ദല്‍ഹി - തെന്നിന്ത്യക്കാരിയായ പ്രമുഖ സ്പ്രന്റര് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. മേയില്‍ റാഞ്ചിയില്‍ നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സിലാണ് ഈ അത്ലറ്റ് അവസാനം മത്സരിച്ചത്. ഭുവനേശ്വറില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. പരിക്കാണെന്നാണ് അന്ന് കാരണം പറഞ്ഞത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. താല്‍ക്കാലികമായി സസ്പെന്റ് ചെയ്തിട്ടുണ്ട്.
4-100 വനിതാ റിലേയില്‍ ഈ പെണ്‍കുട്ടിയുള്‍പ്പെടെ അഞ്ച് പേരുടെ പട്ടിക ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രിയില്‍ അത്ലറ്റിക്സ് ഫെഡറേഷന് ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള അമ്പത്തിനാലംഗ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയില്‍ 4-100 റിലേ ടീമിന്റെ പേരുണ്ടായിരുന്നില്ല. ഇന്ത്യയുടെ മികച്ച സ്പ്രിന്റര്‍മാരായ എസ്. ധനലക്ഷ്മി, ദുതിചന്ദ് എന്നിവര്‍ ഇപ്പോള്‍ തന്നെ ഉത്തേജക വിലക്ക് കാരണം സസ്പെന്‍ഷനിലാണ്. ഹിമ ദാസിന് പരിക്കാണ്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യന്‍ അത്ലറ്റിക്സിനെ നാണം കെടുത്തി ഉത്തേജക വാര്‍ത്ത പുറത്തുവരുന്നത്. ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷോട്പുട്ടില്‍ മെഡല്‍ നേടിയ കരണ്‍വീര്‍ സിംഗും കഴിഞ്ഞ ദിവസം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. കരണ്‍വീറിനെ ബാങ്കോക്ക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. കരണ്വീറിന്റെ സാമ്പിള്‍ ശേഖരിച്ചത് ഭുവനേശ്വറിലെ ഇന്റര്‍ സ്റ്റെയ്റ്റ് ചാമ്പ്യന്ഷിപ്പിലാണോ അതോ പട്യാലയിലെ എന്‍.ഐ.എസ് ക്യാമ്പിലാണോയെന്ന് വ്യക്തമല്ല.
ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഏഷ്യന്‍ റെക്കോര്‍ഡ് ജേതാവായ തേജീന്ദര്‍പാല്‍ തൂറാണ്. രണ്ടാം സ്ഥാനത്താണ് ഇരുപത്തഞ്ചുകാരനായ കരണ്‍വീര്‍. ഇന്റര്‍ സ്റ്റെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തൂറിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിയിരുന്നു. കരണ്‍വീര്‍ പുറത്തായതോടെ തൂര്‍ മാത്രമേ ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട്പുട്ട് മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി ഉണ്ടാവൂ.






