പ്രമുഖ ഉർദു എഴുത്തുകാരി ഖുർറത്തുലൈൻ ഹൈദർ പറയുന്നുണ്ട്: 'ഈ ആത്മകഥ വായിക്കണം. അത് ഒരു സ്ത്രീ ഓരൊത്തുതീർപ്പുമില്ലാതെ, നിർഭയമായി ലോകത്തെ തന്റെ അദമ്യമായ മനക്കരുത്തിലേക്ക് വലിച്ചടുപ്പിച്ചു ജീവിച്ചതിന്റെ രേഖയാണ്'. അതെ ആ കാലത്തു അവർ അങ്ങനെ ജീവിച്ചു എന്നത് അത്ഭുതം തന്നെയാണ്.
ഗാന്ധിജി കൊല്ലപ്പെട്ട ദിവസം അവർക്ക് വാർത്ത വായിക്കാനായില്ല. വേദനയാൽ, ഭയത്താൽ അവർ സ്തബ്ധയായിപ്പോയി. ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ വാർത്താ വായനക്കാരിയാണ് അവർ - സായിദാ ബാനു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ട് ദിവസം മുൻപാണ് അവർ ദൽഹിയിൽ ആൾ ഇന്ത്യ റേഡിയോവിൽ ന്യൂസ് റീഡർ ആയി ചേർന്നത്. അതായത് 1947 ഓഗസ്റ്റ് 13 ന്. ആ കാലത്ത് ഒരു മുസ്‌ലിം സ്ത്രീ ഇങ്ങനെ ഒരു പുതിയ ലോകത്തേക്ക് കടന്നു വരിക എന്നത് അത്ര എളുപ്പമായ കാര്യമല്ല. സായിദാ ബാനു തെരഞ്ഞെടുത്തതും എളുപ്പമുള്ള ജീവിതമായിരുന്നില്ല.
1913 ൽ മധ്യപ്രദേശിലെ ഭോപാലിലാണ് അവർ ജനിച്ചത്. നവാബ് സുൽത്താൻ ജഹാൻ ബീഗമിന്റെ കയ്യിലായിരുന്നു അന്ന് ഭോപാൽ. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകിയിരുന്ന ഭരണാധികാരിയായിരുന്നു ജഹാൻ ബീഗം. ഇത് സായിദാ ബാനുവിനു പ്രോത്സാഹനമായി.
ഭോപാലിൽ നിന്ന് സായിദാ ബാനുവിന്റെ കുടുംബം ലഖ്നോവിലേക്കു താമസം മാറ്റി. സായിദാ ബാനുവിന്റെ പിതാവ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു. അത് വലിയ പിന്തുണയായി. സായിദാ ബാനുവിന് പഠിക്കാൻ പ്രോത്സാഹനം നൽകി. സായിദാ ബാനു പഠനത്തെക്കാൾ സ്‌പോർട്‌സിൽ മികവ് കാണിച്ചു. അൽപം വികൃതിക്കുട്ടിയായിരുന്നു അവർ. അന്ന്, ബ്രിട്ടീഷ് ഭരണകാലത്തു സ്ത്രീകളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ അത്ര യാഥാസ്ഥിതികത്വം ഉണ്ടായിരുന്നില്ല.
എന്നാൽ ഈ സ്വസ്ഥത അധികം നീണ്ടുനിന്നില്ല. അവർക്ക് ഒരു വിവാഹാലോചന വന്നു. വളരെ വലിയ ഒരു കുടുംബത്തിൽ നിന്ന്. അബ്ബാസ് റാസ ഒരു സിവിൽ ജഡ്ജി ആയിരുന്നു. സായിദാ വികാരഭരിതമായ ഒരു നാല് പേജുള്ള കത്ത് അവരുടെ പിതാവിനെഴുതി. എന്തുകൊണ്ട് ഈ വിവാഹം വേണ്ട എന്ന് സമർത്ഥിച്ചുകൊണ്ട്. എന്നാൽ അതിനു പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. വിവാഹം നടന്നു.
സായിദാ അവരുടെ ആത്മകഥ - ഓഫ് ദി ബീറ്റൻ ട്രാക്ക്, ദി സ്റ്റോറി ഓഫ് മൈ അൺ കൺവെഷണൽ ലൈഫ് - ൽ പറയുന്നുണ്ട്, ഒരിക്കലും അവരുടെ വ്യക്തിത്വം അവരുടെ ഭർത്താവ് മനസ്സിലാക്കിയിരുന്നില്ല, അംഗീകരിച്ചിരുന്നുമില്ല. എന്നാൽ സ്‌നേഹമൊക്കെ ഉണ്ടായിരുന്നു. അവരുടെ ഭർത്താവിന്റെ പിതാവ് അവരെ ഒരുപാട് പിന്തുണച്ചിരുന്നു. അവർ പരസ്പരം പലകാര്യങ്ങളും ചർച്ച ചെയ്തിരുന്നു.
ആ വിവാഹബന്ധം അധികം നീണ്ടുനിന്നില്ല. പ്രണയമില്ലാത്ത ആ ബന്ധത്തിൽ നിന്നും അവർ ഇറങ്ങി നടന്നു. അവരുടെ ആത്മകഥയിൽ പറയുമ്പോലെ സ്വീകാര്യതയുടെ, കുടുംബ ബന്ധങ്ങളുടെ, സാമ്പത്തിക സുരക്ഷിതത്വത്തിന്റെ എല്ലാ സുഖലോലുപതയുടെയും ശീതളിമ ഉപേക്ഷിച്ച് അവർ സാമ്പ്രാദായികമല്ലാത്ത ഒരു ജീവിതം തുടങ്ങുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന അതേ മാസത്തിൽ.
ദൽഹിയിലേക്കാണ് അവർ പോയത്. അവിടെ ആകാശവാണിയിൽ ഉർദു ന്യൂസ് റീഡർ പോസ്റ്റിന് അപേക്ഷിച്ചിരുന്നു. അവർ വിജയലക്ഷ്മി പണ്ഡിറ്റിനെ നേരിട്ട് വിളിച്ചു സഹായം തേടി. അവർക്ക് ആ ജോലി ലഭിച്ചു. ലഖ്നോ റേഡിയോവിൽ ഉർദു പരിപാടികൾ അവതരിപ്പിച്ചുള്ള പരിചയം അവർക്ക് തുണയായി. കുട്ടികളെ പഠിപ്പിക്കണം, ജോലി ചെയ്യണം, ജീവിതം അത്ര എളുപ്പമായിരുന്നില്ല. അവർ ധൈര്യം കളഞ്ഞില്ല. ആ കാലത്ത് ഒരു സ്ത്രീയും എടുക്കാൻ ചങ്കൂറ്റം കാണിക്കാത്ത ഒരു നിലപാടാണ് സായിദ എടുത്തത്.
വായനക്കാരി എന്ന നിലക്ക് അവർക്ക് നല്ല അംഗീകാരം ലഭിച്ചു. അവരുടെ വാർത്താവായനയെ പ്രകീർത്തിച്ചുകൊണ്ട് നിത്യേന നിരവധി കത്തുകൾ വന്നു കൊണ്ടിരുന്നു. അവരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടും കത്തുകൾ വന്നു. വിഭജന കാലത്ത്, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന കത്തുകളും വന്നിരുന്നു.
പ്രസിദ്ധ ഗായിക ബീഗം അക്തർ ഇവരുടെ സുഹൃത്ത് ആയിരുന്നു. അതിലുപരി അവർക്ക് പാടുന്നതിനുള്ള അവസരങ്ങൾ കണ്ടെത്താൻ സായിദ ശ്രമിച്ചിരുന്നു. പിന്നീട് അവരുടെ ജീവിത പങ്കാളിയായി മാറിയ ഇഷ്തിയാക്ക് അബ്ബാസിയെ പരിചയപ്പെടുന്നതും സായിദയിലൂടെയാണ്.
ദൽഹിയിൽ വൈ.എം.സി.എയിൽ താമസിച്ചു കൊണ്ടായിരുന്നു ആദ്യകാലത്ത് അവർ ജോലി ചെയ്തിരുന്നത്. ഇളയ മകൻ അവരുടെ കൂടെ ആയിരുന്നു. മൂത്ത മകൻ ബോർഡിംഗിലും. ദൽഹിയിൽ വിഭജനത്തിന്റെ പേരിൽ ലഹളകൾ നടക്കുമ്പോഴും അവർ ജോലിയിൽ ഉണ്ടായിരുന്നു.
സ്വന്തമായി ഡ്രൈവ് ചെയ്യാൻ അക്കാലത്തു തന്നെ അവർ പഠിച്ചിരുന്നു. തീർത്തും സ്വതന്ത്രമായൊരു ജീവിതം. സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്കോ സ്വീകാര്യതക്കോ വേണ്ടി ഒന്നും ചെയ്യാൻ അവർ തയ്യാറായിരുന്നില്ല.
അവരുടെ ആത്മകഥ 'ഡാഗർ സെ ഹാത്കർ' പ്രസിദ്ധീകരിക്കുന്നത് 1994 ലാണ്. ഉർദു ഭാഷയിലാണ് അത് എഴുതിയിട്ടുള്ളത്. പിന്നീട് അവരുടെ പേരമകളാണ് അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ദൽഹിയിൽ സായിദാ ബാനു വിനെ സന്ദർശിച്ചപ്പോൾ പേരമകൾ -ഷഹാന റാസയോട് ആത്മകഥ പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഉർദു ഭാഷ വായിക്കാൻ അറിയാത്തതിനാൽ ഷഹാന മടിച്ചു നിന്നു.
പിന്നീട് ഷഹാന അമേരിക്കയിലേക്ക് യാത്രയായപ്പോൾ അവർക്ക് ഈ ആത്മകഥ വായിച്ചു റെക്കോർഡ് ചെയ്തു അയച്ച് കൊടുത്തു. അങ്ങനെ വർഷങ്ങളെടുത്ത് അത് കേട്ടു പരിഭാഷപ്പെടുത്തുകയായിരുന്നു. 2020ലാണ് പരിഭാഷ 'ഓഫ് ദി ബീറ്റൻ ട്രാക്ക്, ദി സ്റ്റോറി ഓഫ് മൈ അൺ കൺവെൻഷനൽ ലൈഫ് ' എന്ന പേരിൽ പുറത്തു വരുന്നത്. ഷഹാന, എന്താണ് ഈ ആത്മകഥ വേറിട്ടതാക്കുന്നത് എന്ന് പറയുന്നുണ്ട്, അതിൽ മുഖ്യം ഈ ആത്മകഥയുടെ അഗാധമായ സത്യസന്ധത തന്നെയാണ്.
വിവാഹിതനായ, ദൽഹി മേയറായിരുന്ന നൂറുദീൻ അഹമ്മദുമായി ഉണ്ടായിരുന്ന ദീർഘനാളത്തെ ആഴത്തിലുള്ള ആത്മബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്. അവർ വിവാഹം കഴിച്ചിരുന്നില്ല, എങ്കിലും ആ ബന്ധം പൂർണമായിരുന്നു, കാരണം അത് ആഴത്തിലുള്ള പ്രണയമായിരുന്നു.
പ്രമുഖ ഉർദു എഴുത്തുകാരി ഖുർറത്തുലൈൻ ഹൈദർ പറയുന്നുണ്ട്: 'ഈ ആത്മകഥ വായിക്കണം. അത് ഒരു സ്ത്രീ ഓരൊത്തുതീർപ്പുമില്ലാതെ, നിർഭയമായി ലോകത്തെ തന്റെ അദമ്യമായ മനക്കരുത്തിലേക്ക് വലിച്ചടുപ്പിച്ചു ജീവിച്ചതിന്റെ രേഖയാണ്'.
അതെ ആ കാലത്തു അവർ അങ്ങനെ ജീവിച്ചു എന്നത് അത്ഭുതം തന്നെയാണ്.






