സെയ്ന്റ് ജോണ്‍സ് - ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് രണ്ട് പുതുമുഖ ഓപണര്‍മാരുമായി വെസ്റ്റിന്‍ഡീസ് ഇറങ്ങും. ഇടങ്കൈയന്മാരായ കിര്‍ക്ക് മെക്കന്‍സിയും അലിക് അതനാസെയും ടീമില്‍ സ്ഥാനം നേടി. സ്പിന്നര്‍ ഗുഡകേഷ് മോതിക്ക് പരിക്കേറ്റതോടെ ഓള്‍റൗണ്ടര്‍ റഹീം കോണ്‍വാളിനെയും ഇടങ്കൈയന്‍ സ്പിന്നര്‍ ജോമല്‍ വാരികാനെയും തിരിച്ചുവിളിച്ചു.
അത്തനാസെ കഴിഞ്ഞ മാസം യു.എ.ഇക്കെതിരെ ഏകദിനത്തില്‍ 65 റണ്‍സോടെ അരങ്ങേറിയിരുന്നു. ബംഗ്ലാദേശിലെ വെസ്റ്റിന്‍ഡീസ് എ പര്യടനത്തിലും അത്തനാസെയും മക്കന്‍സിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അത്തനാസെ പാര്‍ട് ടൈം സ്പിന്നര്‍ കൂടിയാണ്. ഇരുപത്തിരണ്ടുകാരനായ മെക്കന്‍സി ബംഗ്ലാദേശില്‍ 91, 86 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. അത്തനാസെ മധ്യനിരയില്‍ 85 റണ്‍സും നേടി. കോണ്‍വാളും വാരികാനും അവസാനം ടെസ്റ്റ് കളിച്ചത് 2021 നവംബറിലാണ്.
രണ്ട് ടെസ്റ്റാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ബുധനാഴ്ച ഡൊമിനിക്കയില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് 20 മുതല്‍ ട്രിനിഡാഡിലാണ്. ഇത് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ടെസ്റ്റാണ്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20യും കൂടി ഉള്‍പെടുന്നതാണ് പരമ്പര.






