ബാങ്കോക്ക് - ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍പാല്‍ തൂര്‍ സ്വര്‍ണം നിലനിര്‍ത്തി. 20.23 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണമുറപ്പാക്കിയതിനു പിന്നാലെ തേജീന്ദര്‍ പരിക്കേറ്റ് മടങ്ങി. ലോക ചാമ്പ്യന്‍ഷിപ്പിന് ഒരു മാസം ശേഷിക്കെ തൂറിന്റെ പരിക്ക് ആശങ്കയുയര്‍ത്തി. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് തൂര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 2022 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും പരിക്ക് കാരണം തൂര്‍ പങ്കെടുത്തിരുന്നില്ല. ടോക്കിയൊ ഒളിംപിക്‌സിനു ശേഷം ത്രോ ചെയ്യുന്ന കൈയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇറാന്റെ സാബിര്‍ മെഹ്ദിയും (19.98 മീ.) കസാഖിസ്ഥാന്റെ ഇവാന്‍ ഇവാനോവും (19.87 മീ.) വെള്ളിയും വെങ്കലവും കരസ്ഥമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുമ്പ് രണ്ട് പേര്‍ മാത്രമേ ഷോട്ട്പുട്ടില്‍ സ്വര്‍ണം നിലനിര്‍ത്തിയിട്ടുള്ളൂ. ഖത്തറിന്റെ ബിലാല്‍ സഅദ് മുബാറക് രണ്ടു തവണ ഈ നേട്ടം കൈവരിച്ചു, 1995 ലും 1998 ലും പിന്നീട് 2002 ലും 2003 ലും. കുവൈത്തിന്റെ മുഹമ്മദ് ഗരീബ് അല്‍സിങ്കാവി 1979, 1981, 1983 വര്‍ഷങ്ങളില്‍ ചാമ്പ്യനായിരുന്നു.






