ആവേശമായി നദാല്‍, ആന്ദ്രിയേവ മുന്നോട്ട്

ലണ്ടന്‍ - വിംബിള്‍ഡണ്‍ ടെന്നിസില്‍ പതിനാറുകാരി മിറ ആന്ദ്രിയേവയുടെ കുതിപ്പ് തുടരുന്നു. യോഗ്യതാ റൗണ്ടിലൂടെ വന്ന പതിനാറുകാരി ഇരുപത്തിരണ്ടാം സീഡ് അനസ്താസിയ പോടപോവയെ ഞെട്ടിച്ച് പ്രി ക്വാര്‍ട്ടറിലെത്തി (6-2, 7-5). രണ്ടാം സെറ്റില്‍ 1-4 ന് പിന്നിലായ ശേഷമാണ് തിരിച്ചടിച്ചത്. ഒമ്പതാം ഗെയിമില്‍ ഏഴ് ബ്രെയ്ക്‌പോയന്റുകള്‍ പാഴാക്കിയ ശേഷം ജയിച്ചുകയറി. തന്റെ പോരാട്ടവീര്യത്തിന് പ്രചോദനം മുന്‍ ലോക ഒന്നാം നമ്പര്‍ റഫായേല്‍ നദാലാണെന്ന് റഷ്യന്‍ താരം പറഞ്ഞു. 2022 അവസാനം ലോക റാങ്കിംഗില്‍ 293ാം സ്ഥാനത്തായിരുന്നു ആന്ദ്രിയേവ. ഇപ്പോള്‍ അഞ്ച് ലക്ഷം ഡോളറിലുമേറെയാണ് അവരുടെ പ്രൈസ് മണി. സൈബീരിയയിലെ ക്രാസ്‌നോയാര്‍സ്‌ക്കുകാരിയായ ആന്ദ്രിയേവ ഇരുപത്തഞ്ചാം സീഡ് മാഡിസന്‍ കീസുമായാണ് പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. 
ഉക്രൈന്റെ ലിസ സുരെങ്കോയെ 6-1, 6-1 ന് തകര്‍ത്ത് നാലാം സീഡ് ജെസിക്ക പെഗൂല ക്വാര്‍ട്ടറിലെത്തി. മാര്‍കെറ്റ വന്‍ഡ്രൂസോവയുമായി പെഗൂല ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. മരിയ ബൂസ്‌കോവയെയാണ് വന്‍ഡ്രൂസോവ പ്രി ക്വാര്‍ട്ടറില്‍ മൂന്നു സെറ്റില്‍ കീഴടക്കിയത്. 
പുരുഷ വിഭാഗത്തില്‍ ലോക 92ാം നമ്പര്‍ റോമന്‍ സാഫിയുലിന്‍ ആദ്യമായി ഗ്രാന്റ്സ്ലാം ക്വാര്‍ട്ടറിലെത്തി. ഡെനിസ് ഷോപോവ്‌ലോവിനെ ഇരുപത്തഞ്ചുകാരന്‍ നാലു സെറ്റില്‍ തോല്‍പിച്ചു. ഫ്രാന്‍സിസ് തിയാഫുവിനെ തോല്‍പിച്ച് ഗ്രിഗര്‍ ദിമിത്രോവും ക്വാര്‍ട്ടറിലെത്തി. 
വനിതാ സിംഗിള്‍സില്‍ കെയ്റ്റി ബൂള്‍ടറെ നിലവിലെ ചാമ്പ്യന്‍ എലേന റിബാകീന തകര്‍ത്തതോടെ ഹോം ഗ്രാന്റ്സ്ലാമില്‍ ബ്രിട്ടിഷ് പ്രതീക്ഷ അസ്തമിച്ചു. പ്രി ക്വാര്‍ട്ടറില്‍ ഒരു ബ്രിട്ടിഷ് താരം പോലുമില്ല. മൂന്നാം സീഡായ റിബാകീന 6-1, 6-1 നാണ് ബൂള്‍ടറെ നിലംപരിശാക്കിയത്. ഒരു മണിക്കൂര്‍ പോലും കളി നീണ്ടില്ല. ഏഴ് എയ്‌സുകള്‍ പറത്തിയ റഷ്യന്‍ വംശജ അഞ്ചു തവണ ബൂള്‍ടറുടെ സെര്‍വീസ് തകര്‍ത്തു. ബ്രസീലിന്റ ബിയാട്രിസ് ഹദ്ദാദ് മിയയെയാണ് റിബാകീന പ്രി ക്വാര്‍ട്ടറില്‍ നേരിടുക.


 

Latest News