സിറ്റ്‌സിപാസിനെ ഞെട്ടിച്ച് യൂബാങ്ക്‌സ്

ലണ്ടന്‍ - അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ അട്ടിമറിച്ച് അമേരിക്കയുടെ ഇരുപത്തേഴുകാരന്‍ ക്രിസ് യൂബാങ്ക്‌സ് വിംബിള്‍ഡണ്‍ അരങ്ങേറ്റത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 3-6, 7-6 (4), 3-6, 6-4, 6-4 നായിരുന്നു യൂബാങ്ക്‌സിന്റെ ജയം. ഹ്യൂബര്‍ട് ഹുര്‍കാസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ച് നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചും ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ ഹുര്‍കാസിനെ മറികടക്കാന്‍ പരിചയസമ്പത്ത് മുഴുവന്‍ നോവക്കിന് പുറത്തെടുക്കേണ്ടി വന്നു. സ്‌കോര്‍: 7-6 (8/6), 7-6 (8/6), 5-7, 6-4. ടൂര്‍ണമെന്റില്‍ അതുവരെ കളിച്ച 67 ഗെയിമിലും ഹുര്‍കാസ് സര്‍വീസ് നിലനിര്‍ത്തിയിരുന്നു. 
ലെഹക്ക പരിക്കേറ്റ് പിന്മാറിയതോടെ ഡാനില്‍ മെദവദേവ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആന്ദ്രെ റൂബലേവുമായാണ് നോവക് ക്വാര്‍ട്ടര്‍ കളിക്കുക. ഗ്രാന്റ്സ്ലാമില്‍ നോവക്കിന്റെ അമ്പത്താറാം ക്വാര്‍ട്ടര്‍ ഫൈനലാണ് ഇത്. റോജര്‍ ഫെദരറുടെ റെക്കോര്‍ിനോട് (58) അടുക്കുകയാണ്. 
വിംബിള്‍ഡണ്‍ ക്ലാസിക്കുകളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് പോരാട്ടങ്ങളില്‍ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കും ഉക്രൈന്‍കാരി എലീന സ്വിറ്റോലിനയും ജയിച്ചു. രണ്ട് മാച്ച് പോയന്റുകള്‍ അതിജീവിച്ച ഈഗ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ ഒളിംപിക് ചാമ്പ്യന്‍ ബെലിന്‍ഡ ബെന്‍സിച്ചിനെ 6-7 (4/7), 7-6 (7/2), 6-3 ന് തോല്‍പിച്ചു. രാഷ്ട്രീയപ്പോരാട്ടമായി ഗാലറി ഏറ്റെടുത്ത ചൂടേറിയ മത്സരത്തില്‍ ബെലാറൂസുകാരി വിക്ടോറിയ അസരെങ്കയെ ഉക്രൈന്‍കാരി സ്വിറ്റോലി 2-6, 6-4, 7-6 (11/9) ന് കീഴടക്കി. ഈഗയും സ്വിറ്റോലിനയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 
അസരെങ്കയെ ഹസ്തദാനം ചെയ്യാന്‍ സ്വിറ്റോലിന തയാറായില്ല. കാണികള്‍ അസരെങ്കയെ കൂവുകയും ചെയ്തു. ഇത് നീതിയല്ലെന്ന് അസരെങ്ക പറഞ്ഞു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കാണികള്‍ക്ക് വസ്തുതകള്‍ വ്യക്തമായി അറിയുമെന്നും തോന്നുന്നില്ല. എന്തു ചെയ്യാം. എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലല്ലോ -അസരെങ്ക ചോദിച്ചു. ഉക്രൈന്‍ കളിക്കാരുടെ മാനസികാവസ്ഥ ടെന്നിസ് അധികൃതര്‍ വ്യക്തമാക്കുകയാണെങ്കില്‍ കൂവല്‍ ഒഴിവാക്കാമെന്ന് സ്വിറ്റോലിന അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ടെന്നിസ് താരം ഗെയ്ല്‍ മോണ്‍ഫില്‍സിന്റെ ഭാര്യയായ സ്വിറ്റോലിന പെണ്‍കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് ടെന്നസില്‍ തിരിച്ചെത്തിയത്. മകള്‍ ജനിച്ചതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷമെന്നും ഈ വിജയം രണ്ടാമത്തെ മികച്ചതാണെന്നും സ്വിറ്റോലിന പറഞ്ഞു. 

Latest News