റെക്കോര്‍ഡ് പ്രതിഫലവുമായി ഗില്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കൊച്ചി  -കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യുവ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ ഒന്നരക്കോടി രൂപയുടെ കരാറില്‍  ഈസ്റ്റ് ബംഗാളുമായി ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. ഐ.എസ്എലില്‍ ഒരു ഗോള്‍കീപ്പര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് സൂചന. അവസാന രണ്ടു സീസണുകളിലും  ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന ഗോള്‍കീപ്പറായിരുന്നു ഗില്‍. 
രണ്ട് സീസണുകളിലായി 38 മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകാത്തു. 2020ല്‍ ബംഗളൂരു എഫ്.സിയില്‍ നിന്നാണ് ഗില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. 
അതേസമയം, മലയാളി പരിശീലകനായ ടി.ജി പുരുഷോത്തമനെ കേരള ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ പരിശീലകനായിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

Latest News