വീണ്ടും അശ്വിന്‍, മൂന്നാം  ദിനം വിന്‍ഡീസ് വീണു

റൂസൊ - വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മൂന്നു ദിവസത്തിനകം ഇന്ത്യ ഇന്നിംഗ്‌സിനും 141 റണ്‍സിനും ജയിച്ചു. 21 വര്‍ഷമായി വിന്‍ഡീസിനോട് ടെസ്റ്റില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി. രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യയുടെ അരങ്ങേറ്റ ഓപണര്‍ യശസ്വി ജയ്‌സ്വാളിന്റെ സ്‌കോറിനൊപ്പം പോലും എത്താന്‍ ആതിഥേയര്‍ക്കു സാധിച്ചില്ല. ഇന്ത്യ അഞ്ചിന് 421 ല്‍ ഡിക്ലയര്‍ ചെയ്തതോടെ 271 റണ്‍സിന് പിന്നിലായാണ് വിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. 130 ന് അവര്‍ ഓളൗട്ടായി. പുതുമുഖം അലിക് അതനാസെയാണ് (28) രണ്ടാം ഇന്നിംഗ്‌സിലും ടോപ്‌സ്‌കോറര്‍. ആര്‍. അശ്വിന്‍ ഏഴു വിക്കറ്റെടുത്തു. രണ്ട് ഇന്നിംഗ്‌സിലുമായി 12 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ അശ്വിനെ പുറത്തിരുത്തിരുന്നു. രവീന്ദ്ര ജദേജക്ക് രണ്ടു വിക്കറ്റ് കിട്ടി. രണ്ടു മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. 
യശസ്വി ജയ്‌സ്വാളിന്റെ മാരത്തണ്‍ സെഞ്ചുറിയും (171) ഓപണിംഗ് കൂട്ടാളി രോഹിത് ശര്‍മയുടെയും (102) മുന്‍ നായകന്‍ വിരാട് കോലിയുടെയും (76 നോട്ടൗട്ട്) ഇന്നിംഗ്‌സോടെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 400 പിന്നിട്ടു. ആറ് വിക്കറ്റ് ശേഷിക്കെ ലീഡ് 250 കടന്നു. രണ്ടിന് 312 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് ജയ്‌സ്വാളിനെയും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് (3) നഷ്ടപ്പെട്ടത്. 387 പന്ത് നേരിട്ട് ഒരു സിക്‌സറും 16 ബൗണ്ടറിയും പറത്തിയ ജയ്‌സ്വാളിനെ അള്‍സാരി ജോസഫാണ് പുറത്തക്കിയത്. കെമാര്‍ റോച്ചിന്റെ പന്തില്‍ രഹാനെ കവറില്‍ ക്യാച്ച് നല്‍കി. രവീന്ദ്ര ജദേജയാണ് കോലിക്ക് കൂട്ട്. നേരിട്ട 81ാമത്തെ പന്തിലായിരുന്നു കോലിയുടെ ആദ്യ ബൗണ്ടറി. 
ബാറ്റിംഗും ബൗളിംഗും പ്രയാസകരവും ഔട്ഫീല്‍ഡില്‍ പന്ത് ഇഴയുന്നതുമായ ഗ്രൗണ്ടില്‍ ഇന്ത്യ സാവധാനമാണ് മുന്നേറിയത്. ഓപണിംഗ് വിക്കറ്റില്‍ രോഹിതും ജയ്‌സ്വാളും 229 റണ്‍സ് ചേര്‍ത്തു. ഏഷ്യക്കു പുറത്ത് ഇന്ത്യയുടെ ഉയര്‍ന്ന ഓപണിംഗ് കൂട്ടുകെട്ടാണ് ഇത്. ഒമ്പത് കളിക്കാര്‍ വിന്‍ഡീസിനു വേണ്ടി പന്തെറിഞ്ഞു. അരങ്ങേറ്റക്കാരന്‍ അലിക് അതനാസെയാണ് രോഹിതിനെ പുറത്താക്കിയത്. പത്താം സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം അടുത്ത പന്തില്‍ പുറത്തായി. വണ്‍ ഡൗണായി ഇറങ്ങാന്‍ താല്‍പര്യം കാണിച്ച ശുഭ്മന്‍ ഗില്‍ ആറ് റണ്‍സെടുത്ത് മടങ്ങി. 

Latest News