ദുബായ് - പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദികള്‍ സംബന്ധിച്ച് ധാരണയായി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായ സാഖ അശ്‌റഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വേദികള്‍ തീരുമാനിച്ചത്. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ ഐ.സി.സി ബോര്‍ഡ് യോഗത്തിന് എത്തിയതായിരുന്നു ഇരുവരും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ശ്രീലങ്കയിലെ ദംബുല്ലയിലായിരിക്കും. ഏഷ്യാ കപ്പ് മത്സരങ്ങള്‍ കാണാനുള്ള സാഖ അശ്‌റഫിന്റെ ക്ഷണം ജയ് ഷാ സ്വീകരിച്ചുവെന്ന പാക്കിസ്ഥാന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഇഹ്‌സാന്‍ മസരിയുടെ പ്രസ്താവന ബി.സി.സി.ഐ പിന്നീട് നിഷേധിച്ചു.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പാക്കിസ്ഥാന് അനുവദിച്ച ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് രണ്ട് രാജ്യങ്ങളിലായി നടത്താന്‍ സ്ഥാനമൊഴിഞ്ഞ പി.സി.ബി അധ്യക്ഷന്‍ നജാം സേത്തി സമ്മതിച്ചതിനെ നേരത്തെ സാഖ അശ്‌റഫ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ നാലു മത്സരങ്ങള്‍ മാത്രമേ പാക്കിസ്ഥാനില്‍ നടക്കൂ. ഫൈനലുള്‍പ്പെടെ ഒമ്പത് കളികളും ശ്രീലങ്കയിലാണ്. സെപ്റ്റംബര്‍ 17 നാണ് ഫൈനല്‍.
ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രണ്ടു തവണ ഏറ്റുമുട്ടും. ഇരു രാജ്യങ്ങളും ഫൈനലിലെത്തുകയാണെങ്കില്‍ മൂന്നു മത്സരങ്ങളുണ്ടാവും. പാക്കിസ്ഥാന്റെ ഒരേയൊരു ഹോം മത്സരം നേപ്പാളിനെതിരെയായിരിക്കും. അഫ്ഗാനിസ്ഥാന്‍xബംഗ്ലാദേശ്, ബംഗ്ലാദേശ്xശ്രീലങ്ക, ശ്രീലങ്കxഅഫ്ഗാനിസ്ഥാന്‍ മത്സരങ്ങള്‍ക്കും പാക്കിസ്ഥാന്‍ വേദിയാവും.






