ജിദ്ദയില്‍ കുറഞ്ഞ നിരക്കില്‍ ഫ്ളാറ്റ്; കബളിപ്പിച്ച് 16,000 റിയാല്‍ തട്ടി

ജിദ്ദ - വളരെ കുറഞ്ഞ നിരക്കില്‍ ഫ്ളാറ്റ് വാടകക്ക് ലഭിക്കുമെന്ന പരസ്യത്തില്‍ ആകൃഷ്ടനായ സൗദി പൗരന് 16,000 റിയാല്‍ നഷ്ടമായി. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. ജിദ്ദയിലെ ഡിസ്ട്രിക്ടില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഫഌറ്റ് വാടകക്ക് ലഭിക്കുമെന്ന പരസ്യം പ്രശസ്തമായ വൈബ്‌സൈറ്റില്‍ താന്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് സൗദി പൗരന്‍ അബൂഅഹ്മദ് അല്‍ഹാരിസി പറഞ്ഞു. പരസ്യത്തില്‍ നല്‍കിയ നമ്പര്‍ വഴി പരസ്യം ചെയ്തയാളുമായി താന്‍ ബന്ധപ്പെട്ടു. പിന്നീട് തന്റെ മക്കളില്‍ ഒരാള്‍ അയാളെ നേരിട്ട് കാണുകയും ഫ്ളാറ്റ് വീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് വാടകയുടെ കാര്യത്തില്‍ പരസ്പര ധാരണയിലെത്തി. വാടകയായ 16,000 റിയാല്‍ ഒറ്റത്തവണയായി ക്യാഷ് ആയി കൈമാറണമെന്ന് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വലിയ ലാഭത്തില്‍ ഫ്ളാറ്റ് വാടകക്ക് ലഭിച്ച സന്തോഷത്തിലായിരുന്നു താന്‍. വൈകാതെ തന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തില്‍ സീല്‍വെച്ച വാടക കരാറുമായി മാസ്‌ക് ധരിച്ച് തട്ടിപ്പുകാരന്‍ എത്തുകയും തങ്ങള്‍ കരാറില്‍ ഒപ്പുവെക്കുകയും പണം കൈപ്പറ്റി തനിക്ക് ഫഌറ്റിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു. ശേഷം തങ്ങള്‍ ഫ്ളാറ്റ് കഴുകി വൃത്തിയാക്കി ഫര്‍ണിച്ചര്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തിനു മുന്നില്‍ നിലയുറപ്പിച്ച മറ്റൊരാള്‍ എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും ഫര്‍ണിച്ചര്‍ എന്തിനാണ് കൊണ്ടുവന്നതെന്നും ആരാഞ്ഞു. ഇദ്ദേഹമാണ് കെട്ടിടത്തിന്റെ യഥാര്‍ഥ ഉടമയെന്ന് സംസാരത്തില്‍ നിന്ന് വ്യക്തമായി.
ഇന്റര്‍നെറ്റിലെ പരസ്യം കണ്ട് വാടക കരാര്‍ ഒപ്പുവെച്ച് വാടക തുക കൈമാറി താക്കോല്‍ സ്വീകരിച്ച കാര്യം താന്‍ വിശദീകരിച്ചു. എന്നാല്‍ താന്‍ ഫഌറ്റ് വാടകക്ക് നല്‍കിയിട്ടില്ലെന്ന് ഉടമ പറഞ്ഞു. നിങ്ങളെ ആരോ കബളിപ്പിക്കുകയായിരുന്നെന്ന് പറഞ്ഞ കെട്ടിട ഉടമ സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. ആസൂത്രിതമായി ഒരുക്കിയ കെണിയില്‍ കുടുങ്ങി കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ബോധ്യമായതോടെ താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കി. റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ നിന്ന് ഫ്ളാറ്റിന്റെ താക്കോല്‍ തന്ത്രപൂര്‍വം കൈക്കലാക്കി കോപ്പിയെടുത്ത് വിരുതന്‍ തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് കരുതുന്നതെന്നും അബൂഅഹ്മദ് അല്‍ഹാരിസി പറഞ്ഞു.

 

Latest News