മെല്‍ബണ്‍ - ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന അടുത്ത വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ മൊറോക്കോ അരങ്ങേറും. അറബ് ലോകത്തു നിന്ന് ആദ്യമായാണ് ഒരു ടീം വനിതാ ലോകകപ്പ് കളിക്കുക. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ പുരുഷ ടീം സെമി ഫൈനലിലെത്തിയത് അറ്റ്‌ലസ് ലയണസസിന് ആവേശം പകരും. 2022 ലെ വനിതാ ആഫ്രിക്കന്‍ കപ്പ് മൊറോക്കോയിലായിരുന്നു.
റെയ്‌നാള്‍ഡ് പെദ്രോസിനെ കോച്ചായി നിയമിച്ചതും കളിക്കാര്‍ക്ക് ശമ്പളം നല്‍കാനും ബസുകള്‍ വാങ്ങാനും ക്ലബ്ബുകള്‍ക്ക് പണമനുവദിച്ചതും വനിതാ ഫുട്‌ബോളില്‍ കാതലായ മാറ്റമുണ്ടാക്കി. ദേശീയ അണ്ടര്‍-17 ചാമ്പ്യന്‍ഷിപ് തുടങ്ങിയത് പുതിയ കളിക്കാരെ കണ്ടെത്താന്‍ സഹായിച്ചു. മൊറോക്കോയുടെ ജിസലാനെ ശബക്കായിരുന്നു ആഫ്രിക്കന്‍ കപ്പിലെ മികച്ച കളിക്കാരി. ടൂര്‍ണമെന്റില്‍ മൊറോക്കൊ ഫൈനലിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്കയോട് 1-2 ന് തോല്‍ക്കുകയായിരുന്നു.
മതചിട്ടകള്‍ പാലിച്ചു കൊണ്ടുതന്നെ ഫുട്‌ബോളില്‍ ഉയരങ്ങള്‍ കീഴടക്കുന്ന ഇരുപത്തഞ്ചുകാരി നുഹൈല ബെന്‍സീന മൊറോക്കോയുടെ പെണ്‍കുട്ടികളുടെ റോള്‍ മോഡലാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അണ്ടര്‍-17 വനിതാ ലോകകപ്പ് കളിച്ച പതിനെട്ടുകാരി ഹിബ കറാമി ഇപ്പോള്‍ സീനിയര്‍ ടീമിലുണ്ട്.
ലോകകപ്പില്‍ ജര്‍മനിയും കൊളംബിയയും തെക്കന്‍ കൊറിയയുമുള്‍പെടുന്ന ഗ്രൂപ്പിലാണ് മൊറോക്കൊ.






