ബാങ്കോക്ക് - ഏഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ നേതൃത്വം കുവൈത്തിലെ സബാഹ് കുടുംബത്തില്‍ തന്നെ. സസ്പെന്റ് ചെയ്യപ്പെട്ട ശെയ്ഖ് അഹമദ് അല്‍ഫഹദ് അല്‍ സബാഹിനു പകരം സഹോദരന് ശെയ്ഖ് ത്വലാല്‍ ഫഹദ് അല്‍സബാബ് പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കും. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശെയ്ഖ് ത്വലാല്‍ ജയിച്ചത്. ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിക്കുന്നത് ഏഷ്യന്‍ ഒളിംപിക് കമ്മിറ്റിയാണ്. അടുത്ത ഏഷ്യാഡ് സെപ്റ്റംബര്‍ 23 ന് ചൈനയിലെ ഹ്വാംഗ്ഷു നഗരത്തില്‍ ആരംഭിക്കുകയാണ്. 480 മെഡല്‍ ഇനങ്ങളും പന്ത്രണ്ടായിരത്തിലേറെ അത്ലറ്റുകളുമുള്ള ഏഷ്യാഡ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കായികമേളയാണ്.
ജനീവയില്‍ വ്യാജരേഖാ കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ശെയ്ഖ് അഹമ്മദിനെ ഏഷ്യന്‍ ഒളിംപിക് കമ്മിറ്റി സസ്പെന്റ് ചെയ്തത്. 1991 ല്‍ 2021 വരെ അദ്ദേഹം തലപ്പത്തുണ്ടായിരുന്നു. കുറ്റം നിഷേധിച്ച ശെയ്ഖ് അഹമ്മദ് അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ശെയ്ഖ് അഹമ്മദിന്റെയും ശെയ്ഖ് ത്വലാലിന്റെയും പിതാവ് ശെയ്ഖ് ഫഹദ് അല്‍അഹമ്മദ് അല്‍ജാബിര്‍ അല്‍സബാഹാണ് എണ്‍പതുകളില്‍ ഏഷ്യന്‍ ഒളിംപിക് കമ്മിറ്റിക്ക് രൂപം നല്‍കിയത്. 1982 മുതല്‍ 1990 വരെ അദ്ദേഹമായിരുന്നു അധ്യക്ഷന്‍. ശെയ്ഖ് അഹമ്മദ് സസ്പെന്റ് ചെയ്യപ്പെട്ട ശേഷം മുന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യക്കാരനായ രണ്‍ധീര്‍ സിംഗായിരുന്നു താല്‍ക്കാലിക പ്രസിഡന്റ്.
കുവൈത്തിന്റെ തന്നെ ലോക നീന്തല്‍ അസോസിയേഷന് പ്രസിഡന്റ് ഹുസൈന് മുസല്ലമിനെയാണ് അമ്പത്തെട്ടുകാരനായ ശെയ്ഖ് ത്വലാല്‍ തോല്പിച്ചത് (24-20).






