റിയാദ് - ബോക്സറും മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ടിസ്റ്റും തമ്മിലുള്ള മറ്റൊരു ഹൈ ലെവല്‍ ബോക്സിംഗ് പോരാട്ടത്തിന് സൗദി അറേബ്യ വേദിയാവുന്നു. ഹെവിവെയ്റ്റ് ചാമ്പ്യന്‍ ടൈസന് ഫുറിയും മുന്‍ യു.എഫ്.സി ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഫ്രാന്‍സിസ് എന്‍ഗാനുവും തമ്മിലുള്ള പോരാട്ടത്തിന് ഒക്ടോബര്‍ 28 ന് റിയാദ് വേദിയൊരുക്കും. സാധാരണ ബോക്സിംഗ് മത്സരങ്ങള്‍ നടക്കുന്ന റിംഗിലും ബോക്സിംഗ് ചട്ടങ്ങളനുസരിച്ചുമായിരിക്കും പോരാട്ടം. മൂന്ന് റിംഗ് സൈഡ് ജഡ്ജിമാര്‍ 10 പോയന്റ് സ്കോറിംഗ് സിസ്റ്റത്തിലായിരിക്കും പോയന്റുകള്‍ നിശ്ചയിക്കുക. ഫുറി ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ഡബ്ല്യു.ബി.സി ഹെവിവെയ്റ്റ് കിരീടത്തിനു വേണ്ടിയായിരിക്കില്ല പോരാട്ടമെന്ന് പ്രമോട്ടര്‍ ടോപ് റാങ്ക് സൂചിപ്പിച്ചു.
കനത്ത വിവാദവുമായി എന്‍ഗാനു യു.എഫ്.സി വിട്ട ശേഷം ഫുറിയുമായുള്ള പോരാട്ടത്തെക്കുറിച്ച് ഒരു വര്‍ഷത്തോളമായി ചര്‍ച്ച നടക്കുന്നുണ്ട്. സൗദിയുടെ എന്റര്ടയ്ന്മെന്റ്, സ്പോര്‍ട്സ് ഫെസ്റ്റിവലായ റിയാദ് സീസണാണ് പോരാട്ടത്തിന് വേദിയൊരുക്കാന്‍ ഒടുവില്‍ മുന്നോട്ടുവന്നത്.
2015 ല്‍ വ്ലാദിമിര്‍ ക്ലീഷ്കോയെ അട്ടിമറിച്ച് ഫുറി ഏകീകൃത ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തോളം റിംഗിലിറങ്ങാതിരുന്നതോടെ കിരീടം നഷ്ടപ്പെട്ടു. 2020 ലാണ് മുപ്പത്തിനാലുകാരന് ഡബ്ല്യു.ബി.സി ഹെവിവെയ്റ്റ് കിരീടം വീണ്ടെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിലിയന്‍ വൈറ്റിനെയും ഡെറക് ചിസോറയെയും തോല്പിച്ചു. 34 പോരാട്ടങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇംഗ്ലിഷുകാരന്‍ തോറ്റത്. നിലവിലെ ഏകീകൃക ഹെവിവെയ്റ്റ് ചാമ്പ്യന്‍ ഒലക്സാണ്ടര്‍ ഒസിക്കുമായി ഏറ്റുമുട്ടുന്നതിനെക്കുറിച്ച ചര്‍ച്ച നടന്നിരുന്നുവെങ്കിലും അലസിപ്പോയി.
മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ 20 പോരാട്ടങ്ങളില്‍ പതിനേഴും ജയിച്ച എന്‍ഗാനു പ്രൊഫഷനല്‍ ബോക്സിംഗില്‍ അരങ്ങേറുകയാണ്. കാമറൂണില്‍ ജനിച്ച ഫ്രഞ്ചുകാരന് അമേരിക്കയിലെ ലാസ് വെഗാസിലാണ് ജീവിക്കുന്നത്. 2021 ല്‍ യു.എഫ്.സിയിലെ ആദ്യ ആഫ്രിക്കന്‍ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു. സിറില്‍ ഗാനെയെ തോല്പിച്ച് കഴിഞ്ഞ വര്‍ഷം കിരീടം നിലനിര്‍ത്തി. ഫുറിയുമായുള്ള പോരാട്ടത്തിനായി മുപ്പത്താറുകാരന് മൂന്നു വര്‍ഷമായി കാത്തിരിക്കുന്നു. ആദ്യമായാണ് മത്സര രംഗത്ത് തുടരുന്ന നിലവിലെ ചാമ്പ്യന്‍ യു.എഫ്.സിയില്‍ നിന്ന് പിന്മാറുന്നത്. രണ്ട് പതിറ്റാണ്ടോളം യു.എഫ്.സിയിലെ അനിഷേധ്യ നാമമായിരുന്നു എന്‍ഗാനു.
2017 ല്‍ ഫ്ളോയ്ഡ് മെയ്വെതറും കോണര്‍ മക്ഗ്രിഗറും ഏറ്റുമുട്ടിയതു മുതല്‍ ബോക്സര്‍മാരും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും തമ്മിലുള്ള പോരാട്ടം പതിവാകുകയാണ്. രണ്ട് തവണ ഒളിംപിക് ബോക്സിംഗ് ചാമ്പ്യനായ ക്ലാരിസ ഷീല്‍ഡ്സ് ബോക്സിംഗിന് സമാന്തരമായി എം.എം.എ കരിയര്‍ ആരംഭിക്കാന്‍ ശ്രമം നടത്തിയവരിലൊരാളാണ്.






