ചിറ്റോഗ്രാം - ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ഇല്ലാതെ കളിച്ച ബംഗ്ലാദേശ് രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് കനത്ത തോല്‍വി വാങ്ങി. അഫ്ഗാനിസ്ഥാന്റെ ഒമ്പതിന് 331 പിന്തുടര്‍ന് ബംഗ്ലാദേശ് 189 ന് ഓളൗട്ടാവുകയായിരുന്നു. 142 റണ്‍സ് തോല്‍വി. മൂന്നു മത്സര പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ച് അഫ്ഗാനിസ്ഥാന്‍ ട്രോഫി നിലനിര്‍ത്തി. ആദ്യ കളി തോറ്റ ശേഷം വൈകാരികമായി വിടവാങ്ങല്‍ പ്രഖ്യാപിച്ച തമീം പ്രധാനമന്ത്രി ശെയ്ഖ് ഹസീന വാജിദിന്റെ ഇടപെടലിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു.
റഹമാനുല്ല ഗുര്‍ബാസും (125 പന്തില്‍ 145) ഇബ്രാഹിം സദ്‌റാനും (119 പന്തില്‍ 100) ആദ്യ വിക്കറ്റില്‍ നേടിയ 256 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. പിന്നീട് രണ്ടു പേര്‍ക്കേ രണ്ടക്കത്തിലെത്താനായുള്ളൂ. നജീബുല്ല സദ്‌റാനും (10) മുഹമ്മദ് നബിക്കും (25).
മറുപടിയാരംഭിച്ച ബംഗ്ലാദേശിന് ഓപണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ടു. മുഹമ്മദ് നഈമിനെയും (9) താല്‍ക്കാലിക നായകന്‍ ലിറ്റന്‍ ദാസിനെയും (13) ഫസല്‍ഹഖ് ഫാറൂഖി പുറത്താക്കി. ആറിന് 72 ലേക്ക് തകര്‍ന്ന ടീമിനെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത് മുശ്ഫിഖുറഹീമാണ് (85 പന്തില്‍ 69). അവസാനമായാണ് മുശ്ഫിഖ് പുറത്തായത്. ഓപണിംഗ് ബൗളര്‍മാരായ ഫസല്‍ഹഖ് ഫാറൂഖിയും (7.2-1-22-3) സ്പിന്നര്‍ മുജീബുറഹമാനും (10-0-40-3) ആറ് വിക്കറ്റ് പങ്കുവെച്ചു. റാഷിദ് ഖാന് രണ്ട് വിക്കറ്റ് കിട്ടി.






