ആകെ 88 വിക്കറ്റ്, വിന്‍ഡീസില്‍ ഇന്ത്യ വെള്ളം കുടിക്കുമോ?

റൂസോ - കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടെസ്റ്റ് ക്രിക്കറ്റിലെ മുന്‍നിര ടീമുകളിലൊന്നാണ് ഇന്ത്യ. പത്തു വര്‍ഷത്തിനിടെ നാട്ടില്‍ മൂന്നു ടെസ്റ്റുകള്‍ മാത്രമാണ് തോറ്റത്. തുടര്‍ച്ചയായി ഓസ്‌ട്രേലിയയില്‍ പരമ്പര നേടി. ഇംഗ്ലണ്ടില്‍ സമനില പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിജയത്തിനടുത്തെത്തി. എന്നാല്‍ നാളെ ഡൊമിനിക്കയില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസിലെ പരമ്പരയില്‍ മാറ്റത്തിന്റെ പാതയിലുള്ള ടീമാണ് പന്തെറിയുന്നത്. എല്ലാ പെയ്‌സ് ബൗളര്‍മാരും കൂടി നേടിയത് ആകെ 88 വിക്കറ്റാണ്. അതില്‍ അമ്പത്തിരണ്ടും മുഹമ്മദ് സിറാജിനാണ്. 100 വിക്കറ്റെടുത്ത ഒരു പെയ്‌സ്ബൗളര്‍ പോലുമില്ലാതെ അവസാനം ഇന്ത്യ കളിച്ചത് 2013 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നാട്ടിലെ പരമ്പരയിലായിരുന്നു. ആ പരമ്പരയില്‍ പെയ്‌സ്ബൗളിംഗ് ആവശ്യമുണ്ടായിരുന്നില്ല. മുഹമ്മദ് ഷമിക്ക് വിശ്രമമാണ്. ഇശാന്ത് ശര്‍മയുടെ കാലം കഴിഞ്ഞു. ജസ്പ്രീത് ബുംറ ഏത് അവസ്ഥയിലാണ് തിരിച്ചുവരികയെന്ന് വ്യക്തമല്ല. 35 കഴിഞ്ഞ ഉമേഷ് യാദവ് തിരിച്ചുവരുമോയെന്ന് തന്നെ ഉറപ്പില്ല. 
സ്പിന്നര്‍മാര്‍ ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും കാര്യമായ സംഭാവന നല്‍കുന്ന കാലത്താണ് ഈ പെയ്‌സ്ബൗളിംഗ് ക്ഷാമം. ലോക ടെസ്റ്റ് ചാ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിട്ടത് ഇരുനൂറിലേറെ വിക്കറ്റെടുത്ത നാല് പെയ്‌സ്ബൗളര്‍മാരുമായാണ്. 
അതിനാല്‍ തന്നെ ഈ പരമ്പര ഇന്ത്യന്‍ ടീമിന് വെല്ലുവിളിയായിരിക്കും. വിന്‍ഡീസ് ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ടാവില്ല. പക്ഷെ ടെസ്റ്റില്‍ ഹോം മത്സരങ്ങളില്‍ അവര്‍ കരുത്തരാണ്. ഇംഗ്ലണ്ടിനെ തുടര്‍ച്ചയായ രണ്ട് ഹോം പരമ്പരകളില്‍ അവര്‍ തോല്‍പിച്ചിട്ടുണ്ട്. ശ്രീലങ്കയും പാക്കിസ്ഥാനുമായി സമനില നേടി. എന്നാല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കരീബിയയില്‍ നന്നായി കളിച്ചിട്ടുണ്ട്. 
കെമാര്‍ റോച്ചും ഷാനന്‍ ഗബ്രിയേലും ജെയ്‌സന്‍ ഹോള്‍ഡറും അള്‍സാരി ജോസഫും ഒന്നിനൊന്ന് മികച്ച പെയ്‌സര്‍മാരാണ്. പക്ഷെ ഇന്ത്യയുടെ ടെസ്റ്റുകള്‍ അരങ്ങേറുന്ന റൂസോയും പോര്‍ട് ഓഫ് സ്‌പെയിനും പരമ്പരാഗതമായി പെയ്‌സനുകൂലമല്ല. ഇന്ത്യന്‍ സ്പിന്നിനെ നിര്‍വീര്യമാക്കുന്നതാണ് പിച്ചെങ്കില്‍ വിന്‍ഡീസിന് നല്ല സാധ്യതയുണ്ട്. 21 വര്‍ഷം മുമ്പാണ് ടെസ്റ്റില്‍ ഇന്ത്യയെ വെസ്റ്റിന്‍ഡീസ് തോല്‍പിച്ചത്. 
പെയ്‌സ്ബൗളിംഗില്‍ മാത്രമല്ല, ക്യാപ്റ്റനും കോച്ചും കൂടി അവസാന നാളുകളെണ്ണുകയാണ്. ലോകകപ്പില്‍ പ്രകടനം മോശമായാല്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും തുടരണമെന്നില്ല. ബാറ്റിംഗില്‍ ചേതേശ്വര്‍ പൂജാരക്കു പകരം വണ്‍ഡൗണായി യശസ്വി ജയ്‌സ്വാള്‍ കളിക്കും. വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരും ദീര്‍ഘകാലം ഇന്ത്യന്‍ ടീമിലുണ്ടാവില്ല. വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്കും ഇന്ത്യക്ക് കാര്യമായ നഷ്ടമാണ്. 
വിന്‍ഡീസിനെതിരായ 11 ടെസ്റ്റില്‍ 60 വിക്കറ്റാണ് ആര്‍. അശ്വിന്റെ സമ്പാദ്യം. തന്റെ അഞ്ച് ടെസ്റ്റ് സെഞ്ചുറികളില്‍ നാലും അശ്വിന്‍ നേടിയത് വിന്‍ഡീസിനെതിരെയാണ്. ഡൊമിനിക്കക്കാരനായ അലിക് അതനാസെ ആദ്യ ടെസ്റ്റില്‍ അരങ്ങേറുമെന്ന വിശ്വാസത്തിലാണ് ആതിഥേയ കാണികള്‍. പരിക്കേറ്റ കയ്ല്‍ മയേഴ്‌സിനു പകരം മധ്യനിരയിലാണ് ഇരുപത്തിനാലുകാരന്‍ ബാറ്റ് ചെയ്യുക. 

Latest News