അജയ്യനായി ജയ്‌സ്വാള്‍, ഇന്ത്യ വന്‍ ലീഡിലേക്ക്

റൂസൊ - യശസ്വി ജയ്‌സ്വാളിന്റെ അരങ്ങേറ്റ സെഞ്ചുറിക്ക് പിന്നാലെ (143 നോട്ടൗട്ട്) ഓപണിംഗ് കൂട്ടാളി രോഹിത് ശര്‍മയും (102) സെഞ്ചുറിയടിച്ചതോടെ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ ലീഡിലേക്ക്. രണ്ടാം ദിനം രണ്ടിന് 312 ലാണ് ഇന്ത്യ കളി നിര്‍ത്തിയത്. എട്ട് വിക്കറ്റ് ശേഷിക്കെ 162 റണ്‍സിന്റെ ലീഡ്. ബാറ്റിംഗും ബൗളിംഗും പ്രയാസകരവും ഔട്ഫീല്‍ഡില്‍ പന്ത് ഇഴയുന്നതുമായ ഗ്രൗണ്ടില്‍ ഇന്ത്യ സാവധാനമാണ് മുന്നേറിയത്. ഓപണിംഗ് വിക്കറ്റില്‍ രോഹിതും ജയ്‌സ്വാളും 229 റണ്‍സ് ചേര്‍ത്തു. ഏഷ്യക്കു പുറത്ത് ഇന്ത്യയുടെ ഉയര്‍ന്ന ഓപണിംഗ് കൂട്ടുകെട്ടാണ് ഇത്. ഒമ്പത് കളിക്കാര്‍ അവര്‍ക്കു വേണ്ടി പന്തെറിഞ്ഞു. അരങ്ങേറ്റക്കാരന്‍ അലിക് അതനാസെയാണ് രോഹിതിനെ പുറത്താക്കിയത്. ആദ്യ സെഷനില്‍ 32 ഓവറില്‍ 66 റണ്‍സ് നേടാനേ ഇന്ത്യന്‍ ഓപണര്‍മാര്‍ക്ക് സാധിച്ചുള്ളൂ. 
രോഹിതിന്റെ പത്താം സെഞ്ചുറിയാണ് ഇത്. അടുത്ത പന്തില്‍ പുറത്തായി. വണ്‍ ഡൗണായി ഇറങ്ങാന്‍ താല്‍പര്യം കാണിച്ച ശുഭ്മന്‍ഗില്‍ ആറ് റണ്‍സെടുത്ത് പുറത്തായി. ജോമല്‍ വാരികാന്റെ പന്തില്‍ അതസാനെ പിടിച്ചു. ലഞ്ചിനു ശേഷം 99 റണ്‍സും ചായക്കു ശേഷം 67 റണ്‍സുമാണ് ഇന്ത്യ അടിച്ചെടുത്തത്. വിരാട് കോലി 36 റണ്‍സുമായി ക്രീസിലുണ്ട്. നേരിട്ട 81ാമത്തെ പന്തിലായിരുന്നു കോലിയുടെ ആദ്യ ബൗണ്ടറി. 
 

Latest News