ഫൈനലിലെ തോല്‍വിക്ക് പകരം ചോദിച്ച് ഉന്‍സ്

ലണ്ടന്‍ - കഴിഞ്ഞ ഫൈനലിലെ വേദനാജനകമായ തോല്‍വിക്ക് പകരം ചോദിച്ച് തുനീഷ്യക്കാരി ഉന്‍സ് ജാബിര്‍ വിംബിള്‍ഡണ്‍ ടെന്നിസിന്റെ വനിതാ സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ആവര്‍ത്തനമായ ക്വാര്‍ട്ടറില്‍ ടൈേേബ്രക്കറില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം നിലവിലെ ചാമ്പ്യന്‍ എലേന റിബാകീനക്കെതിരെ ആറാം സീഡ് തിരിച്ചടിക്കുകയായിരുന്നു. അമേരിക്കക്കാരി മാഡിസന്‍ കീസിനെ നേരിട്ടുള്ള സെറ്റുകളില്‍ പറഞ്ഞുവിട്ട രണ്ടാം സീഡ് അരീന സബലെങ്കയെയാണ് ഉന്‍സ് സെമിയില്‍ നേരിടുക. 
രണ്ടാം സെറ്റിലെ പത്താം ഗെയിം വരെ ഒപ്പത്തിനൊപ്പം മുന്നേറിയ ശേഷമാണ് റിബാകീനക്ക് ചുവട് പിഴച്ചത്. 6-7 (5/7), 6-4, 6-1 ന് ഉന്‍സ് ജയിച്ചു. മൂന്നാം സെറ്റില്‍ 3-0 ന് മുന്നിലെത്തിയ തുനീഷ്യക്കാരി കളിയുടെ നിയന്ത്രണം പിടിച്ചു. 
സബലെങ്ക രണ്ടാം തവണയാണ് വിംബിള്‍ഡണ്‍ സെമി ഫൈനലിലെത്തിയത് (6-2, 6-4). ബെലാറൂസുകാരി 2021 ലാണ് ആദ്യം വിംബിള്‍ഡണില്‍ സെമി കണ്ടത്. റഷ്യന്‍, ബെലാറൂസ് കളിക്കാരെ വിലക്കിയതിനാല്‍ 2022 ലെ വിംബിള്‍ഡണില്‍ സബലെങ്കക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 
പുരുഷ ക്വാര്‍ട്ടറിലെ ഇരുപതുകാര്‍ തമ്മിലുള്ള പോരാട്ടത്തിലെ നിലവിലെ ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍കാരസ് ആറാം സീഡ് ഹോള്‍ഗര്‍ റൂണിനെ തോല്‍പിച്ചു. അമേരിക്കന്‍ താരം ക്രിസ്റ്റി യൂബാങ്ക്‌സിനെ അഞ്ച് സെറ്റില്‍ മറികടന്ന് മൂന്നാം സീഡ് ഡാനില്‍ മെദവദേവും സെമിഫൈനലിലെത്തി. എട്ടാം സീഡ് യാനിക് സിന്നര്‍ സയ്ഫുലിനെയും നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ച് ഏഴാം സീഡ് ആന്ദ്രെ റൂബലേവിനെയും തോല്‍പിച്ചു.
 

Latest News