ത്രസിപ്പിക്കുന്ന ഇന്ത്യന്‍ ജയം, തുടക്കമിട്ട് മിന്നു മണി

മീര്‍പൂര്‍ - ബംഗ്ലാദേശിനെതിരായ രണ്ടാം വനിതാ ട്വന്റി20 മത്സരത്തില്‍ ഉറച്ച പരാജയം വിജയമാക്കി ഇന്ത്യന്‍ ടീം. എട്ട് പന്തില്‍ ഒരു വൈഡ് റണ്‍ മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടീം ചെറിയ സ്‌കോര്‍ വീരോചിതമായി പ്രതിരോധിച്ചത്. മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു (4-1-9-2). ദീപ്തി ശര്‍മയും (4-0-12-3) ശഫാലി വര്‍മയും (3-0-15-3) ആറു വിക്കറ്റ് പങ്കുവെച്ചു. തന്റെ ആദ്യ ഓവറില്‍ ഓപണര്‍ ശമീമ സുല്‍ത്താനയെ (5) പുറത്താക്കി ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയ മിന്നു അപകടകാരിയായ റിതു മോണിയെ (4) തന്റെ അവസാന ഓവറില്‍ പറഞ്ഞയച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് ബംഗ്ലാദേശ് ഓളൗട്ടായത്. അവസാന ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ 10 റണ്‍സ് മതിയായിരുന്നു ജയിക്കാന്‍. എന്നാല്‍ അവസാന പന്തില്‍ അവര്‍ ഓളൗട്ടായി. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഇന്ത്യ അജയ്യമായ 2-0 ലീഡ് നേടി. സ്‌കോര്‍: ഇന്ത്യ എട്ടിന് 95, ബംഗ്ലാദേശ് 87.
ഓഫ്‌സ്പിന്നര്‍മാരായ ദീപ്തിയും മിന്നുവും ബംഗ്ലാദേശിനെ കുരുക്കിട്ടു നിര്‍ത്തിയ ശേഷം അത്യുജ്വലമായ അവസാന ഓവറില്‍ ശഫാലി അന്തിമ പ്രഹരമേല്‍പിക്കുകയായിരുന്നു. ഇന്ത്യയുടെ എട്ടിന് 95 ബംഗ്ലാദേശിനെതിരായ ഏറ്റവും ചെറിയ സ്‌കോറായിരുന്നു. 55 പന്തില്‍ 38 റണ്‍സെടുത്ത ബംഗ്ലാദേശ് നായിക നിഗാര്‍ സുല്‍ത്താന അവസാനം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ എട്ട് പന്തില്‍ 10 റണ്‍സ് വേണമെന്നിരിക്കെ ദീപ്തിയുടെ പന്തില്‍ യാസ്തിക ഭാടിയ സ്റ്റമ്പ് ചെയ്തു. അവസാന ഓവറില്‍ ശഫാലി മൂന്നു വിക്കറ്റെടുത്തു. റാബിയ ഖാന്‍ റണ്ണൗട്ടായി. 
മത്സരത്തില്‍ നാല്‍പതോവറില്‍ മുപ്പത്തഞ്ചും ബൗള്‍ ചെയ്തത് സ്പിന്നര്‍മാരായിരുന്നു. പതിനെട്ടില്‍ 16 വിക്കറ്റ് സ്പിന്നര്‍മാര്‍ സ്വന്തമാക്കി. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 4.1 ഓവറില്‍ 33 റണ്‍സ് ചേര്‍ത്ത ശേഷമാണ് തകര്‍ന്നത്. ബംഗ്ലാദേശിന്റെ ഏക സീം ബൗളറായ മഅറൂഫ അഖ്തറിനെ ശഫാലി (14 പന്തില്‍ 19) തുടര്‍ച്ചയായി മൂന്നു തവണ അതിര്‍ത്തി കടത്തി. ഇരട്ട ബൗണ്ടറിയോടെ ഫോമിലേക്കു വരികയായിരുന്ന സ്മൃതി മന്ദാനയാണ് (13) ആദ്യം പുറത്തായത്. ശഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തുടര്‍ച്ചയായ പന്തുകളില്‍ വീണു. തട്ടിയും മുട്ടിയുമാണ് പിന്നീട് 95 ലെത്തിയത്. 6-13 ഓവറുകള്‍ക്കിടയില്‍ ഒരു ബൗണ്ടറി പോലും നേടാനായില്ല. അമന്‍ജോത് കൗര്‍ രണ്ട് ബൗണ്ടറിയടിച്ചതിനാലാണ് സ്‌കോര്‍ ഇത്രയെങ്കിലുമെത്തിയത്. ബംഗ്ലാദേശ് ഫീല്‍ഡിംഗും ഗംഭീരമായിരുന്നു. യാസ്തികയും അമന്‍ജോതും പുറത്തായത് അവിശ്വസനീയ ക്യാച്ചുകളിലാണ്. 
അഞ്ച് സ്പിന്നര്‍മാരെ ഇറക്കിയാണ് ഇന്ത്യ ചെറിയ സ്‌കോര്‍ പ്രതിരോധിച്ചത്. പൂജ വസ്ത്രാക്കറുടെ ഒരോവര്‍ ഒഴിച്ചാല്‍ പത്തൊമ്പതോവറും സ്പിന്നായിരുന്നു. പുതിയ പന്ത് പങ്കുവെച്ച മിന്നു തുടര്‍ച്ചയായാണ് നാലോവര്‍ എറിഞ്ഞത്. ബംഗ്ലാദേശ് പതിനഞ്ചാം ഓവറില്‍ നാലിന് 65 ലെത്തിയതായിരുന്നു. അഞ്ച് വിക്കറ്റ് ശേഷിക്കെ അവസാന 12 പന്തില്‍ 14 റണ്‍സ് മതിയായിരുന്നു അവര്‍ക്ക് ജയിക്കാന്‍. 

Latest News