Sorry, you need to enable JavaScript to visit this website.

ആ കപ്പ് ഇത്തവണയും അര്‍ജന്റീനക്ക്

അര്‍ജന്റീന തട്ടിമുട്ടി പ്രി ക്വാര്‍ട്ടറിലെത്തിയ ശേഷം വിശ്രമത്തിലായിരിക്കാം. പിന്നീട് ലോകകപ്പ് മുന്നോട്ടുകൊണ്ടുപോയത് മറ്റു ടീമുകളാണ്. എന്നാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പിഴയൊടുക്കിയതിനുള്ള ശിക്ഷ ഇത്തവണയും അര്‍ജന്റീനക്കു തന്നെ. ഒരു ലക്ഷത്തിലേറെ സ്വിസ് ഫ്രാങ്കാണ് ഇത്തവണ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ പിഴയിട്ടത്. ക്രൊയേഷ്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിലെ 0-3 തോല്‍വിക്കു ശേഷം അര്‍ജന്റീനാ ആരാധകരുടെ രോഷപ്രകടനത്തിനാണ് ശിക്ഷ. ക്രൊയേഷ്യന്‍ ജഴ്‌സിയിട്ട ഒരാളെ ചവിട്ടിയൊതുക്കി തുടങ്ങി നിരവധി കുറ്റങ്ങളാണ് അവര്‍ക്കെതിരെയുള്ളത്. കഴിഞ്ഞ തവണത്തെ മൂന്നു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അത്ര വലുതല്ല. കഴിഞ്ഞ തവണ പത്രസമ്മേളനത്തിന് കളിക്കാരെ ഹാജരാക്കാത്തതിനായിരുന്നു ശിക്ഷ. കളിക്കു ശേഷം ഏതെങ്കിലും ഒരു കളിക്കാരന്‍ പത്രസമ്മേളനത്തിന് വരണമെന്നാണ് നിബന്ധന. നാലു കളികളില്‍ അര്‍ജന്റീന അതു തെറ്റിച്ചു.
തങ്ങളുടെ സ്‌പോണ്‍സര്‍മാരെ സംരക്ഷിക്കാനാണ് ഫിഫ ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത്. ഫിഫ സ്‌പോണ്‍സര്‍മാരായ സ്‌പോര്‍ട്‌സ്‌വെയര്‍ കമ്പനിയുടെ എതിരാളികളുടെ ബ്രാന്‍ഡ് സോക്‌സ് ധരിച്ചതിന് ഇംഗ്ലണ്ട്, സ്വീഡന്‍ കളിക്കാര്‍ക്ക് വന്‍ തുകയാണ് പിഴയിട്ടത്. എതിര്‍ ബ്രാന്‍ഡ് സോഫ്റ്റ്ഡ്രിങ്കുമായി ഒരു കളിക്കാരന്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചതിന് ക്രൊയേഷ്യക്കും കിട്ടി വന്‍ തുക പിഴ. കളിക്കളത്തിലെ വംശീയവൈരത്തിനെതിരെ വലിയ കോലാഹലമാണ് ഫിഫ സൃഷ്ടിക്കാറ്. റഷ്യന്‍ ആരാധകരുടെ നവനാസി ബാനറിന് വെറും 10,000 സ്വിസ് ഫ്രാങ്കായിരുന്നു പിഴ. എന്നാല്‍ സോക്‌സ് മാറിപ്പോയതിന് 70,000 സ്വിസ് ഫ്രാങ്ക് പിഴ വിധിച്ചു. വംശവെറിയെക്കാള്‍ ഫിഫക്ക് താല്‍പര്യം സ്‌പോണ്‍സര്‍മാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിലാണെന്ന് വ്യക്തം. തങ്ങളുടെ മാര്‍ക്കറ്റിംഗ് താല്‍പര്യം സംരക്ഷിക്കുമെന്ന ഉറപ്പിലാണ് വന്‍കിട സ്‌പോര്‍ട്‌സ്‌വെയര്‍, സോഫ്റ്റ്ഡ്രിങ്ക് കമ്പനികള്‍ ഫിഫയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. 
 

Latest News