ലണ്ടന്‍ - വിംബിള്‍ഡണിന്റെ വനിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കിനെ ഉക്രൈന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എലീന സ്വിറ്റോലിന അട്ടിമറിച്ചു. 7-5, 6-7 (5-7), 6-2 നായിരുന്നു സ്വിറ്റോലിനയുടെ ജയം. ആദ്യ സെറ്റില്‍ 2-4 ന് പിന്നിലായ ശേഷമാണ് തിരിച്ചടിച്ചത്. ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സിന്റെ ഭാര്യയായ സ്വിറ്റോലിനയുടെ വിജയം അമ്മമാര്‍ക്കുള്ള സമ്മാനമാണ്. പെണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് സ്വിറ്റോലിന കഴിഞ്ഞ ഏപ്രിലില്‍ കോര്‍ടില്‍ തിരിച്ചെത്തിയത്. ലോക നാലാം നമ്പര്‍ ജെസിക്ക പെഗൂലയും സെമി കണ്ടില്ല. ചെക് താരം മാര്‍ക്കറ്റ വന്‍ഡ്രൂസോവയോട് അമേരിക്കന്‍ താരം മൂന്നു സെറ്റില്‍ മുട്ടുമടക്കി (4-6, 6-2, 4-6). സ്വിറ്റോലിനയും വന്‍ഡ്രൂസോവയും തമ്മിലാണ് സെമി.
മറ്റു ക്വാര്‍ട്ടറുകളില്‍ അറബ്, ആഫ്രിക്കന്‍ ഒന്നാം നമ്പര്‍ ഉന്‍സ് ജാബിര്‍ നിലവിലെ ചാമ്പ്യന്‍ എലേന റിബാകീനയുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമായിരിക്കും ഇത്. മാഡിസന്‍ കീസും രണ്ടാം സീഡ് അരീന സബലെങ്കയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചും ടോപ് സീഡ് കാര്‍ലോസ് അല്‍കാരസും പരസ്പര പോരാട്ടത്തോടടുക്കുകയാണ്. അല്‍കാരസ് ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മുന്‍ വിംബിള്‍ഡണ്‍ റണ്ണറപ് ഇറ്റലിയുടെ മാറ്റിയൊ ബെററ്റീനിയെ 3-6 6-3 6-3 6-3 ന് കീഴടക്കി. വിംബിള്‍ണില്‍ പ്രായം കുറഞ്ഞ കളിക്കാരുടെ ക്വാര്‍ട്ടറില്‍ അല്‍കാരസ് ഇരുപതുകാരന്‍ ഹോള്‍ഗര്‍ റൂണെയുമായി ഏറ്റുമുട്ടും. അല്‍കാരസിനും ഇരുപതാണ്. 65 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഡെന്മാര്‍ക്കുകാരനാണ് റൂണെ. ഇരുപത്തൊന്നാം സീഡ് ഗ്രിഗര്‍ ദിമിത്രോവിനെയാണ് റൂണെ 3-6 7-6(7/6) 7-6(7/4) 6-3 ന് തോല്‍പിച്ചത്.
ആറാം സീഡായ ഉന്‍സ് മുന്‍ ചാമ്പ്യന്‍ പെട്ര കവിറ്റോവയെ 6-0, 6-3 ന് തരിപ്പണമാക്കി. രണ്ടാം സീഡ് അരീന സബലെങ്ക 6-4, 6-0 ന് റഷ്യയുടെ എക്കാത്തറിന അലക്‌സാണ്ട്രോവയെ കീഴടക്കി. പതിനാറുകാരി മിറ ആന്ദ്രിയേവയുടെ കുതിപ്പ് ഇരുപത്തഞ്ചാം സീഡ് മാഡിസന്‍ കീസിന് മുന്നില്‍ അവസാനിച്ചു. സ്‌കോര്‍: 3-6 7-6(7/4) 6-2






