ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ നാളെ ക്രൊയേഷ്യയും ഫ്രാന്‍സും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യയിലെ രണ്ട് പ്രദേശങ്ങള്‍ ഇരു ടീമുകളുടെയും പിന്നിലുണ്ടാവാം. വെറും ആരാധനയുടെ പേരിലല്ല. പൗരാണികമായ ബന്ധങ്ങളുടെ പേരില്‍.
മാഹിയുള്‍പ്പെടുന്ന പോണ്ടിച്ചേരി ഫ്രഞ്ച് കോളനിയായിരുന്നു 1954 വരെ. കോളനിവാഴ്ച അവസാനിച്ചെങ്കിലും ഫ്രാന്‍സുമായുള്ള സാംസ്‌കാരിക ബന്ധം തുടരുന്നുണ്ട്. ഏതാണ്ട് 20 ശതമാനത്തോളം പോണ്ടിച്ചേരിക്കാര്‍ക്ക് ഫ്രഞ്ച് പൗരത്വമുണ്ടെന്നാണ് കണക്ക്. പോണ്ടിച്ചേരിയിലെ വിദ്യാര്‍ഥികളില്‍ 60 ശതമാനത്തോളം ഫ്രഞ്ച് രണ്ടാം ഭാഷയായി പഠിക്കുന്നു. മാഹിയില്‍ മാത്രം മൂവായിരത്തോളം ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുണ്ടെന്നാണ് കണക്ക്. മാഹിയിലെ ഫ്രഞ്ച് പൗരന്മാര്‍ ജൂലൈ 14 ന് ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റില്‍ ഡേ ആഘോഷിക്കാറുണ്ട്. എംബാപ്പെയും ഗ്രീസ്മാനും വരാനുമൊന്നും അവര്‍ക്ക് വികാരം മാത്രമല്ല, ഗതകാലചരിത്രത്തെക്കുറിച്ച ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
ഗോവയിലെ ഒരു ഗ്രാമത്തിന് ക്രൊയേഷ്യയുമായുണ്ട് അതുപോലൊരു ബന്ധം. യൂഗോസ്ലാവ്യയില്‍ നിന്ന് 1991 ല്‍ മാത്രമാണ് ക്രൊയേഷ്യ സ്വതന്ത്രമായതെങ്കിലും ഓള്‍ഡ് ഗോവയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള ഗോണ്ടലീമിന് പതിനാറാം നൂറ്റാണ്ട് മുതല്‍ ക്രൊയേഷ്യയുമായി ബന്ധമുണ്ട്. ഗോണ്ടലീമിലെ സാവൊ ബ്രാസ് ചര്‍ച്ച് പണിതതും പുനരുദ്ധരിച്ചതും ക്രൊയേഷ്യക്കാരാണ്. ക്രൊയേഷ്യയിലെ ദുബ്രോവ്‌നിക്കിലെ സവേറ്റി വലാഹൊ പള്ളിയുടെ ചെറുരൂപമാണ് ഇത്. ഗോണ്ടലീമിന്റെ ക്രൊയേഷ്യന്‍ ബന്ധത്തെക്കുറിച്ച് സ്ദ്രാവ്ക മാറ്റിസിച് ഗവേഷണം നടത്തിയിട്ടുണ്ട്. 1999 ല്‍ ക്രൊയേഷ്യയില്‍ നിന്നുള്ള ഔദ്യോഗിക സംഘം ഗോണ്ടലീം സന്ദര്‍ശിച്ചു. അതിനു ശേഷം ഇന്ത്യയിലെത്തുന്ന ക്രൊയേഷ്യന്‍ സന്ദര്‍ശകര്‍ ഗോണ്ടലീം കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ ഇന്ത്യയിലെത്തിയ ഡോ. മരിയ റഡോണിച്ചാണ് നാട്ടില്‍ പോയി പിരിവെടുത്തു വന്ന് സാവൊ ബ്രാസ ചര്‍ച്ച് പുതുക്കിപ്പണിതത്. ദുബ്രോവ്‌നിക്കിലെ ആര്‍ട് ഗാലറി ഉടമ ടിയ ബാറ്റിനിച് സമ്മാനിച്ച ചിത്രങ്ങള്‍ പള്ളിയുടെ ചുമരുകളെ അലങ്കരിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്രൊയേഷ്യന്‍ സംഘം ഈ ഗ്രാമത്തിലെത്തി ഒരു ഡോകുമെന്ററി ചിത്രീകരിച്ചിരുന്നു. ലൂക മോദ്‌റിച്ചും ഇവാന്‍ പെരിസിച്ചുമൊക്കെ നാളെ ബൂട്ട് കെട്ടുമ്പോള്‍ ഗോണ്ടലീമും പ്രാര്‍ഥനയുമായി ഉണ്ടാവും.