32 ടീമുകളുമായി വനിതാ ലോകകപ്പ്, ഹാട്രിക് നേട്ടത്തിനൊരുങ്ങി യു.എസ്‌

പാരിസ് - മുപ്പത്തിരണ്ട് ടീമുകള്‍ ആദ്യമായി അണിനിരക്കുന്ന വനിതാ ലോകകപ്പ് ഫുട്‌ബോളിന് ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 20നാണ് കിക്കോഫ്. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ അമേരിക്കയാണ് ഇത്തവണയും കിരീടസാധ്യതയില്‍ മുന്നില്‍. 2011 ല്‍ 16 ടീമുകളും നാലു വര്‍ഷം മുമ്പ് 24 ടീമുകളുമായിരുന്നു ലോകകപ്പില്‍ കളിച്ചത്. 
സിഡ്‌നിയില്‍ ഓഗസ്റ്റ് 20 നാണ് ഫൈനല്‍. സാം കെറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയ. 
2019 നെ അപേക്ഷിച്ച് ഫിഫ പ്രൈസ് മണി മൂന്നിരിട്ടിയാക്കിയിട്ടുണ്ട്. കളിക്കാരെ വിട്ടുകൊടുക്കുന്നതിന് ക്ലബ്ബുകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരവും മൂന്നിരട്ടിയിലേറെയായി. 
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ലിയ വില്യംസനും സ്‌ട്രൈക്കര്‍ ബെത് മെഡും പരിക്കു കാരണം ഈ ലോകകപ്പിനുണ്ടാവില്ല. ഡച്ച് ഫോര്‍വേഡ് വിവിയന്‍ മീഡെമ, ഫ്രഞ്ച് ഫോര്‍വേഡുകളായ ഡെല്‍ഫിന്‍ കാസ്‌കരിനൊ, മേരി കറ്റോറ്റൊ, അമേരിക്കയുടെ കാതറിന മകാരിയൊ, മലോറി സ്വാന്‍സന്‍ എന്നിവര്‍ക്കും പരിക്കാണ്. ഒമ്പതു മാസം വിട്ടുനിന്ന സ്‌പെയിനിന്റെ അലക്‌സിയ പുടേയാസ് തിരിച്ചെത്തും. 
യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ജര്‍മനി, ഒളിംപിക് ഫൈനലിസ്റ്റായ സ്വീഡന്‍, നിലവിലെ റണ്ണര്‍അപ് നെതര്‍ലാന്റ്‌സ് ടീമുകളും കിരീടസാധ്യതയിലുണ്ട്. 

 

Latest News