Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പർവതങ്ങൾ കീഴടക്കിയ പന്തളത്തുകാരൻ

കിളിമഞ്ചാരോ പർവതനിരകളിൽ, ഷെയ്ഖ് ഹസൻ ഖാൻ 
എവറസ്റ്റിന്റെ മുകളിൽ 
അലാസ്‌കയിലെ മൗണ്ട് ദെനാലി കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാൻ
എവറസ്റ്റ് ബേസ് ക്യാമ്പിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ

വെല്ലുവിളികളെ ധീരമായി നേരിടാനുള്ള ഷെയ്ക്ക് ഹസൻ ഖാന്റെ കഴിവ് ആരേയും അതിശയിപ്പിക്കും. ഏതു ദുർഘടാവസ്ഥയെയും അനായാസം തരണം ചെയ്യാനുള്ള കരുത്താണ് ഈ സാഹസികനെ ഗിരിശിഖരങ്ങളുടെ ഇഷ്ടക്കാരനാക്കിയത്. ഇരുപത് നാൾ നീണ്ടു നിന്ന അമേരിക്കയിലെ അലാസ്‌ക ദെനാലി മലകയറ്റശേഷം ഈ പന്തളത്തുകാരൻ അടുത്തിടെ തിരിച്ചെത്തി. അദ്ദേഹം പറഞ്ഞ പർവതാരോഹണകഥകളിലൂടെ...


പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയായ ഷെയ്ഖ് ഹസൻ ഖാൻ, സംസ്ഥാന ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ്.
ലോകത്തിലെ തണുപ്പേറിയ പർവതങ്ങളിലൊന്നായ അലാസ്‌കയിലെ മൗണ്ട് ദെനാലി കീഴടക്കി തിരിച്ചെത്തിയിരിക്കുകയാണ് ഇദ്ദേഹം. മുഴുവൻ സമയവും മഞ്ഞു മൂടിക്കിടക്കുന്ന രാവെന്നോ പകലെന്നോ ഭേദമില്ലാതെ സദാസമയവും സൂര്യനുദിച്ചുനിൽക്കുന്ന ദെനാലി. 
കഴിഞ്ഞ വർഷം എവറസ്റ്റ് കീഴടക്കിയ പിൻബലമാണ് ഈ പർവതാരോഹകനെ അമേരിക്കയിലെ ദെനാലിയിലെത്തിച്ചത്. മേയ് പതിനാറിന് അമേരിക്കയിലെത്തിയ ഷെയ്ക്ക് ഹസൻ മേയ് ഇരുപത്തിമൂന്നിന് അലാസ്‌കയിൽ നിന്നാണ് യാത്ര തുടങ്ങിയത്. പർവതാരോഹണം തുടങ്ങിയതാകട്ടെ മേയ് ഇരുപത്തിയാറിനും. ഒടുവിൽ ഇരുപതു ദിവസം കൊണ്ട് ദെനാലിയും കീടഴക്കി ജൂൺ മാസം ഇരുപത്തിരണ്ടിന് ദൽഹിയിൽ മടങ്ങിയെത്തുകയായിരുന്നു.


സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഹസൻ ഖാൻ നടത്തുന്ന ലോക പർവതാരോഹണ ദൗത്യത്തിലെ മൂന്നാമത്തെ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക. അമേരിക്കൻ പൗരന്മാരായ മറ്റു മൂന്നു പേർക്കൊപ്പമായിരുന്നു പർവതാരോഹണം. ഹർ ദേശ് തിരംഗ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ അഞ്ചുവർഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും 195 രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും ഇന്ത്യൻ ദേശീയ പതാക പാറിക്കാനാണ് ഷെയ്ക്ക് ഹസ്സൻ ലക്ഷ്യമിടുന്നത്.


പന്തളം കൂട്ടംവെട്ടിയിൽ അലി അഹമ്മദിന്റെയും ഷാഹിദ ഖാന്റെയും രണ്ടു മക്കളിൽ മൂത്തവനായ ഷെയ്ക്ക് ഹസ്സൻ ബി.ടെക്കും എം.ടെക്കും പാസായതിനുശേഷം പോസ്റ്റൽ വകുപ്പിൽ അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സെക്രട്ടേറിയറ്റിലെ ധനകാര്യവകുപ്പിൽ അസിസ്റ്റന്റായി ജോലി ലഭിച്ചു. ജോലിയുടെ ഭാഗമായി ദൽഹിയിലെ കേരള ഹൗസിൽ ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കവേയാണ് പർവതാരോഹണത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലുദിക്കുന്നത്. ദൽഹിയിൽനിന്നും ഡാർജിലിങ്ങിലേയ്ക്കുള്ള ഒരു യാത്രയാണ് പ്രചോദനമായത്. അവിടെ ചെന്നപ്പോൾ ടൂറിസ്റ്റുകൾക്ക് മുപ്പതു രൂപ നൽകിയാൽ വാൾ ക്ലൈംബിംഗ് ചെയ്യാമായിരുന്നു. ആ കയറ്റമാണ് എന്തുകൊണ്ട് തനിക്കും എവറസ്റ്റ് കയറിക്കൂടാ എന്ന ചിന്തയുണ്ടാക്കിയത്.
എല്ലാവരുടെയും മനസ്സിൽ ഒരു എവറസ്റ്റ് ഉണ്ടെന്നും ഉറങ്ങിക്കിടക്കുന്ന ഇത്തരം ലക്ഷ്യങ്ങളെ തിരിച്ചറിയുന്നില്ലെന്നതുമാണ് സത്യമെന്ന് ഷെയ്ക്ക് ഹസ്സൻ പറയുന്നു. എല്ലാവരുടെയും ഉള്ളിൽ ഇത്തരത്തിലുള്ള തീപ്പൊരിയുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ അത് തട്ടിയുണർത്തുമ്പോഴാണ് നമ്മുടെ ലക്ഷ്യം തിരിച്ചറിയുന്നത്. ആരുടെയെങ്കിലും പിന്തുണ കൂടിയുണ്ടെങ്കിൽ ഇത്തരം സ്വപ്‌നങ്ങൾ വിദൂരമല്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.


പർവതാരോഹണത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ചിന്ത ഖാനെ കൊണ്ടെത്തിച്ചത് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഉത്തര കാശിയിലെ നെഹ്‌റു പർവതാരോഹണ പരിശീലന കേന്ദ്രത്തിലായിരുന്നു. ഒരു മാസത്തെ പരിശീലനത്തിനുശേഷം പശ്ചിമ സിക്കീമിലെ ഒരു കൊടുമുടിയാണ് ആദ്യം കീഴടക്കിയത്. പിന്നീട് ടാൻസാനിയയിലെ കിളിമഞ്ചാരോ കൊടുമുടിയും കീഴടക്കി.
എവറസ്റ്റ് കീഴടക്കുക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നം. എന്നാൽ ഒരു സർക്കാർ ജീവനക്കാരൻ എന്നതിലുപരി മറ്റൊരു വരുമാനമാർഗവുമില്ലായിരുന്നു. ഒടുവിൽ ഭാര്യയുടെ വിവാഹ ആഭരണങ്ങളും സുഹൃത്തുക്കൾ കടമായി നൽകിയ പണവും ബാങ്ക് വായ്പയുമെല്ലാമായി മുപ്പതു ലക്ഷം രൂപ ചെലവിട്ടാണ് എവറസ്റ്റ് കീഴടക്കാനുള്ള പണം സ്വരൂപിച്ചത്. എവറസ്റ്റിൽ കയറാനുള്ള വേഷവിധാനങ്ങൾക്കും ഉപകരണങ്ങൾക്കും യാത്രാ ചെലവിനുമെല്ലാമായിരുന്നു ഈ തുക. പോയവർഷം ഏപ്രിൽ മാസത്തിലായിരുന്നു എവറസ്റ്റ് കീഴടക്കി അവിടെ ഇന്ത്യൻ പതാക പാറിച്ചത്. കേരളത്തിലെ പതിനാലു ജില്ലകളിൽനിന്നുള്ള വിദ്യാർഥികളിൽനിന്നും മലകയറ്റം വിഷയമാക്കി നടത്തിയ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ബേസ് ക്യാമ്പിൽ പ്രദർശിപ്പിച്ചിരുന്നു. എവറസ്റ്റിനു മുകളിൽ കൊടുങ്കാറ്റായതിനാലാണ് ചിത്രങ്ങൾ ബേസ് ക്യാമ്പിൽ പ്രദർശിപ്പിച്ചത്.


എവറസ്റ്റ് കീഴടക്കാനുള്ള യാത്രയിൽ പതിമൂന്നു പേർ ഉണ്ടായിരുന്നെങ്കിലും ഏഴുപേർ മാത്രമായിരുന്നു മുകളിലെത്തിയത്. ബാക്കിയുള്ളവരിൽ പലരും പല ക്യാമ്പുകളിൽനിന്നും പിന്മാറുകയായിരുന്നു. കേരളത്തിൽനിന്നും ഷെയ്ക്ക് ഹസ്സൻ മാത്രമാണ് അക്കൂട്ടത്തിൽ എവറസ്റ്റ് കീഴടക്കിയവരോടൊപ്പമുണ്ടായിരുന്നത്.
എവറസ്റ്റ് കീഴടക്കിയതിനുശേഷമുള്ള പർവതാരോഹണമായിരുന്നു മൗണ്ട് ദെനാലിയിലേത്. 20310 അടിയാണ് ഉയരം. എവറസ്റ്റിനേക്കാൾ ദുർഘടമായിരുന്നു ദെനാലി പർവതത്തിലേയ്ക്കുള്ള കയറ്റം. അൻപത്തിയൊന്ന് ഡിഗ്രി സെൽഷ്യസായിരുന്നു തണുപ്പ്. പോരാത്തതിന് ശക്തമായ കാറ്റും. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിലായിരുന്നു അവിടെ കാറ്റ് വീശിയിരുന്നത്. എവറസ്റ്റ് യാത്രയിൽ വഴിമധ്യേയുള്ള കുഴികൾ അറിയാനുള്ള മാർഗ്ഗമുണ്ടായിരുന്നു. മാത്രമല്ല, കുഴിയിൽ അകപ്പെട്ടാൽ കരകയറാനുള്ള ഏണിയുമുണ്ടായിരുന്നു. എന്നാൽ ദെനാലിയിൽ അത്തരം സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. വഴികാട്ടികളായി ഷെർപ്പകളും ഉണ്ടായിരുന്നില്ല. എന്നോടൊപ്പം മൂന്ന് അമേരിക്കക്കാരായിരുന്നു കൂട്ടിനുണ്ടായിരുന്നത്. അഗാധമായ കുഴികൾ ശ്രദ്ധിച്ചുവേണം കയറാൻ. കുഴിയിൽ വീണാൽ കയറ്റം സാധ്യമല്ലായിരുന്നു. മനസ്സിന്റെ കരുത്തും ഭാഗ്യവും മാത്രം കൈമുതലാക്കിയുള്ള യാത്ര.


7200 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിലേയ്ക്കുള്ള യാത്ര വിമാനത്തിലായിരുന്നു. അവിടെനിന്നാണ് യാത്ര തുടങ്ങുന്നത്. ഐസിൽ കൂടിയാണ് നടത്തം. സൂര്യരശ്മികൾ നേരിട്ട് പതിക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ പതിച്ച് മുഖവും ദേഹമാസകലവും പൊള്ളലുണ്ടാകും. ഉയരം കൂടുന്തോറും ഈ രശ്മികൾ മഞ്ഞിൽ പതിച്ച് അതിന്റെ പ്രതിഫലനം നമ്മളിൽ വളരെയധികം അലോസരങ്ങളുണ്ടാക്കിയിരുന്നു. കാലാവസ്ഥയാണെങ്കിൽ വളരെ മോശമായിരുന്നു. പത്തുവർഷത്തിനുള്ളിൽ വളരെ മോശം കാലാവസ്ഥയായിരുന്നുവെന്ന് കൂടെയുള്ളവർ പറയുന്നുണ്ടായിരുന്നു.
ഓരോ ദിവസത്തെയും കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരുന്നു ഉയരങ്ങളിലേയ്ക്കുള്ള യാത്ര ക്രമീകരിച്ചിരുന്നത്. എല്ലാവരുടെയും കൈയിൽ റേഡിയോ ഉണ്ടായിരിക്കും. രാത്രി എട്ടു മണിയാകുമ്പോൾ റേഞ്ച് ഓഫീസർ അടുത്ത ദിവസത്തെ കാലാവസ്ഥയെക്കുറിച്ച് റേഡിയോയിലൂടെ സൂചന നൽകും. എന്നാൽ പലപ്പോഴും ഇത്തരം പ്രവചനങ്ങൾക്കപ്പുറത്തായിരുന്നു കാര്യങ്ങൾ. ശക്തിയായ കാറ്റും അതിശൈത്യവും അൾട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും അഗാധമായ കുഴികളുമെല്ലാമായിരുന്നു പ്രതിബന്ധങ്ങളായുണ്ടായിരുന്നത്.
ഇരുപത് ദിവസത്തേയ്ക്കുള്ള ഭക്ഷണവും വെള്ളവും ചൂടാക്കാനുള്ള പാത്രവുമെല്ലാമായി എഴുപത് കിലോയോളം ഭാരവും വഹിച്ചായിരുന്നു യാത്ര. ഒരു പ്ലാസ്റ്റിക് ബാഗിലാക്കി കെട്ടിവലിച്ചാണ് സാധനങ്ങളെത്തിച്ചിരുന്നത്. ടെന്റ് കെട്ടാനുള്ള സാമഗ്രികളും ഇക്കൂട്ടത്തിലുണ്ടാകും. ക്ഷീണം തോന്നിയാൽ വെള്ളം തിളപ്പിച്ച് കുടിക്കും. അതിനായി അവിടെത്തന്നെയുള്ള നല്ല ഐസ് ശേഖരിച്ചാണ് വെള്ളമാക്കിയിരുന്നത്.


പന്ത്രണ്ടു ദിവസമെടുത്താണ് മൗണ്ട് ദെനാലിയുടെ മുകളിലെത്തിയത്. ജൂൺ ഏഴിന് ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയോടെയാണ് ഞങ്ങൾ പർവതശിഖരത്തിൽ കാലുകുത്തിയത്. മുകളിലെത്തിയപ്പോൾ ശക്തമായ കാറ്റിൽ മുൻപിൽ നിൽക്കുന്നയാളെപോലും കാണാനാവാത്ത അവസ്ഥയായിരുന്നു. പർവതത്തിനു മുകളിൽ കൊടുങ്കാറ്റായതിനാൽ തൊട്ടുതാഴെയുള്ള ക്യാമ്പിലാണ് ഇന്ത്യൻ പതാക പാറിച്ചത്.
മടക്കയാത്ര തുടങ്ങിയപ്പോഴേയ്ക്കും എല്ലാവരുടെയും ഫോൺ നിശ്ചലമായിരുന്നു. യാതൊരുവിധ ആശയവിനിമയവും സാധ്യമല്ലാത്ത അവസ്ഥ. ദുർഘടമായ യാത്രയിൽ സുരക്ഷിതമായി താഴെയെത്തുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. കൂടെയുണ്ടായിരുന്ന മൂന്ന് അമേരിക്കക്കാരിൽ ഒരാൾ എവറസ്റ്റ് യാത്രയിലും കൂടെയുണ്ടായിരുന്നു. യാത്രക്കായി പതിനഞ്ചു ലക്ഷം രൂപയോളം ചെലവായി. പത്തനംതിട്ട മുസലിയാർ കോളേജിലെ ബിടെക് സഹപാഠികളാണ് വിമാനടിക്കറ്റിനുള്ള രണ്ടര ലക്ഷം  രൂപ നൽകി സഹായിച്ചത്. അമേരിക്കയിലുണ്ടായിരുന്ന സുഹൃത്തുക്കൾ അവിടെയുള്ള ചെലവും വഹിച്ചു. അതുകൊണ്ടുതന്നെ വലിയ സാമ്പത്തികബാധ്യത അനുഭവിക്കേണ്ടിവന്നില്ല. മടക്കയാത്രയിൽ കൊളറാഡോയിലുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിന്റെ കൂടെയാണ് താമസിച്ചത്. ഞങ്ങളെല്ലാവരുമൊന്നിച്ച് റോക്കി പർവതനിരയിലെ മൗണ്ട് എൽബർട്ട് പർവതവും കീഴടക്കിയിരുന്നു. കൊളറാഡോയിലെ ഏറ്റവും വലിയ കൊടുമുടിയാണ് മൗണ്ട് എൽബർട്ട്.


യാത്രയുടെ ബാക്കിപത്രമെന്നു പറയാൻ പത്തു കിലോ ഭാരം കുറഞ്ഞു എന്നുള്ളതാണ്. മാത്രമല്ല, മുഖമെല്ലാം പൊള്ളിപ്പോയിരുന്നു. എങ്കിലും കൗതുകം അവിടെയും അവസാനിക്കുന്നില്ല. അടുത്ത ലക്ഷ്യം റഷ്യയിലെ മൗണ്ട് എൽബ്രൂസാണ്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. എട്ടു ദിവസത്തെ യാത്ര കൊണ്ട് മൗണ്ട് എൽബ്രൂസ് കീഴടക്കാനാവും. തുടർന്ന് ജപ്പാനിലെ മൗണ്ട് ഫിജിയും കീഴടക്കണം. മൗണ്ട് ഫിജി കയറാൻ രണ്ടു ദിവസം മതി. വരുന്ന ആഗസ്റ്റ് പതിനഞ്ചിന് മൗണ്ട് ഫിജിയിൽ ഇന്ത്യൻ പതാക പാറിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിനായി ആറുലക്ഷം രൂപ ചെലവ് വരും. സ്‌പോൺസർമാരെ കണ്ടെത്താനുള്ള പരിശ്രമവും നടക്കുന്നുണ്ട്.


ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയാണ് ലക്ഷ്യം. ഇപ്പോൾ മൂന്ന് ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിക്കഴിഞ്ഞു. റഷ്യയിലെ മൗണ്ട് എൽബ്രൂസും കീഴടക്കിയാൽ നാലാകും. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കാൻ അൻപതു ലക്ഷം രൂപ ചെലവ് വരും. അടുത്ത ഡിസംബറിൽ ഈ ഉദ്യമം പൂർണ്ണതയിലെത്തിക്കുകയാണ് ലക്ഷ്യം. സ്‌പോൺസർമാരുണ്ടെങ്കിലേ ആ ലക്ഷ്യവും പൂർണ്ണമാവുകയുള്ളു.
യാത്രകളിലൂടെ ലഭിക്കുന്ന ഊർജം മറ്റുള്ളവരിലേയ്ക്കുകൂടി പകർന്നുനൽകാൻ ഈ പർവതാരോഹകൻ ശ്രമിക്കാറുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസുകളും നൽകാറുണ്ട്. മാതാപിതാക്കളും ഭാര്യയും മകളും നൽകുന്ന കരുത്താണ് തനിക്ക് പ്രചോദനമെന്ന് ഷെയ്ക്ക് ഹസ്സൻ ഖാൻ പറയുന്നു. ബി.ടെക്കുകാരിയായ ഭാര്യ ഖദീജാറാണി ഓൺലൈൻ വഴി വിദ്യാർഥികൾക്ക് മാത്തമാറ്റിക്‌സ് ക്ലാസ് നൽകുന്നുണ്ട്. മകൾ ജഹനാരാ മറിയം ഒന്നാം ക്ലാസ് വിദ്യാർഥിനി.

Latest News