കെയ്ന്‍ ബയേണിലേക്ക്, ടോട്ടനം പിടിമുറുക്കുന്നു

ലണ്ടന്‍ - ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ടോട്ടനം വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക്. കെയ്‌നിനെ കൈവിടാതിരിക്കാന്‍ അവസാന ചര്‍ച്ചയിലാണ് ടോട്ടനം കോച്ച് ആന്‍ഗെ പോസ്റ്റകോഗ്‌ലു. ടോട്ടനത്തിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ് കെയ്ന്‍. എന്നാല്‍ ഇതുവരെ ഒരു ട്രോഫി പോലും നേടാനായിട്ടില്ല. ബയേണ്‍ 8.8 കോടി ഡോളറിന്റെ ഓഫറാണ് കെയ്‌നിനു മുന്നില്‍ വെച്ചിരിക്കുന്നത്. 
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് പകരക്കാരനെ തേടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡും കരീം ബെന്‍സീമക്ക് ബദല്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന റയല്‍ മഡ്രീഡും കെയ്‌നില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കീലിയന്‍ എംബാപ്പെ ക്ലബ്ബ് വിടാനുള്ള സാധ്യത കണക്കിലെടുത്ത് പി.എസ്.ജിയും വല വീശുന്നുണ്ട്. 
കെയ്‌നിനെ കൈയൊഴിയേണ്ടി വന്നാല്‍ ഇംഗ്ലിഷ് ക്ലബ്ബുകള്‍ക്ക് കൈമാറരുതെന്നാണ് ടോട്ടനം ആഗ്രഹിക്കുന്നത്. അതിനായി കുറഞ്ഞ ട്രാന്‍സ്ഫര്‍ തുകയും അവര്‍ അംഗീകരിക്കും. ഇംഗ്ലണ്ടില്‍ തുടര്‍ന്നാല്‍ കെയ്‌നിന് പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് ഗോള്‍സ്‌കോററാവാം. 
ടോട്ടനത്തില്‍ കെയ്‌നിന് ഒരു വര്‍ഷം കൂടിയേ കരാറുള്ളൂ. അടുത്ത സീസണില്‍ കെയ്ന്‍ ഇറങ്ങിപ്പോവുമ്പോള്‍ വെറുംകൈയുമായി നോക്കിനില്‍ക്കേണ്ടി വരുമെന്ന ആശങ്ക ക്ലബ്ബിനുണ്ട്. 

Latest News