മേജര്‍ ലീഗ് ക്രിക്കറ്റിന് ആവേശത്തുടക്കം

ഡാളസ് - അമേരിക്കയില്‍ ആഭ്യന്തര ക്രിക്കറ്റിന് ജനപിന്തുണയാര്‍ജിക്കാനുള്ള പുതിയ ശ്രമത്തിന് ആവേശത്തുടക്കം. ടെക്‌സസില്‍ ആരംഭിച്ച മേജര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന് വന്‍ ജനക്കൂട്ടമെത്തി. ആദ്യ മത്സരത്തില്‍ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ് 69 റണ്‍സിന് ലോസ്ആഞ്ചലസ് റൈഡേഴ്‌സിനെ തോല്‍പിച്ചു. ബെയ്‌സ്‌ബോള്‍ സ്റ്റേഡിയം വന്‍ തുക മുടക്കിയാണ് ക്രിക്കറ്റ് സ്റ്റേഡിയമായി മാറ്റിയെടുത്തത്. മറ്റ് ട്വന്റി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളുടെ എല്ലാ ആവേശവും ഒത്തിണങ്ങിയതായിരുന്നു ടൂര്‍ണമെന്റ്. അമേരിക്കന്‍ കളിക്കാര്‍ക്കൊപ്പം ഇന്റര്‍നാഷനല്‍ കളിക്കാരും അണിനിരന്നതോടെ നിലവാരമുള്ള മത്സരത്തിനാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. 
തട്ടിക്കൂട്ടിയ കളിക്കളങ്ങളില്‍ ഒന്നോ രണ്ടോ മത്സരം സംഘടിപ്പിച്ച് അമേരിക്കയില്‍ ക്രിക്കറ്റ് ജനപ്രിയമാക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ കളിക്കാരായ റസ്റ്റി തെറോണ്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ കളിച്ചു. മേജര്‍ ലീഗ് ക്രിക്കറ്റിന് നാല് ഐ.പി.എല്‍ ടീമുകളുടെ പിന്തുണയുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് ടീം ഇന്നലെ കളത്തിലിറങ്ങി. ഇംഗ്ലണ്ട് ഓപണര്‍ ജെയ്‌സന്‍ റോയ്, ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ആരണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കന്‍ പെയ്‌സ്ബൗളര്‍ കഗീസൊ റബാദ, വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേന്‍ എന്നിവര്‍ വിവിധ ടീമുകള്‍ക്കായി അണിനിരക്കുന്നു. 

Latest News