ലോകകപ്പ് വിഹിതം: ഏഷ്യയില്‍ ഏറ്റവുമധികം സൗദി ക്ലബ്ബുകള്‍ക്ക്

ജനീവ - തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫുട്‌ബോളിലും കളിക്കാരെ വിട്ടുകൊടുത്തതിനുള്ള വിഹിതം ഏറ്റവുമധികം ലഭിച്ച ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി. മൊത്തം 20.9 കോടി ഡോളറില്‍ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ക്ക് 46 ലക്ഷം ഡോളര്‍ ലഭിച്ചു. ആഫ്രിക്കന്‍ വന്‍കരയിലെ ക്ലബ്ബുകള്‍ക്ക് മൊത്തം ലഭിച്ചതിനെക്കാള്‍ കൂടുതലാണ് ഇത്. ആഫ്രിക്കയില്‍ നിന്ന് അഞ്ച് ടീമുകള്‍ ലോകകപ്പിനുണ്ടായിരുന്നു. ലോകകപ്പിന് കളിക്കാരെ വിട്ടുകൊടുത്ത 18 ആഫ്രിക്കന്‍ ക്ലബ്ബുകള്‍ക്ക് ആകെ കിട്ടിയത് 45.7 ലക്ഷം ഡോളറാണ്. 
51 രാജ്യങ്ങളിലെ 440 ക്ലബ്ബുകള്‍ക്ക് ലോകകപ്പ് വിഹിതം ലഭിച്ചു. ലോകത്തെ ഏറ്റവും പ്രമുഖ കളിക്കാര്‍ ഏതാനും വന്‍കിട ക്ലബ്ബുകളിലാണെന്ന് സൂചന നല്‍കുന്നതാണ് ലോകകപ്പ് വിഹിതത്തിന്റെ പട്ടിക. യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കാണ് ഏറ്റവും വലിയ വിഹിതം ലഭിച്ചത്, 15.9 കോടി ഡോളര്‍. മൊത്തം ഫണ്ടിന്റെ 76 ശതമാനം. ഇംഗ്ലണ്ടിലെ മാത്രം ക്ലബ്ബുകള്‍ക്ക് 3.77 കോടി ഡോളര്‍ കിട്ടി. പെലെയും നെയ്മാറുമൊക്കെ കളിച്ച സാന്റോസിന് വെറും 15,513 ഡോളര്‍ ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിലെ അഞ്ചാം ഡിവിഷന്‍ ലീഗ് ടീമായ ബോര്‍ഹാംവുഡിന് 31,026 ഡോളര്‍ കിട്ടി, സാന്റോസിന്റെ ഇരട്ടി. 
837 കളിക്കാരാണ് ലോകകപ്പിനായി ഖത്തറിലെത്തിയത്. ഒരു ദിവസത്തെ കളിക്ക് 10,950 ഡോളര്‍ എന്ന നിരക്കിലാണ് ഫിഫ പ്രതിഫലം കണക്കാക്കിയത്. ഓരോ ടീമിന്റെയും അവസാനത്തെ കളിയുടെ ദിനം വരെയാണ് പ്രതിഫലം കണക്കാക്കിയത്. 2020-21 സീസണ്‍ മുതല്‍ ഒരു കളിക്കാരന്‍ ഏത് ക്ലബ്ബിലാണ് എന്നതാണ് പരിഗണിച്ചത്. 
ചാമ്പ്യന്മാരായ അര്‍ജന്റീനാ ടീമിലെ യൂലിയന്‍ അല്‍വരേസും ഡിഫന്റര്‍ നിക്കൊളാസ് ഓടാമെണ്ടിയും ലോകകപ്പ് കാലത്ത് സിറ്റി കളിക്കാരായിരുന്നു. ഇംഗ്ലണ്ട് ടീമിലെ ആറു  പേരും ബെല്‍ജിയം പ്ലേമേക്കര്‍ കെവിന്‍ ഡിബ്രൂയ്‌നെയും സിറ്റി കുപ്പായമിടുന്നവരാണ്. 2019 ലെ ലോകകപ്പില്‍ സിറ്റിക്ക് വിഹിതമായി ലഭിച്ചത് 50 ലക്ഷം ഡോളറാണ്. 
ഇത്തവണ പട്ടികയില്‍ രണ്ടാമത് ബാഴ്‌സലോണയാണ്-45.4 ലക്ഷം ഡോളര്‍. അതില്‍ ലിയണല്‍ മെസ്സി കളിച്ച 2020-21 കാലഘട്ടത്തിലെ പ്രതിഫലവും ബാഴ്‌സലോണയുടെ കണക്കിലാണ്. 43 ലക്ഷം ഡോളറാണ് ബയേണ്‍ മ്യൂണിക്കിന് കിട്ടിയത്. അവരുടെ നാല് കളിക്കാര്‍ റണ്ണേഴ്‌സ്അപ്പായ ഫ്രാന്‍സ് ടീമിലുണ്ട്. ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും 27 ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്ക് വിഹിതം ലഭിച്ചു-1.87 കോടി ഡോളര്‍. ഫ്രാന്‍സിന്റെ അഡ്രിയന്‍ റാബിയൊ, അര്‍ജന്റീനയുടെ എയിംഗല്‍ ഡി മരിയ, ലിയാന്ദ്രൊ പരേദേസ്, പൗളൊ ദിബാല എന്നിവര്‍ കളിച്ച യുവന്റസിനാണ് കൂടുതല്‍. അതേസമയം അര്‍ജന്റീനയിലെ ഐതിഹാസികമായ ബൊക്ക ജൂനിയേഴ്‌സിന് ലഭിച്ചത് 33000 ഡോളര്‍ മാത്രം, അര്‍ജന്റീനയുടെ നെഹൂല്‍ മോളിന കുറച്ചുകാലം ബൊക്കയിലായിരുന്നതിന്റെ കണക്കില്‍. 
ഏഷ്യയില്‍ ഏറ്റവുമധികം പ്രതിഫലം ലഭിച്ചത് സൗദി ക്ലബ്ബുകള്‍ക്കാണ് -66 ലക്ഷം ഡോളര്‍. ഖത്തര്‍ ക്ലബ്ബുകള്‍ക്ക് 63 ലക്ഷം ഡോളര്‍ കിട്ടി. മൊറോക്കൊ സെമിഫൈനലിലെത്തിയെങ്കിലും രണ്ട് മൊറോക്കന്‍ ക്ലബ്ബുകള്‍ക്കേ ഫിഫ വിഹിതം ലഭിച്ചുള്ളൂ. സെനഗാല്‍ ടീമിലെ 27 കളിക്കാരും അവിടത്തെ ജനറേഷന്‍ ഫൂട് എന്ന ക്ലബ്ബില്‍ കളിച്ചിരുന്നു. 


അജയ്യനായി ജയ്‌സ്വാള്‍,
ഇന്ത്യ വന്‍ ലീഡിലേക്ക്

റൂസൊ - യശസ്വി ജയ്‌സ്വാളിന്റെ അരങ്ങേറ്റ സെഞ്ചുറിക്ക് പിന്നാലെ (143 നോട്ടൗട്ട്) ഓപണിംഗ് കൂട്ടാളി രോഹിത് ശര്‍മയും (102) സെഞ്ചുറിയടിച്ചതോടെ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ ലീഡിലേക്ക്. രണ്ടാം ദിനം രണ്ടിന് 312 ലാണ് ഇന്ത്യ കളി നിര്‍ത്തിയത്. എട്ട് വിക്കറ്റ് ശേഷിക്കെ 162 റണ്‍സിന്റെ ലീഡ്. ബാറ്റിംഗും ബൗളിംഗും പ്രയാസകരവും ഔട്ഫീല്‍ഡില്‍ പന്ത് ഇഴയുന്നതുമായ ഗ്രൗണ്ടില്‍ ഇന്ത്യ സാവധാനമാണ് മുന്നേറിയത്. ഓപണിംഗ് വിക്കറ്റില്‍ രോഹിതും ജയ്‌സ്വാളും 229 റണ്‍സ് ചേര്‍ത്തു. ഏഷ്യക്കു പുറത്ത് ഇന്ത്യയുടെ ഉയര്‍ന്ന ഓപണിംഗ് കൂട്ടുകെട്ടാണ് ഇത്. ഒമ്പത് കളിക്കാര്‍ അവര്‍ക്കു വേണ്ടി പന്തെറിഞ്ഞു. അരങ്ങേറ്റക്കാരന്‍ അലിക് അതനാസെയാണ് രോഹിതിനെ പുറത്താക്കിയത്. ആദ്യ സെഷനില്‍ 32 ഓവറില്‍ 66 റണ്‍സ് നേടാനേ ഇന്ത്യന്‍ ഓപണര്‍മാര്‍ക്ക് സാധിച്ചുള്ളൂ. 
രോഹിതിന്റെ പത്താം സെഞ്ചുറിയാണ് ഇത്. അടുത്ത പന്തില്‍ പുറത്തായി. വണ്‍ ഡൗണായി ഇറങ്ങാന്‍ താല്‍പര്യം കാണിച്ച ശുഭ്മന്‍ഗില്‍ ആറ് റണ്‍സെടുത്ത് പുറത്തായി. ജോമല്‍ വാരികാന്റെ പന്തില്‍ അതസാനെ പിടിച്ചു. ലഞ്ചിനു ശേഷം 99 റണ്‍സും ചായക്കു ശേഷം 67 റണ്‍സുമാണ് ഇന്ത്യ അടിച്ചെടുത്തത്. വിരാട് കോലി 36 റണ്‍സുമായി ക്രീസിലുണ്ട്. നേരിട്ട 81ാമത്തെ പന്തിലായിരുന്നു കോലിയുടെ ആദ്യ ബൗണ്ടറി. 
 

Latest News