ലണ്ടന്‍ - ടോപ് സീഡ് കാര്‍ലോസ് അല്‍കാരസും നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചും വിംബിള്‍ഡണ്‍ ടെന്നിസിന്റെ ഗ്രാന്റ് ഫൈനലില്‍ ഏറ്റുമുട്ടും. മൂന്നാം സീഡ് ഡാനില്‍ മെദവദേവിനെ അല്‍കാരസ് 6-3, 6-3, 6-3 ന് തോല്പിച്ചു. എട്ടാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറെ ഏകക്ഷീയമായ സെറ്റുകളില്‍ തകര്‍ത്ത് നോവക് ജോകോവിച് തുടര്‍ച്ചയായ അഞ്ചാം വിംബിള്‍ഡണ്‍ കിരീടത്തിന് തൊട്ടടുത്തെത്തി. 6-3, 6-4, 7-6 (7-4) ന് ജയിച്ച നോവക് ഇരുപത്തിനാലാം ഗ്രാന്റ്സ്ലാം കിരീടത്തിലേക്കാണ് മുന്നേറുന്നത്. ഓപണ്‍ യുഗത്തില്‍ സെറീന വില്യംസ് നേടിയ 23 ഗ്രാന്റ്സ്ലാമുകളെ ഇതോടെ നോവക്കിന് മറികടക്കാനാവും. വനിതാ ഫൈനലില്‍ ഇന്ന് തുനീഷ്യക്കാരി ഉന്‍സ് ജാബിര്‍ ചെക് റിപ്പബ്ലിക്കിന്റെ മാര്‍ക്കറ്റ വന്ഡ്രൂസോവയെ നേരിടും.
വിംബിള്‍ഡണില്‍ എട്ടാം കിരീടത്തോടാണ് നോവക് അടുക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ രണ്ട് ഗ്രാന്റ്സ്ലാമായ ഓസ്ട്രേലിയന്‍ ഓപണിലും ഫ്രഞ്ച് ഓപണിലും ചാമ്പ്യനായിരുന്നു സെര്‍ബുകാരന്‍. നേരിട്ട ആറ് ബ്രെയ്ക്പോയന്റുകളും അതിജീവിച്ച മുപ്പത്താറുകാരന് ഒമ്പതാം തവണയാണ് വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്. മുപ്പത്തഞ്ചാം ഗ്രാന്റ്സ്ലാം ഫൈനല്‍ കൂടിയാണ് ഇത്. വിംബിള്‍ഡണില്‍ റോജര്‍ ഫെദരര്‍ എട്ടും മാര്‍ടിന നവരത്തിലോവ ഒമ്പതും കിരീടങ്ങള്‍ നേടിയിട്ടുണ്ട്.






