വിംബിള്‍ഡണ്‍: വീണ്ടും ഉന്‍സ് x റിബാകീന 

ലണ്ടന്‍ - വിംബിള്‍ഡണിന്റെ വനിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ അറബ്, ആഫ്രിക്കന്‍ ഒന്നാം നമ്പര്‍ ഉന്‍സ് ജാബിര്‍ നിലവിലെ ചാമ്പ്യന്‍ എലേന റിബാകീനയുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവര്‍ത്തനമായിരിക്കും ഇത്. പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചും ടോപ് സീഡ് കാര്‍ലോസ് അല്‍കാരസും പരസ്പര പോരാട്ടത്തോടടുക്കുകയാണ്. വിംബിള്‍ഡണിലെ തന്റെ നൂറാം മത്സരത്തില്‍ നോവക്  7-6 (8/6), 76 (8/6), 57, 6-4 ന് ഹ്യൂബര്‍ട് ഹുര്‍കാസിനെ തോല്‍പിച്ചു. അല്‍കാരസ് ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മുന്‍ വിംബിള്‍ഡണ്‍ റണ്ണറപ് ഇറ്റലിയുടെ മാറ്റിയൊ ബെററ്റീനിയെ 3-6 6-3 6-3 6-3 ന് കീഴടക്കി. വിംബിള്‍ണില്‍ പ്രായം കുറഞ്ഞ കളിക്കാരുടെ ക്വാര്‍ട്ടറില്‍ അല്‍കാരസ് ഇരുപതുകാരന്‍ ഹോള്‍ഗര്‍ റൂണെയുമായി ഏറ്റുമുട്ടും. അല്‍കാരസിനും ഇരുപതാണ്. ആന്ദ്രെ റൂബലേവുമായാണ് നോവക് ക്വാര്‍ട്ടര്‍ കളിക്കുക. ഗ്രാന്റ്സ്ലാമില്‍ നോവക്കിന്റെ അമ്പത്താറാം ക്വാര്‍ട്ടര്‍ ഫൈനലാണ് ഇത്. റോജര്‍ ഫെദരറുടെ റെക്കോര്‍ിനോട് (58) അടുക്കുകയാണ്. ഒരു പതിറ്റാണ്ടായി വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ടില്‍ നോവക് തോറ്റിട്ടില്ല. 
65 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഡെന്മാര്‍ക്കുകാരനാണ് റൂണെ. ഇരുപത്തൊന്നാം സീഡ് ഗ്രിഗര്‍ ദിമിത്രോവിനെയാണ് റൂണെ 3-6 7-6(7/6) 7-6(7/4) 6-3 ന് തോല്‍പിച്ചത്. ജിറി ലെഹക്ക പരിക്കേറ്റ് പിന്മാറിയതോടെ ഡാനില്‍ മെദവദേവ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ അട്ടിമറിച്ച് അമേരിക്കയുടെ ഇരുപത്തേഴുകാരന്‍ ക്രിസ് യൂബാങ്ക്‌സ് വിംബിള്‍ഡണ്‍ അരങ്ങേറ്റത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 3-6, 7-6 (4), 3-6, 6-4, 6-4 നായിരുന്നു യൂബാങ്ക്‌സിന്റെ ജയം. 
ബ്രസീലിയന്‍ എതിരാളി ബിയാട്രിസ് ഹദ്ദാദ് മിയ പരിക്കേറ്റ് പിന്മാറിയതോടെയാണ് റിബാകീന ക്വാര്‍ട്ടറിലെത്തിയത്. ആദ്യ സെറ്റില്‍ 4-1 ന് മുന്നിലായിരുന്നു നിലവിലെ ചാമ്പ്യന്‍. ആറാം സീഡായ ഉന്‍സ് മുന്‍ ചാമ്പ്യന്‍ പെട്ര കവിറ്റോവയെ 6-0, 6-3 ന് തരിപ്പണമാക്കി. രണ്ടാം സീഡ് അരീന സബലെങ്ക 6-4, 6-0 ന് റഷ്യയുടെ എക്കാത്തറിന അലക്‌സാണ്ട്രോവയെ കീഴടക്കി. പതിനാറുകാരി മിറ ആന്ദ്രിയേവയുടെ കുതിപ്പ് ഇരുപത്തഞ്ചാം സീഡ് മാഡിസന്‍ കീസിന് മുന്നില്‍ അവസാനിച്ചു. സ്‌കോര്‍: 3-6 7-6(7/4) 6-2
വിംബിള്‍ഡണ്‍ ക്ലാസിക്കുകളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് പോരാട്ടങ്ങളില്‍ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കും ഉക്രൈന്‍കാരി എലീന സ്വിറ്റോലിനയും ജയിച്ചു. രണ്ട് മാച്ച് പോയന്റുകള്‍ അതിജീവിച്ച ഈഗ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ഒളിംപിക് ചാമ്പ്യന്‍ ബെലിന്‍ഡ ബെന്‍സിച്ചിനെ 6-7 (4/7), 76 (7/2), 6-3 ന് തോല്‍പിച്ചു. രാഷ്ട്രീയപ്പോരാട്ടമായി ഗാലറി ഏറ്റെടുത്ത ചൂടേറിയ മത്സരത്തില്‍ ബെലാറൂസുകാരി വിക്ടോറിയ അസരെങ്കയെ ഉക്രൈന്‍കാരി സ്വിറ്റോലി 2-6, 6-4, 7-6 (11/9) ന് കീഴടക്കി. ഈഗയും സ്വിറ്റോലിനയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 

Latest News