ദുലീപ് ട്രോഫിയില്‍ സൗത്ത്-വെസ്റ്റ് ഫൈനല്‍

ആളൂര്‍ - ആവേശകരമായ പോരാട്ടത്തില്‍ നോര്‍ത്ത് സോണിനെ രണ്ടു വിക്കറ്റിന് തോല്‍പിച്ച് സൗത്ത് സോണ്‍ ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെത്തി. വെസറ്റ് സോണുമയാണ് അവര്‍ ഫൈനല്‍ കളിക്കുക. നോര്‍ത്ത് മുന്നോട്ടുവെച്ച 215 റണ്‍സ് ലക്ഷ്യം അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലിന് 191 ല്‍ നിന്ന് എട്ടിന് 213 ലേക്ക് സൗത്ത് തകര്‍ന്നപ്പോള്‍ നോര്‍ത്തിന് വിജയപ്രതീക്ഷയുണര്‍ന്നിരുന്നു. എതിര്‍ ക്യാപ്റ്റന്‍ ജയന്ത് യാദവിനെ സിക്‌സറിനുയര്‍ത്തി സായ് കിഷോറാണ് സൗത്തിന്റെ വിജയമുറപ്പിച്ചത്. രണ്ടു തവണ മഴ കളി മുടക്കിയതോടെ ആറിലേറെ റണ്‍റെയ്റ്റിലാണ് സൗത്ത് വിജയത്തിലേക്ക് കുതിച്ചത്. 
മായാങ്ക് അഗര്‍വാളും (57 പന്തില്‍ 54) ക്യാപ്റ്റന്‍ ഹനുമ വിഹാരിയും (42 പന്തില്‍ 43) റിക്കി ഭുയിയും (29 പന്തില്‍ 34) തിലക് വര്‍മയുമാണ് (19 പന്തില്‍ 25) സൗത്തിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. സെന്‍ട്രല്‍ സോണിനെ ആദ്യ ഇന്നിംഗ്‌സ് ലീഡില്‍ മറികടന്നാണ് വെസ്റ്റ് ഫൈനലിലെത്തിയത്. 

Latest News