണ് നോവലിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നത്. അക്കാലത്ത് കൊല്ലച്ചെറുക്കന് സായിപ്പിന്റെ സ്‌കൂളിൽ പഠിക്കാനുള്ള അവസരം അച്യുത് ശങ്കർ തന്റെ ഭാവനയിൽ നിർമ്മിച്ചെടുക്കുന്നു. തികഞ്ഞ ഒരു ശാസ്ത്രജ്ഞനാകാനുള്ള എല്ലാ ബുദ്ധിവൈഭവവും ഉണ്ടായിരുന്ന അനന്തൻ യാദൃച്ഛികമായി വൈദ്യുതിയെന്ന അത്ഭുതത്തിന്റെ തരിപ്പ് അനുഭിവിക്കുന്നു. പാശ്ചാത്യനാട്ടിൽ ഇതേക്കുറിച്ച് ചില പരീക്ഷങ്ങൾ നടക്കുന്നതേയുണ്ടായിരുന്നുള്ളു. അനന്തന് നക്ഷത്രബംഗ്ലാവിൽ ജോലികിട്ടുന്നു.
ഇംഗ്ലീഷ് പഠിച്ച അനന്തൻ സായിപ്പന്മാരെപ്പോലെയാകാൻ മോഹിക്കുന്നു.  തന്റെ പരീക്ഷണവുമായി ശീമയിൽപോകാൻ മോഹിക്കുന്നു. ശീമയിലേക്ക്‌പോകാനുള്ള അവസരം വന്നുചേർന്നു.  വേണമെങ്കിൽ ആവി എഞ്ചിന് പകരം കപ്പലിൽ വൈദ്യുതി  മോട്ടോർ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക
ജ്ഞാനത്തിലേക്ക് അനന്തന്റെ കണ്ടുപിടുത്തം വളരുന്നു. ശീമയിൽപോയി വലിയ അഗീകാരം നേടണമെന്ന് ആഗ്രഹിക്കുന്ന അനന്തനിൽനിന്ന് സായിപ്പ് യന്ത്രരഹസ്യം മനസിലാക്കിയശേഷം അനന്തനെ കുടിപ്പിച്ച് കടലിലേക്ക്‌തൊഴിച്ചെറിഞ്ഞ് കൊലപ്പെടുത്തുന്നു. എന്നാൽ ഭർത്താവ് വലിയ നിലയിൽ തന്നെയും മകനേയും മറന്ന് ശീമയിൽ സായിപ്പന്മാരുടെ ഒപ്പം സുഖിച്ചുവാഴുകയാണെന്നാണ് ചെമ്പകം കരുതുന്നത്. ചെമ്പകത്തിന്റെ മകൻ കപ്പലിന്റെ ചിത്രം കരികൊണ്ട് വരക്കുന്നതിന് പിന്നിൽ ഇങ്ങനെയൊരുകഥയാണ് മറഞ്ഞിരിക്കുന്നത്. ആ കുട്ടിക്ക് അതിന്റെ പൊരുൾ തിരിച്ചറിയാനാവുന്നില്ലെങ്കിലും.
തിരുവിതാംകൂറിലെ ചരിത്രവും ഭാവനയും ഇടകലർത്തിയെഴുതിയ നോവലാണിത്. പിൻകുറുപ്പിൽ അച്യുത് ശങ്കർതന്നെ  ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 'നോവലിൽ പരാമർശിക്കുന്ന ശാസ്ത്രപുസ്തകങ്ങൾ എല്ലാം തന്നെ യഥാർത്ഥപുസ്തകങ്ങളാണ്. അനന്തൻചെയ്യുന്ന പരീക്ഷണങ്ങളൊക്കെതന്നെ യഥാർത്ഥപരീക്ഷണങ്ങളാണ്. ഗ്രിഫിൻ ഹാമിൽട്ടൻ എന്ന കഥാപാത്രം സാങ്കൽപികമാണെങ്കിലും അയാളുടെ അഭിപ്രായപ്രകടനങ്ങൾ പലതും മെക്കാളെ പ്രഭുവിന്റെ യഥാർത്ഥനിരീക്ഷണങ്ങളാണ്. ഡോ: കോളിൻ പാറ്റേഴ്‌സന്റെ ആശുപത്രിയിലെ മരുന്നുകൾ അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതുതന്നെയാണ്. ഇവയ്‌ക്കെല്ലാം പുറമെ ഒട്ടനേകം ചരിത്രനുറുങ്ങുകൾ കഥയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇങ്ങനെ പതിവ് നോവൽ മാതൃകയിൽനിന്ന് വേറിട്ട ഒരു നോവലാണിതെന്ന് പറയാം. ഇംഗ്ലീഷ് സംഭാഷണങ്ങൾ അതേപോലെതന്നെ നോവലിൽ എഴുതിയിരിക്കുന്നു. ഈ സംഭാഷണത്തിന്റെ മലയാളം കൂടി കൊടുത്തിരുന്നെങ്കിൽ മലയാളഭാഷ മാത്രം അറിയുന്നവർക്ക് കൂടുതൽ പാരായണക്ഷമമായേനെയെന്ന് തോന്നാം.

തരിപ്പ്
അച്യുത് ശങ്കർ
ഒലീവ് ബുക്‌സ്
വില: 200 രൂപ

Latest News