Sorry, you need to enable JavaScript to visit this website.

'നിങ്ങൾ ഈ കാണിക്കുന്നത് വൃത്തികേടാണ് '

ഇന്ത്യയിൽ കുറച്ചു കാലമായി വ്യാജ വാർത്തകളുടെ പൂക്കാലമായിരുന്നു. പ്രത്യേകിച്ചും ഓൺലൈനിൽ. ആർക്കും എന്തും വിളിച്ചു കൂവാം, മനുഷ്യരെ തമ്മിലടിപ്പിക്കാം എന്നതായിരുന്നു അവസ്ഥ. കൂൺ പോലെ മുളച്ചു പൊന്തുന്ന വെബ് സൈറ്റുകളെ നിയന്ത്രിക്കാൻ ആരുമില്ലല്ലോ. യുട്യൂബിലും ഇതു തന്നെ സ്ഥിതി. നന്നായി വാചകമടിക്കാനുള്ള കഴിവുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട. അക്കൗണ്ടിൽ ലക്ഷങ്ങൾ കുന്നു കൂടും. ഈ കെട്ട കാലത്ത് മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് പ്രാധാന്യമേറെയാണ്. 
വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ ഹിന്ദി മാധ്യമമായ ദൈനിക് ഭാസ്‌കറിനെതിരെയാണ്  (നോർത്തിലെ മനോരമയാണ് ഈ പത്രം) മദ്രാസ് ഹൈക്കോടതിയുടെ നടപടി. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ തമിഴ്‌നാട്ടിൽ ആക്രമണം നടക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണിത്. വിഷയത്തിൽ മീഡിയ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ആദ്യ പേജിലോ ഹോം പേജിലോ ഖേദപ്രകടനം നടത്തണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു.  വ്യാജവാർത്ത ആരോപണത്തിൽ ദൈനിക് ഭാസ്‌കറിന്റെ ഡിജിറ്റൽ ഡിവിഷനിലെ ന്യൂസ് എഡിറ്റർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഖേദപ്രകടനം നടത്തണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ട് വെച്ചത്. സ്ഥാപനം നൽകിയ വാർത്ത വ്യാജമാണെന്നും വസ്തുത പരിശോധിക്കാതെയാണ് പ്രസിദ്ധീകരിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. 
പത്രത്തിന്റെ ഡിജിറ്റൽ ഡിവിഷൻ എഡിറ്റർ പ്രസൂൺ മിശ്ര നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വ്യാജവാർത്തകളും സംബന്ധിച്ചായിരുന്നു പ്രസൂൺ മിശ്രയ്‌ക്കെതിരായ പരാതി. ആക്രമണങ്ങളൊന്നും നടന്നില്ലെങ്കിലും വാർത്ത കുടിയേറ്റക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും പലരും നാട്ടിലേക്ക് മടങ്ങുന്നതിന് ഇടയാക്കുകയും ചെയ്തു. ഇതേതടുർന്ന് തമിഴ്നാട്ടിലെ പൊതുസമാധാനം തകർക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത്തരത്തിലാണ് മാധ്യമ സ്ഥാപനത്തിനെതിരേയും കേസെടുത്തത്. ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പൂർ നോർത്ത് പോലീസ് സ്റ്റേഷനും തിരുനിന്ദ്രാവൂർ പോലീസ് സ്റ്റേഷനുമായിരുന്നു ദൈനിക് ഭാസ്‌കറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

***  ***  ***

കേരളത്തിലെ ഒരു ഓൺലൈൻ പോർട്ടലിന് അവാർഡ് ലഭിച്ചത് ദൽഹി ഹൈക്കോടതിയിൽ നിന്നാണ്. 
മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ദൽഹി ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമസ്ഥാപനമായ ന്യൂസ് ലോൻഡറി നൽകിയ മാനനഷ്ടക്കേസിലാണിത്. മാർച്ചിൽ കൊച്ചിയിൽ നടന്ന കട്ടിംഗ് സൗത്ത് എന്ന പരിപാടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന മാനനഷ്ടക്കേസിലാണ് നടപടി. ജസ്റ്റിസ് മനോജ് കുമാർ ഓഹ്രി നോട്ടീസിന്  30 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിയെ കുറിച്ചും അതിലെ സംഘാടകരായ ന്യൂസ് ലോൻഡറി ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളെ കുറിച്ചും അപകീർത്തിപരമായ പ്രചാരണം നടത്തിയെന്നാണ് ആരോപണം. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. കർമ്മ ന്യൂസിൽ നിന്ന് മാപ്പപേക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഓഗസ്റ്റിൽ വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ മാർച്ച് 25 ന്, ന്യൂസ് ലോൺട്രി, കൺഫഌവൻസ് മീഡിയ എന്നിവർ ന്യൂസ് മിനിറ്റിനൊപ്പം കൊച്ചിയിലെ കേരള മീഡിയ അക്കാദമിയിൽ കട്ടിംഗ് സൗത്ത് 2023 എന്ന പേരിൽ മാധ്യമ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കെതിരെ കർമ ന്യൂസ് വ്യാപകമായ കുപ്രചാരണങ്ങൾ നടത്തിയെന്നാണ് ആരോപണം.
അതുകൊണ്ടും തീർന്നില്ല. സംസ്ഥാന തലത്തിലെ  അംഗീകാരം വേറെയുമുണ്ട്. ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ്  കർമ ന്യൂസിനെതിരെ പോലീസ് കേസെടുത്തത്.  ചികിത്സാ തട്ടിപ്പ് നടത്തിയെന്ന് പ്രചരിപ്പിക്കുമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യാന ആശുപത്രിയുടെ പരാതിയിൽ ഫോർട്ട് പോലീസാണ് ഓൺലൈൻ ചാനലിനെതിരെ കേസെടുത്തത്.
ഉള്ളൂർ യാന ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കർമ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. കർമ ന്യൂസ് സിഇഒ സോമദേവ്, മാനേജർ സിജോ, സുജിത്ത്, സിത്താര, കണ്ടാലറിയുന്ന മൂന്നുപേർ എന്നിവർക്കെതിരെയാണ് കേസ്. പണം കൈമാറിയില്ലെങ്കിൽ വാർത്ത നൽകി ആശുപത്രിയെ നശിപ്പിക്കുമെന്ന് കർമ ന്യൂസ് സിഇഒ സോമദേവ് ഭീഷണിപ്പെടുത്തി. തുടരെ തുടരെ ഭീഷണി ഉയർന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയതെന്നും യാനാ ആശുപത്രി അധികൃതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. പഴയ കാലത്തെ മഞ്ഞപത്രങ്ങൾ ഡിജിറ്റലായി മാറിയെന്ന വ്യത്യാസം മാത്രം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നുവല്ലോ അവരുടെ രീതി.

***  ***  ***

കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സർക്കാരിന്റെ അഴിമതികൾ പുറത്ത് കൊണ്ടുവന്നതിന്റെ പേരിൽ പിണറായി വിജയൻ പോലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമപ്രവർത്തകന്റെ വീട്ടിലും ഓഫീസുകളിലും പോലീസിനെ ഉപയോഗിച്ചു നടത്തിയ റെയ്ഡുകൾ ഇതിന് ഉദാഹരണമാണ്. ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരിൽ പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്തിരുന്നു. അവരാണ് മാധ്യമങ്ങളെ നിശബ്ദമാക്കാൻ ഇത്തരം ഭീഷണികളും നടപടികളും കൈക്കൊള്ളുന്നത്. കേന്ദ്രമന്ത്രി പരിഹസിച്ചു. ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനിൽക്കുന്ന, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് ഇടതു സർക്കാർ ഭരിക്കുന്ന കേരളമാണ്.

***  ***  ***

താൻ ക്രിമിനൽ അല്ല, ഒരു കേസിലും പ്രതിയുമല്ലെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ. സിപിഎമ്മിലെ ഉന്നതൻ കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിൽ മൊഴി നൽകാനെത്തിയ വേളയിൽ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തിയപ്പോഴാണ് ശക്തിധരൻ ക്ഷുഭിതനായത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ശക്തിധരൻ ആദ്യം വ്യക്തമാക്കിയിരുന്നു.
അതിന് പിന്നാലെയും മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ കണ്ട് തീർന്നിട്ട് പോകാം.... ഞാൻ ഒന്നും പറയുന്നില്ല  എന്നായിരുന്നു ശക്തിധരന്റെ മറുപടി. അതിനുശേഷം പിൻതുടരാതെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരോട് 'മനുഷ്യരാണ് കേട്ടോ?. മൃഗങ്ങളല്ല.. നിങ്ങൾ ഈ കാണിക്കുന്നത് വൃത്തികേടാണ്. ഒന്നുകിൽ നിങ്ങളെക്കാൾ പ്രായമുള്ളവനല്ലേ?' -ശക്തിധരൻ ചോദിച്ചു.
കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ബെന്നി ബഹനാൻ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അന്വേഷണ ചുമതല കന്റോൺമെന്റ് എസിപിയെ ഏൽപ്പിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കാൻ തീരുമാനിച്ചത്.
'കലൂരിലെ ദേശാഭിമാനി ഓഫിസിൽ രണ്ടു  ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ ഉന്നതനായ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി രണ്ടു  കൈതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറിൽ ഉണ്ടായിരുന്നു' ഇതായിരുന്നു ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം.

***  ***  ***

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ അനുകരിക്കുന്നെന്ന വിമർശനങ്ങളോട് പ്രതികരിച്ച് യുവ നടി അനിഖ സുരേന്ദ്രൻ. ഏതു രീതിയിലാണു നയൻതാരയെ അനുകരിക്കുന്നത് എന്ന് തനിക്കു മനസ്സിലായിട്ടേയില്ലെന്നും കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്നു ചിലർ പറയാറുണ്ടെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിഖ സുരേന്ദ്രൻ പറഞ്ഞു. നയൻതാരയെ അനുകരിക്കുന്നു എന്നാണു എനിക്കെതിരെ ഉയരുന്ന വിമർശങ്ങളിലൊന്ന്. ഏതു രീതിയിലാണു നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്കു മനസ്സിലായിട്ടേയില്ല. കാഴ്ചയിൽ അൽപം സാമ്യം ഉണ്ട് എന്നു ചിലർ പറയാറുണ്ട്. ബേസ് വോയ്സിൽ സംസാരിക്കുന്നതിനാലാണിതു പറയുന്നതെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്. ഈ ശബ്ദത്തിലല്ലേ എനിക്കു സംസാരിക്കാൻ കഴിയൂ.
സംസാരിക്കുമ്പോൾ ഇംഗ്ലിഷ് വാക്കുകൾ കൂടുതലുപയോഗിക്കുന്നു എന്നാണു മറ്റൊരു വിമർശനം. ആറാം ക്ലാസ് വരെ ഞാൻ എറണാകുളത്ത് ചോയ്സ് സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിൽ ഇംഗ്ലിഷ് മാത്രമാണു സംസാരിച്ചിരുന്നത്. തമിഴിലും തെലുങ്കിലും അഭിനയിക്കാൻ പോകുമ്പോഴും കൂട്ടുകാരോടും ഇംഗ്ലിഷിലാണു കൂടുതൽ സമയവും സംസാരിക്കുന്നത്. അതുകൊണ്ടു മലയാളം സംസാരിക്കുമ്പോഴും ഇടയ്ക്ക് ഇംഗ്ലിഷ് കലർന്നു വരും. അല്ലാതെ ജാഡ കാണിക്കാനല്ല- അഭിമുഖത്തിൽ അനിഖ സുരേന്ദ്രൻ പറഞ്ഞു.
നെഗറ്റീവ് പറയുന്നവർക്കു താൻ ആരാണെന്നോ വളർന്നു വന്ന സാഹചര്യമോ അറിയില്ലെന്നും താരം കൂട്ടി ചേർത്തു. അവർക്ക് നമ്മുടെ ലക്ഷ്യങ്ങളോ സ്വപ്‌നങ്ങളോ അറിയില്ലെന്നും അവർ എന്തിനോ വേണ്ടി ഇതെല്ലാം പറയുകയാണെന്നും അതുകേട്ടു താൻ തന്നെ മാറ്റില്ലെന്നും അനിഖ പറഞ്ഞു.

***  ***  ***

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇൻസ്റ്റാഗ്രാമിലൂടെ ഏറെ വിഷമം നിറഞ്ഞ പോസ്റ്റുകളാണ് നടി അനുശ്രീ പങ്കുവെക്കുന്നത്. ഒരുപാട് തകർന്ന് പോയ ഭയത്തിന്റെയും കണ്ണീരിന്റെയും ഒരാഴ്ചയിലൂടെയാണ് താൻ കടന്നുപോയതെന്ന് ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ അനുശ്രി വെളിപ്പെടുത്തി.  ഇതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്നും താത്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് താരം.
ഫാൻസിനെ നിരാശപ്പെടുത്തുന്നതും വിഷമിപ്പിക്കുന്നതുമാണ് അനുശ്രീയുടെ തീരുമാനം. താരത്തിന് എന്താണ് സംഭവിച്ചത് എന്നത് വ്യക്തമല്ലെങ്കിലും എത്രയും പെട്ടെന്ന് താരം സന്തോഷത്തോടെ തിരിച്ചുവരട്ടെയെന്നുമാണ് ആരാധകർ ആഗ്രഹിക്കുന്നത്. ഞങ്ങൾ മിസ് ചെയ്യുമെന്നും വേഗം തിരിച്ചുവരൂവെന്നും  കമന്റുകൾ വരുന്നുണ്ട്.  ഒരുപാട് തകർന്ന് പോയ ഒരാഴ്ച, ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ച. അത് ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു. ഈ കടങ്കഥ പരിഹരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാൽ ഞാൻ മുന്നോട്ട് തന്നെ പോകാൻ തീരുമാനിക്കുകയാണ്. ആഘോഷിക്കാൻ ഒരു ലോകം തന്നെ എന്നെ കാത്തിരിക്കുന്നു. സ്നേഹിക്കാൻ ഒരു കുടുംബവും പിന്തുണയ്ക്കാൻ കുറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു. അതിനാൽ ഞാൻ ഇനി മുതൽ ഈ ദുഃഖത്തിലേക്ക് തിരിഞ്ഞുനോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ്. ഇങ്ങനെയായിരുന്നു അനുശ്രീയുടെ വാക്കുകൾ.

***  ***  ***

വെള്ളപ്പൊടിയുടെ പൊതിയുമായി പുലിവാല് പിടിച്ചിരിക്കുകയാണ് വെറ്റ് ഹൗസിലുള്ളവർ. അമേരിക്കൻ 
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിൽ അടുത്തിടെയാണ് വെളുത്ത പൊടിയടങ്ങിയ ഒരു പൊതി കണ്ടെത്തിയത്. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഓഫീസും മറ്റും സ്ഥിതിചെയ്യുന്ന വെസ്റ്റ് വിംഗ് മേഖലയിലാണ് ഇത് കണ്ടെത്തിയത്.  പൊടി ഏതെങ്കിലും തരത്തിലെ വിഷപദാർത്ഥമോ ജൈവായുധമോ രാസായുധമോ ആണെങ്കിൽ മറ്റുള്ളവർക്ക് അപകടം സൃഷ്ടിക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യേണ്ടതുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ മേഖലയിലെ ജീവനക്കാരെ ഒഴിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യം വ്യക്തമായത്. വെളുത്ത പൊടി ലഹരി മരുന്നായ കൊക്കെയ്ൻ ആയിരുന്നു. ഇത് എവിടെ നിന്നുവന്നു.  വൈറ്റ് ഹൗസ് ജീവനക്കാരുടെയും സന്ദർശകരുടെയും മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന തിരക്കേറിയ ഇടത്ത് നിന്നാണ് കൊക്കെയ്ൻ കണ്ടെത്തിയതെന്ന് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവ സമയം, പ്രസിഡന്റ് ജോ ബൈഡനും പത്‌നി ജില്ലും മേരിലാൻഡിലായിരുന്നു. കൊക്കെയ്ൻ പൊതി അതീവ സുരക്ഷാ മേഖലയായ വൈറ്റ്ഹൗസിൽ എങ്ങനെയെത്തിയെന്നറിയാൻ ആരംഭിച്ച അന്വേഷണം തുടരുകയാണ്. അതിഥികളോ ജീവനക്കാരോ ആകാം കൊക്കെയ്‌ന് പിന്നിലെന്ന് കരുതുന്നു. ഇതിനിടെ സംഭവത്തെ ബൈഡനെതിരെയുള്ള ആയുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എതിരാളികളായ റിപ്പബ്ലിക്കൻ പാർട്ടിക്കാർ. കൊക്കെയ്ൻ ബൈഡന്റെയോ മകൻ ഹണ്ടർ ബൈഡന്റെയോ ആകുമെന്നും തനിക്ക് അതിൽ യാതൊരു സംശയവുമില്ലെന്നും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹസിച്ചു. ഫ്‌ളോറിഡ ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ റോൺ ഡിസാന്റിസും ബൈഡനെ വിമർശിച്ചു. കൊക്കെയ്ൻ കണ്ടെത്തുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഹണ്ടർ ബൈഡൻ വൈറ്റ്ഹൗസിലെത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഹണ്ടറിനെതിരെയായി വിമർശനങ്ങൾ.
ജോ ബൈഡൻ ഒരുതരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്ന വ്യക്തിയല്ല. എന്നാൽ, മകൻ ഹണ്ടർ ലഹരി ഉപയോഗത്തിലൂടെ വിവാദങ്ങളുടെ തോഴനായി മാറിയ വ്യക്തിയാണ്. ആദ്യം മദ്യത്തിൽ തുടങ്ങിയ ഹണ്ടറിന്റെ ലഹരി ഉപയോഗം കൊക്കെയ്‌നിലേക്ക് വളർന്നിരുന്നു. ലഹരി മരുന്നിന് അടിമയാണെന്ന് മുമ്പ് ഹണ്ടർ തന്നെ തുറന്നുപറഞ്ഞിരുന്നു. ലഹരി ഉപയോഗത്തിൽനിന്ന് മുക്തനാകാൻ ഡീഅഡിക്ഷൻ സെന്ററുകളിലും ഹണ്ടർ അഭയം തേടിയിട്ടുണ്ട്. എത്ര നല്ല മനുഷ്യനായിട്ടെന്ത് കാര്യം? 

***  ***  ***

ഇംഗ്ലണ്ടിൽ പള്ളിയിൽ പോകാൻ ആളില്ലാത്തത് കൊണ്ട് അവയെല്ലാം വിൽപ്പനക്ക് വച്ചേക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം വി ഗോവിന്ദൻ ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവച്ചത്.
നാട്ടുകാരായ വിശ്വാസികൾ പള്ളിയിൽ പോകുന്നില്ല. യുവതീയുവാക്കളാണ് പ്രത്യേകിച്ചും പോകാത്തത്. ഇതോടെയാണ് പള്ളികൾ പൂട്ടിത്തുടങ്ങിയത്. എന്നാൽ കേരളത്തിൽ നിന്നും എത്തുന്നവർ അവിടെ പള്ളിയിൽ പോകാറുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ചെറിയ പള്ളിക്ക് ആറരക്കോടിയാണ് വില. ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അവിടെ അച്ചൻമാർ സമരം നടത്തുകയാണ്. കന്യാസ്ത്രീകളുടെ സേവനവും അവിടെ തൊഴിൽ പോലെ ആയിരിക്കുകയാണ്. സിഖുകാർ തങ്ങളുടെ ക്ഷേത്രമാക്കാൻ പള്ളി വാങ്ങി. മലയാളികൾ ചേർന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാലായിലെ നോട്ടടിക്കുന്ന യന്ത്രവും അനന്തപുരിയിലെ അപ്പി സമരവും നിയമസഭയിലെ കോലാഹലവും മലയാളികൾ മറന്നിട്ടില്ല. എന്നിട്ടും പാവം കോടിയേരി എത്ര കഷ്ടപ്പെട്ടാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ സി.പി.എമ്മുമായി അടുപ്പിച്ചത്. ഗോവിന്ദന് അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. പശ്ചിമ ബംഗാളിൽ പാർട്ടി ഓഫീസുകൾ വിറ്റതിന്റേയും വാടകയ്ക്ക് കൊടുത്തതിന്റേയും കഥകളാണ് സമൂഹ മാധ്യമത്തിൽ നിറയെ. തിരുവല്ലയിലെ ക്രിസ്ത്യൻ അസോസിയേഷൻ റഷ്യയിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പഴയകാല കമ്യൂണിസ്റ്റ് പാർട്ടി ഓഫീസുകൾ ബാറുകളും നൃത്തശാലകളുമായി രൂപമാറ്റം സംഭവിച്ച കാര്യവും ഓർമപ്പെടുത്തുന്നുണ്ട്. 

***  ***  ***

ഇപ്പോഴത്തെ ചാനൽ-ഓൺലൈൻ വേട്ടകളെ കുറിച്ച് ഇടക്കിടെ അപ്‌ഡേറ്റുകളുമായെത്തുന്നത് നിലമ്പൂർ എം.എൽ.എ പി.വി അൻവറാണ്. വൺ ടു ത്രീ സ്റ്റൈലിൽ അടുത്തത് ഇവൻ, നാളെ മറ്റവൻ എന്ന സ്‌റ്റൈലിൽ. മാധ്യമ വേട്ട എന്ന ആരോപണത്തിൽ ഫേസ്ബുക്കിലൂടെ അൻവർ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ജാതിയും മതവും നോക്കാതെ മനുഷ്യർ സൗഹാർദത്തിലാണ് കഴിഞ്ഞത്. കേരളത്തെ ഗുജറാത്തോ, യു.പിയോ ആക്കി മാറ്റാൻ പറ്റില്ല. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കാൻ പറ്റില്ലെന്നാണ് മൂപ്പർ പറയുന്നത്. അപ്പോഴാണ് ഫേസ്ബുക്കിൽ കണ്ട ഉദ്ധരണി ഓർത്തത്. പത്ത് കൊല്ലം മുമ്പ് നമുക്കിടയിൽ ഹിന്ദുവും ക്രൈസ്തവനും മുസ്‌ലിമുമില്ലായിരുന്നു. അന്ന് എല്ലാവരും മനുഷ്യരായിരുന്നു. അല്ലെങ്കിലും ഫേസ്ബുക്കിന് പുറത്ത് സൗഹൃദങ്ങൾ പഴയ പടി തന്നെയാണല്ലോ. 

Latest News