മയാമി - ദ അണ്‍വെയ്ല്‍ (അനാഛാദനം) എന്നു പേരിട്ട ഗ്രാന്റ് ഷോയോടെ പുതിയ ക്ലബ്ബ് ഇന്റര്‍ മയാമി 16 ന് ലിയണല്‍ മെസ്സിയെ തങ്ങളുടെ കളിക്കാരനായി അവതരിപ്പിക്കും. ത്രസിപ്പിക്കുന്ന എന്റര്‍ടയ്ന്‍മെന്റ് പ്രോഗ്രാമുകളും പ്രഭാഷണങ്ങളുമൊക്കെയായി അരങ്ങേറ്റം കൊഴുപ്പിക്കാനാണ് മയാമി പദ്ധതിയിടുന്നത്. മെസ്സിയുടെ വരവ് അമേരിക്കന്‍ സോക്കര്‍ ലീഗില്‍ വന്‍ മാറ്റങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് പ്രതീക്ഷ. മെസ്സിയോടൊപ്പം ബഴ്‌സലോണയില്‍ കളിച്ച സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനെയും അന്ന് തന്നെ അവതരിപ്പിക്കും. മുന്‍ അര്‍ജന്റീന, ബാഴ്‌സലോണ കോച്ച് ജെറാഡൊ മാര്‍ടിനൊ പരിശീലകനായും ചുമതലയേല്‍ക്കും.
21നാണ് ഇന്റര്‍ മയാമി ജഴ്‌സിയില്‍ മെസ്സി അരങ്ങേറുക. മെക്‌സിക്കോയിലെ ക്രൂസ് അസൂല്‍ ക്ലബ്ബിനെതിരെ. മേജര്‍ ലീഗ് സോക്കറിലെയും മെക്‌സിക്കന്‍ ലീഗിലെയും പ്രധാന ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ലീഗ്‌സ് കപ്പിലായിരിക്കും ഈ മത്സരം.
ഇപ്പോഴത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കൂടുതല്‍ കളിക്കാരെ കൊണ്ടുവരാന്‍ ക്ലബ്ബ് പദ്ധതിയിടുന്നുണ്ട്. മെസ്സിയും ബുസ്‌ക്വെറ്റ്‌സും വിശ്രമിക്കാനല്ല മയാമിയിലേക്കു വരുന്നതെന്നും പോരാട്ടം ഇരുവരുടെയും രക്തത്തിലുണ്ടെന്നും കോച്ച് മാര്‍ടിനൊ പറഞ്ഞു.
ഇന്റര്‍ മയാമിയുടെ ഫോര്‍ട് ലോഡര്‍ഡെയ്‌ലിലെ ഡി.ആര്‍.വി.പി.എന്‍.കെ സ്റ്റേഡിയത്തിലാണ് അണ്‍വെയ്ല്‍ ഷോ. മയാമിയുടെ ഉടമകളിലൊരാളായ മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഡേവിഡ് ബെക്കാമും ചടങ്ങില്‍ പങ്കെടുക്കും.






