ഫ്രഞ്ച് ഓപണിനു പിന്നാലെ വിംബിൾഡണിലും ഹസ്തദാന വിവാദമാണ്. റഷ്യ, ബെലാറൂസ് കളിക്കാർക്ക് കൈ കൊടുക്കാമോയെന്നതാണ് ചൂടുള്ള വിഷയം....
കളിക്കാരുടെ കാര്യം കഷ്ടമാണ്. രാജ്യങ്ങൾക്ക് അവരുടെ താൽപര്യ സംരക്ഷണത്തിന് ഏതു ചേരിയിലും ചേരാം. ബ്രിട്ടന് ഖത്തറുമായി സൗഹൃദമാവാം, ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം. എന്നാൽ ലോകത്തെ എല്ലാ പ്രശ്‌നങ്ങളുടെയും പേരിൽ കളിക്കാർ നിലപാടെടുക്കണം. ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിന്റെ കാര്യം തന്നെ ആലോചിക്കുക -ഖത്തറിലെ പ്രവാസി ജീവനക്കാരുടെ പ്രശ്‌നം, സ്ത്രീ പുരുഷ സമത്വം, ന്യൂനപക്ഷ ലൈംഗികത തുടങ്ങി നൂറായിരം വിഷയങ്ങളിലാണ് കളിക്കാർ ചോദ്യം ചെയ്യപ്പെട്ടത്.
ഇപ്പോൾ റഷ്യ-ഉക്രൈൻ യുദ്ധമാണ് വിഷയം. കഴിഞ്ഞ വർഷം വിംബിൾഡൺ റഷ്യൻ കളിക്കാർക്ക് പൂർണ വിലക്കേർപ്പെടുത്തി. റഷ്യയുടെ സഖ്യ രാഷ്ട്രമെന്ന നിലയിൽ ബെലാറൂസ് താരങ്ങളും വിലക്കപ്പെട്ടു. ലോക ഒന്നാം നമ്പറായിരുന്ന ഡാനിയേൽ മെദവദേവിനും രണ്ടാം നമ്പർ വനിതാ താരം അരീന സബലെങ്കക്കും വരെ വിട്ടുനിൽക്കേണ്ടി വന്നു. വിംബിൾഡൺ അധികൃതർക്ക് ഈ വർഷം തീരുമാനം തിരുത്തേണ്ടി വന്നു. റഷ്യ, ബെലാറൂസ് കളിക്കാർക്ക് നിരോധനമേർപ്പെടുത്തിയ തീരുമാനം പിൻവലിച്ചു. അപ്പോഴാണ് മറ്റൊരു വിവാദം. ഇത്തവണ ഫ്രഞ്ച് ഓപണിലും വിംബിൾഡണിലും ഹസ്തദാനമാണ് പ്രശ്‌നം. റഷ്യ, ബെലാറൂസ് കളിക്കാർക്ക് ഹസ്തദാനം ചെയ്യാൻ ഉക്രൈൻ താരങ്ങൾ തയാറായില്ല. ഇതിന്റെ പേരിൽ കളിക്കാരും കാണികളും ഇടപെട്ടു.
ഫ്രഞ്ച് ഓപണിലാണ് ഹസ്തദാനം ഒരു പ്രശ്‌നമായി വളർന്നത്. ഫ്രഞ്ച് ഓപണിൽ കൂവി വിളിക്കപ്പെട്ടത് ഉക്രൈൻ കളിക്കാരായിരുന്നു, ഹസ്തദാനം ചെയ്യാത്തതിന്റെ പേരിൽ. വിംബിൾഡണിൽ അത് തിരിച്ചായി. ഹസത്ദാനം ലഭിക്കാത്ത റഷ്യൻ, ബെലാറൂസ് കളിക്കാരികൾ നാണംകെട്ടതിന് പുറമെ കൂവി വിളികൾക്കും ഇരയായി. കളി കഴിഞ്ഞാൽ വിജയിക്ക് പരാജിതനോ പരാജിതയോ കൈ കൊടുക്കും. പിന്നീട് അമ്പയർക്കും കൈ കൊടുത്താണ് കോർട് വിടുന്നത്. ഈ പതിവ് തെറ്റിയതോടെ അങ്കലാപ്പിലായത് റഷ്യൻ, ബെലാറൂസ് കളിക്കാരാണ്. കളി കഴിഞ്ഞ് പതിവു പോലെ അവർ അറിയാതെ നെറ്റിനടുത്തേക്ക് നീങ്ങും. അപ്പോഴേക്കും ഉക്രൈൻ താരങ്ങൾ മുഖം തിരിച്ചുപോയിട്ടുണ്ടാവും. കൈയുയർത്തിയും എന്തെങ്കിലും മുദ്ര കാണിച്ചും എതിർ താരങ്ങൾ കോർട് വിടും. ഒപ്പം കൂവി വിളിയും. ഇത് സുഖകരമല്ലാത്ത സാഹചര്യങ്ങളാണ് സൃഷ്ടിച്ചത്.
ഇത് ഏറ്റവും പരിഹാസ്യമായി അനുഭവപ്പെട്ടത് ഉക്രൈൻകാരി എലേന സ്വിറ്റോലിനയും ബെലാറൂസുകാരി വിക്ടോറിയ അസരെങ്കയും തമ്മിലുള്ള മത്സരത്തിലാണ്. ക്ലാസിക് പോരാട്ടത്തിൽ മൂന്നു സെറ്റിൽ അസരെങ്ക തോറ്റു. ശേഷം അസരെങ്ക വിജയിയെ അനുമോദിക്കാൻ നെറ്റിനടുത്തേക്ക് നീങ്ങി. സ്വിറ്റോലിന മുഖം തിരിച്ച് കോർട് വിട്ടു. ഹസത്ദാനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ആദരസൂചകമായി സ്വിറ്റോലിനയുടെ നേരെ അസരെങ്ക കൈയുയർത്തി. അതോടെ അസരെങ്കക്കു നേരെ കൂവിവിളി ഉയർന്നു. നല്ല മത്സരമായിരുന്നു, ലക്കു കെട്ട കാണികൾ ഒടുവിൽ ഇങ്ങനെയാണ് പെരുമാറുന്നത്, ലജ്ജാകരം എന്നാണ് അസരെങ്ക പ്രതികരിച്ചത്.
സ്വിറ്റോലിന ഇതിന് ഒരു പരിഹാരം മുന്നോട്ടുവെച്ചു. രാജ്യം യുദ്ധവെറിയിൽ നീറിപ്പുകയുന്ന അവസ്ഥയിൽ ഉക്രൈൻ താരങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നതിനെക്കുറിച്ച് വിംബിൾഡൺ അധികൃതർ പ്രസ്താവന ഇറക്കുക. പല കാണികൾക്കും എന്താണ് സംഭവമെന്ന് അറിയില്ല. പ്രസ്താവന ഇറക്കിയാൽ കാണികൾ കാര്യം മനസ്സിലാക്കും. കൂവൽ ഒഴിവാക്കാം -അവർ പറഞ്ഞു.
എന്നാൽ ടെന്നിസ് മത്സരങ്ങൾക്കൊടുവിൽ കളിക്കാർ എന്തു ചെയ്യണമെന്നത് അവരുടെ തീരുമാനമാണെന്നും അതിൽ ഇടപെടാനാവില്ലെന്നും വിംബിൾഡൺ അധികൃതർ വിശദീകരിച്ചു. വിംബിൾഡണിനെത്തുന്ന കാണികൾ ബോധമുള്ളവരാണെന്നും അധികൃതർ ന്യായീകരിച്ചു. 2022 ലെ വിംബിൾഡണിൽ റഷ്യ, ബെലാറൂസ് കളിക്കാർക്ക് പ്രവേശനം നിഷേധിച്ച അധികൃതർക്ക് കാണേണ്ടി വന്നത് റഷ്യക്കാരി കിരീടം നേടുന്നതാണ്. എലേന റിബാകീന എന്ന റഷ്യക്കാരി മത്സരിച്ചത് കസാഖിസ്ഥാന്റെ പേരിലാണെന്നു മാത്രം. ഇത്തവണ ക്വാർട്ടറിൽ അഞ്ച് റഷ്യൻ, ബെലാറൂസ് കളിക്കാരുണ്ടായിരുന്നു.
കളിക്കാരുടെയും അധികൃതരുടെയും നിലപാടുകളിലെ ഇരട്ടത്താപ്പാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഉക്രൈൻ കടന്നുപോവുന്ന അവസ്ഥ ആരിലും വേദനയുണ്ടാക്കുമെന്നുറപ്പാണ്. അതിന് ഈ കളിക്കാർ എങ്ങനെയാണ് ഉത്തരവാദികളാവുക എന്നതാണ് ഒന്നാമത്തെ ചോദ്യം. റഷ്യൻ അധിനിവേശത്തെ അവിടത്തെ കളിക്കാർ അപലപിക്കണം എന്നാണ് ഒരു ഘട്ടത്തിൽ ഉയർന്ന ആവശ്യം. നയതന്ത്ര വിഷയങ്ങളിലൊന്നും ഒരു പിടിപാടുമില്ലാത്തവരായിരിക്കും പല കളിക്കാരും. ഇനി റഷ്യയുടെയും അവരെ പിന്താങ്ങുന്ന ബെലാറൂസിന്റെയും നിലപാടുകളിൽ എതിർപ്പുണ്ടെങ്കിൽ പോലും എങ്ങനെയാണ് ഈ കളിക്കാർക്ക് അത് പ്രകടിപ്പിക്കാനാവുക? അവർക്ക് നാട്ടിൽ തിരിച്ചുപോവേണ്ടേ, അവരുടെ കുടുംബം ഈ നാടുകളിലല്ലേ താമസിക്കുന്നത്? അവരുടെ ജീവനും വിലപ്പെട്ടതല്ലേ? ഈ കളിക്കാർ പ്രതിനിധീകരിക്കുന്നത് സ്വന്തത്തെയാണോ, അതോ രാജ്യത്തെയാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ദേശീയ ടീമുകളെ വിലക്കുന്നത് മനസ്സിലാക്കാം. വ്യക്തികളെ വിലക്കുന്നത് എന്തിന്റെ പേരിലാണ്.
അതിനേക്കാൾ വിചിത്രം ഇസ്രായിലിന്റെ കാര്യം വരുമ്പോഴാണ്. വർഷങ്ങളായി ഫലസ്തീനിൽ അധിനിവേശം തുടരുകയാണ് ഇസ്രായിൽ. ഇസ്രായിൽ ആക്രമണങ്ങളുടെ കരളലിയിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലും കണ്ടത്. അതുകൊണ്ട് ഇസ്രായിലി കളിക്കാർക്കെതിരെ കൂവി വിളിക്കാമോ, അവരെ ടൂർണമെന്റുകളിൽ നിന്ന വിലക്കാമോ? ഇസ്രായിലി കളിക്കാരിയെ കളിപ്പിച്ചില്ലെന്നതിന്റെ പേരിൽ ദുബായ് ടെന്നിസ് ടൂർണമെന്റ് വിലക്ക് നേരിട്ടിട്ടുണ്ട്. അവർക്ക് നിലപാട് തിരുത്തേണ്ടി വന്നു. വിവിധ കായിക ഇനങ്ങളിൽ ഇസ്രായിലി കളിക്കാർക്കെതിരെ കളിക്കാതെ മത്സരത്തിൽ നിന്ന് പിന്മാറിയ പല കളിക്കാരും വിലക്ക് പോലും നേരിട്ടു. ഇസ്രായിലിന്റെ അതിക്രമങ്ങൾക്ക് അവിടത്തെ പൗരന്മാർ ഉത്തരവാദികളല്ലെന്ന് ന്യായീകരിക്കാം. അവരുടെ ദേശീയ ടീം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്? സമീപകാലത്ത് ഫിഫ അണ്ടർ-20 ടൂർണമെന്റ് പതിനൊന്നാം മണിക്കൂറിൽ ഇന്തോനേഷ്യയിൽ നിന്ന് മാറ്റി അർജന്റീനയിൽ നടത്തിയത് ഇസ്രായിൽ പങ്കെടുക്കുന്നതിലെ അസ്വാരസ്യം കാരണമാണ്. ടൂർണമെന്റിനായി വർഷങ്ങളായി ഒരുങ്ങിയ ഇന്തോനേഷ്യയുടെ യുവ കളിക്കാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാവാതെ നിരാശരാവേണ്ടി വന്നു.
വിംബിൾഡണിലോ മറ്റു ഗ്രാന്റ്സ്ലാമുകളിലോ ഒരു ഇസ്രായിൽ താരത്തോട് ഇതേ രീതിയിലാണ് അറബ് താരങ്ങളുടെ സമീപനമെങ്കിൽ എന്തായിരിക്കും കോലാഹലം? രാഷ്ട്രീയവും സ്‌പോർട്‌സും കൂട്ടിക്കുഴക്കരുതെന്ന് വാദിക്കാൻ എളുപ്പമാണ്. നടപ്പാക്കുക എളുപ്പമല്ല. അതിക്രമങ്ങളും അധിനിവേശങ്ങളും നമ്മുടെ മനസ്സിനെ അഗാധമായി സ്വാധീനിക്കും. പക്ഷേ അതിന്റെ രോഷം പ്രകടിപ്പിക്കേണ്ടത് അതിന് ഒരു തരത്തിലും കാരണക്കാരല്ലാത്ത വ്യക്തികൾക്കു നേരെയാണോ? റഷ്യയെ ബെലാറൂസ് പിന്തുണച്ചതിൽ അസരെങ്കക്ക് എന്തെങ്കിലും റോളുണ്ടോ? ഇസ്രായിൽ കളിക്കാരായാലും റഷ്യ, ബെലാറൂസ് കളിക്കാരായാലും രാജ്യങ്ങളുടെ അതിക്രമങ്ങൾക്ക് അവർ പ്രതിക്കൂട്ടിൽ കയറേണ്ടതില്ല. ദേശീയ ടീമുകൾ അതാത് രാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത് എന്നതിനാൽ അവർക്കെതിരെ നടപടിയാവാം. ഇതാണ് സ്വീകരിക്കാവുന്ന സമീപനം. പക്ഷേ യൂറോപ്പിന് ഇരട്ടത്താപ്പാണ്. റഷ്യയോട് ഒന്ന്, ഇസ്രായിലിനോട് മറ്റൊന്ന്.