കൊച്ചി - കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹന്‍ബഗാന്‍ ജയന്റ്‌സില്‍ ചേരുന്ന ഫുട്‌ബോളര്‍ സഹല്‍ അബ്ദുല്‍സമദിന് ജീവിതത്തിലും പുതിയ കാല്‍വെയ്പ്. കഴിഞ്ഞ ജൂലൈയില്‍ വിവാഹനിശ്ചയം കഴിഞ്ഞ് ജീവിതത്തിലേക്ക് ചേര്‍ക്കാന്‍ തീരുമാനിച്ച ബാഡ്മിന്റണ്‍ താരം റിസ ഫര്‍ഹത്തിനെ സഹല്‍ വിവാഹം കഴിച്ചു. പ്രിതം കോടാലിനെയും സഹലിനെയും പരസ്പരം കൈമാറി ബഗാനും ബ്ലാസ്റ്റേഴ്‌സും ഇന്നലെയാണ് ധാരണയിലെത്തിയത്. പ്രിതം കോടാലിനൊപ്പം ഒന്നരക്കോടി രൂപയും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. ബഗാന്റെ ക്യാപ്റ്റനായിരുന്നു കോടാല്‍. സഹലിന് ഓരോ സീസണിലും രണ്ടരക്കോടി രൂപ പ്രതിഫലം ലഭിക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇരുകൂട്ടര്‍ക്കും സമ്മതമാണെങ്കില്‍ രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാം.
ഇന്ത്യന്‍ ഫുട്‌ബോളിന് കേരളത്തിന്റെ സംഭാവനയായിരുന്നു സഹല്‍. 'എന്റെ പങ്കാളിയെ കണ്ടെത്തി, കാര്യങ്ങള്‍ ഔദ്യോഗികമാക്കി' എന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. കെ.പി രാഹുല്‍, ഗോള്‍കീപ്പര്‍ സചിന്‍ സുരേഷ് തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ വധൂ വരന്മാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലുണ്ട്.
ഇരുപത്താറുകാരനായ സഹലും ഇരുപത്തൊമ്പതുകാരനും ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളാണ്. സഹല്‍ രണ്ടു ദിവസം മുമ്പ് കരാറൊപ്പിട്ടു കഴിഞ്ഞു. ഇന്നലെയാണ് കോടാല്‍ കരാറില്‍ ഒപ്പ് ചാര്‍ത്തിയത്. അനിരുദ്ധ് ഥാപ്പയെ ചെന്നൈയനില്‍ നിന്ന് കൊണ്ടുവന്ന ബഗാന്‍ അടുത്ത സീസണില്‍ ഥാപ്പ-സഹല്‍ കൂട്ടുകെട്ടില്‍ ടീമിനെ കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് കോടാല്‍.
സഹലിനും ഥാപ്പക്കും പുറമെ ഓസ്‌ട്രേലിയന്‍ ലോകകപ്പ് താരം ജെയ്‌സന്‍ കമിംഗ്‌സ്, ഇന്ത്യന്‍ ഡിഫന്റര്‍ അന്‍വര്‍ അലി, അല്‍ബേനിയന്‍ സ്‌ട്രൈക്കര്‍ അര്‍മന്‍ഡൊ സാദിഖു എന്നിവരെയും ബഗാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രബീര്‍ ദാസും ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ് ജൗഷ്വ സോടീരിയൊ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നു.






