കൊച്ചി - കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം സഹല്‍ അബ്ദുസമദിനെ വാങ്ങാന്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ഒരുങ്ങുന്നതായി സൂചന. കരാര്‍ ഉറപ്പായാല്‍ റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കായിരിക്കും സഹല്‍ കൊല്‍ക്കത്ത ക്ലബ്ബിലെത്തുക. സഹലിന് വേണ്ടി രണ്ടരക്കോടിയോളം മുടക്കാന്‍ മോഹന്‍ ബഹാന്‍ തയാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സിറ്റി എഫ്.സി, ചെന്നൈയിന് എഫ്.സി തുടങ്ങിയ ക്ലബുകളും സഹലിനായി രംഗത്തുണ്ടെന്നാണ് സൂചന. എന്നാല്‍ മോഹന്‍ ബഗാനിലേക്ക് പോവാനാണ് സാധ്യത. ട്രാന്‍സ്ഫര്‍ തുകയ്ക്കൊപ്പം മോഹന്‍ ബഗാന്റെ ഒരു താരവും ബ്ലാസ്റ്റേഴ്സിലെത്തും.
നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാനിധ്യം കൂടിയായ സഹലിനെ സ്വന്തമാക്കാന്‍ സൗദി പ്രോ ലീഗില്‍ നിന്ന് ഓഫറുകളുണ്ടായിരുന്നതായി നേരത്തെ ചില ഫുട്ബോള്‍ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി പ്രാഥമിക അന്വേഷണം നടന്നുവെന്ന് ബ്ലാസ്റ്റേഴ്സ് അനൗദ്യോഗിക വൃത്തങ്ങളും അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്സില്‍ 2025 വരെ സഹലിന് കരാറുണ്ട്. ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് സഹല്‍. ആറുവര്‍ഷമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയിലാണ് ഇരുപത്താറുകാരന് കളിക്കുന്നത്.
രണ്ട് ദിവസത്തിനകം ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രീസീസണ് ക്യാമ്പ് ആരംഭിക്കും. മിക്ക താരങ്ങളും കൊച്ചിയിലെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് ദിവസം ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സഹല്‍ ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ജൂലൈ 30നായിരിക്കും ടീം ഡ്യൂറന്റ് കപ്പിനായി കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുക. സെപ്റ്റംബര്‍ ആദ്യവാരം പ്രീസീസണിനായി ദുബൈയിലേക്കും പോവും.






