രോഹന്‍ കുന്നുമ്മല്‍  സൗത്ത് വൈസ് ക്യാപ്റ്റന്‍

മുംബൈ - ദേവ്ധര്‍ ട്രോഫി ക്രിക്കറ്റിനുള്ള ദക്ഷിണ മേഖലാ ടീമിനെ കര്‍ണാടക ഓപണര്‍ മായാങ്ക് അഗര്‍വാള്‍ നയിക്കും. മലയാളി ബാറ്റര്‍ രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. മലയാളി ഇടങ്കൈന്‍ സ്പിന്നര്‍ സിജോമോന്‍ ജോസഫ്, കര്‍ണാടകയുടെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കല്‍, സചിന്‍ ടെണ്ടുല്‍ക്കറുടെ പുത്രന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും ടീമിലുണ്ട്. 
കഴിഞ്ഞ സീസണുകളില്‍ തമിഴ്‌നാടിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സായ് കിഷോറും എന്‍. ജഗദീഷനും ടീമില്‍ സ്ഥാനം പിടിച്ചു. രോഹിത് രായുഡു, കെ.ബി അരുണ്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും പതിനഞ്ചംഗ നിരയിലുണ്ട്. അര്‍ജുന്‍ കഴിഞ്ഞ വര്‍ഷമാണ് മുംബൈയില്‍ നിന്ന് ഗോവയിലേക്ക് മാറിയത്. ആദ്യമായാണ് സൗത്ത് സോണ്‍ ടീമിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഗോവക്കു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ അര്‍ജുന്‍ സെഞ്ചുറിയടിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും അരങ്ങേറി. നാല് കളികളില്‍ മൂന്നു വിക്കറ്റെടുത്തു. 
ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസിലുള്ള കെ.എസ് ഭരതിനെ റിസര്‍വ് വിക്കറ്റ്കീപ്പറായി ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ജഗദീഷനും റിക്കി ഭുയിയുമാണ് മറ്റു കീപ്പര്‍മാര്‍. ഓള്‍റൗണ്ടര്‍ വിജയ്ശങ്കറിനെ തഴഞ്ഞു. 

Latest News