അന്യായമായ വിമാനക്കൊള്ള, സുപ്രീം കോടതിയെ സമീപിച്ച് പ്രവാസി വ്യവസായി

ദുബായ്- ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു ചാര്‍ട്ടേഡ് വിമാന സര്‍വീസിന് അനുമതി തേടി യു.എ.ഇയിലെ പ്രവാസി വ്യവസായി സജി ചെറിയാന്‍ നാളെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കും. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്യുക.
ദുബായില്‍നിന്ന് 7.42 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ലണ്ടനിലേക്ക് 849 ദിര്‍ഹമാണ് (19093 രൂപ) ഇന്നലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 4.05 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള കൊച്ചിയിലേക്ക് 1545 ദിര്‍ഹമും (34746 രൂപ). സീസണ്‍ തുടക്കത്തില്‍ വണ്‍വേ ടിക്കറ്റിന് 3500 ദിര്‍ഹം (78712 രൂപ) വരെ ഉയര്‍ന്നിരുന്നു. ഈ വ്യത്യാസത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്നു സജി ചെറിയാന്‍ ചോദിക്കുന്നു.
ദുബായില്‍നിന്ന് ദല്‍ഹിയിലേക്ക് 835 ദിര്‍ഹം (18778 രൂപ), മുംബൈ 825 ദിര്‍ഹം (18553 രൂപ), ബെംഗളൂരു 966 (21724 രൂപ), ചെന്നൈ 928 ദിര്‍ഹം (20870 രൂപ) മാത്രം. കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് മാത്രം അന്യായമായി നിരക്കു വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് വിമാന കമ്പനികളാണെന്നും കേന്ദ്ര സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും ഈയിടെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞതോടെ പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുഭാവ സമീപനം ഉണ്ടാകില്ലെന്ന് വ്യക്തമായിരുന്നു.  

വേനല്‍ അവധിക്കാലത്തും ഉത്സവ സീസണുകളിലും നാട്ടിലേക്കു പോകാന്‍ സാധിക്കാതെ നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മിതമായ നിരക്കില്‍ നാട്ടിലേക്കും തിരിച്ചും എത്താനാകുമെന്നാണു പ്രതീക്ഷ.

 

 

Latest News