Sorry, you need to enable JavaScript to visit this website.

തെരുവിലേക്ക് വരൂ, ഈ ഫ്രഞ്ച് മഴവില്‍ ആഘോഷിക്കാം

1998 ലെ ഫ്രാന്‍സിന്റെ ലോകകപ്പ് വിജയം ആഘോഷിക്കാതിരുന്ന തീവ്രവലതുപക്ഷക്കാരുണ്ട് ആ നാട്ടില്‍. ടീമിലെ കറുത്ത വര്‍ഗക്കാരുടെ വലിയ സാന്നിധ്യമായിരുന്നു അതിന് കാരണം. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ടിയായ നാഷനല്‍ ഫ്രന്റിന്റെ സ്ഥാപകന്‍ ജീന്‍ മേരി ലപാന്‍ ഇക്കാര്യം തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഫ്രഞ്ച് ടീമിലെ സൂപ്പര്‍ താരം ലീലിയന്‍ തുറാം അതിന് മറുപടി പറഞ്ഞതിങ്ങനെയാണ്: ലപാന് ഫ്രഞ്ച് ചരിത്രമറിയില്ലെന്നു തോന്നുന്നു. കറുത്ത ഫ്രഞ്ചുകാരുണ്ട് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടാവില്ല. വരൂ, ഫ്രഞ്ച് വിജയം ആഘോഷിക്കാന്‍ തെരുവിലേക്ക് വരൂ. നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവാം. ഫ്രഞ്ചുകാരാണെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളൂ. ഫ്രാന്‍സ് നീണാള്‍ വാഴട്ടെ, നിങ്ങള്‍ ആഗ്രഹിക്കുന്ന ഫ്രാന്‍സ് അല്ല. യഥാര്‍ഥ ഫ്രാന്‍സ്.
അറബ്, ആഫ്രിക്കന്‍ സാന്നിധ്യമില്ലാത്ത ഫ്രാന്‍സ് ടീം ഒരിക്കലുമുണ്ടായിട്ടില്ല. 1930 കളിലെ ടീമില്‍ മൊറോക്കോക്കാരനായ ലാര്‍ബി ബിന്‍ ബാരിക് ഉണ്ടായിരുന്നു. 1958 ലെ ലോകകപ്പില്‍ 13 ഗോളടിച്ച ജസ്റ്റ് ഫൊണ്ടയ്ന്‍ ജനിച്ചത് മൊറോക്കോയിലെ മാരക്കേഷിലാണ്. അമ്പതുകളിലെ സൂപ്പര്‍ ഹീറോ റയ്മണ്ട് കോപ ജനിച്ചത് പോളണ്ടില്‍ നിന്നുള്ള കുടിയേറ്റ കുടുംബത്തിലാണ്. ആഫ്രിക്കന്‍, അറബ് പാരമ്പര്യമില്ലാത്ത ഫ്രഞ്ച് കളിക്കാരെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റീനി, മാന്വേല്‍ അമോറോസ്, എറിക് കന്റോണ, പാട്രിക് വിയേറ, ഡാവിഡ് ട്രസഗ്വെ, മാഴ്‌സെല്‍ ഡിസായി, ക്ലോഡ് മകലീലി, തിയറി ഓണ്‍റി, കരീം ബെന്‍സീമ, കീലിയന്‍ എംബാപെ, പോള്‍ പോഗ്ബ, എന്‍ഗോലൊ കാണ്ടെ... കുടിയേറ്റ കുടുംബങ്ങളിലെ സന്തതികളാണ് എന്നും ഫ്രാന്‍സിന്റെ കൊടിയേന്തിയത്.
1998 ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീം അവരുടെ സങ്കര സംസ്‌കാരത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആതിഥേയ ടീമിലെ 22 കളിക്കാരില്‍ 14 പേരും ആഫ്രിക്കന്‍ വംശജരായിരുന്നു. അവശേഷിച്ച എട്ടില്‍ വികാസ് ദൊറാസു ഇന്ത്യന്‍ വംശജനാണ്,  ട്രസഗ്വെയുടെ മാതാപിതാക്കള്‍ അര്‍ജന്റീനക്കാരും. മൂന്നു ഗോളിമാരുള്‍പ്പെടെ ആറ് കളിക്കാര്‍ മാത്രമായിരുന്നു വെള്ളക്കാര്‍. ഇത്തവണ 17 കളിക്കാര്‍ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ്. മറ്റു രാജ്യങ്ങള്‍ക്ക് കളിക്കാവുന്ന പ്രമുഖ ഫ്രഞ്ച് കളിക്കാരുടെ പട്ടിക നോക്കിയാല്‍ അദ്ഭുതപ്പെടും ലോറന്റ് കോസിയന്‍ലി (പോളണ്ട്), കന്റോണ (ഇറ്റലി/സ്‌പെയിന്‍), റോബര്‍ട് പിറേസ് (പോര്‍ചുഗല്‍/സ്‌പെയിന്‍), ബകരി സായ്‌ന (സെനഗല്‍), സിദാന്‍, ബെന്‍സീമ, സാമിര്‍ നസ്‌രി (അള്‍ജീരിയ), യൂറി യോര്‍കായേഫ് (ആര്‍മീനിയ), പാട്രിസ് എവ്‌റ (സെനഗല്‍/ഗ്വിനി/കേപ്‌വെര്‍ദെ), മകലീലി (കോംഗൊ), ഫൊണ്ടയ്ന്‍ (മൊറോക്കൊ/സ്‌പെയിന്‍), വിയേറ (സെനഗല്‍/കേപ്‌വെര്‍ദെ), ജീന്‍ ടിഗാന (മാലി), മാഴ്‌സെല്‍ ഡിസായി (ഘാന),  തുറാം, ഓണ്‍റി (ഗ്വാദിലോപ്), പ്ലാറ്റീനി (ഇറ്റലി)...
അഭയാര്‍ഥികള്‍ക്കെതിരെ യൂറോപ്പിലാകമാനം തീവ്രവലതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വിഷം ചീറ്റുമ്പോള്‍ ഫ്രാന്‍സിന്റെ സങ്കര ടീം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറുന്നു. വരൂ, തെരുവിലേക്ക് വരൂ.. നമുക്കീ മഴവില്‍ ആഘോഷിക്കാം. 
 

Latest News