ബാങ്കോക്ക് - ഇരുപത്തിനാലാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ഇന്ന് തായ്ലന്റിലെ ബാങ്കോക്കില്‍ ആരംഭിക്കും. ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയും കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ അവിനാഷ് സാബ്ലെയുമില്ലാതെയാണ് ഇന്ത്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇരുവരും ലോക ചാമ്പ്യന്‍ഷിപ്പിനായി വിദേശത്ത് പരിശീലനത്തിലാണ്. ഷോട്പുട്ടര് കരണ്‍വീര്‍ സിംഗും ഒരു തെന്നിന്ത്യന്‍ സ്പിന്നറും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട നിരാശയിലാണ് ഇന്ത്യന്‍ ടീം ബാങ്കോക്കിലേക്ക് തിരിച്ചത്. ഈ മാസം 16 വരെയാണ് ചാമ്പ്യന്‍ഷിപ്. ഇന്റര്‍ സ്റ്റെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവ് തേജീന്ദര്‍പാല്‍ തൂറും (ഷോട്പുട്ട്) ജ്യോതി യാരാജിയുമാണ് (വനിതാ സ്പ്രിന്റര്‍) ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍. യാരാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡുകാരിയാണ്.
പുരുഷ ലോംഗ്ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കറും ദേശീയ റെക്കോര്ഡുകാരന് ജെസ്വിന് ആള്‍ഡ്രിനുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇരുവരും ലോക ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുകയാണ്. മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, നിഹാല്‍ ജോയല്‍ വില്യം, മിജൊ ചാക്കൊ കുര്യന്, മുഹമ്മദ് അഫ്സല്, ജിന്സണ് ജോണ്സണ്, അബ്ദുല്ല അബൂക്കര്‍, ആന്‍സി സോജന്, ജിസ്ന മാത്യു തുടങ്ങിയ മലയാളി താരങ്ങളും ഇന്ത്യന്‍ ടീമിലുണ്ട്.






