ധാക്ക - ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന് തമീം ഇഖ്ബാല് വിരമിക്കാനുള്ള തീരുമാനത്തില് നിന്ന് പിന്മാറി. പ്രധാനമന്ത്രി ഹസീന വാജിദിന്റെ ഇടപെടലിനെത്തുടര്ന്നാണ് തീരുമാനം തിരുത്തിയത്. പ്രധാനമന്ത്രിയുടെ വസതിയില് ഭാര്യയുമൊത്താണ് തമീം എത്തിയത്. മുന് ക്യാപ്റ്റന് മശ്റഫെ മുസ്തഫ, ബംഗ്ലാദേശ് ബോര്ഡ് പ്രസിഡന്റ് നജ്മുല് ഹസന് എന്നിവരും സന്നിഹിതരായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനം തോറ്റ ശേഷം വൈകാരികമായാണ് തമീം 16 വര്ഷത്തെ കരിയര് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ലോകകപ്പിന് മൂന്നു മാസം ശേഷിക്കെ ക്യാപ്റ്റന് വിരമിച്ചത് ബംഗ്ലാദേശിന്റെ ഒരുക്കങ്ങള് താളം തെറ്റിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
കുറച്ചുകാലമായി പുറംവേദനയുമായി പ്രയാസപ്പെടുന്ന തമീം അഫ്ഗാനിസ്ഥാനെതിരായ ആദ്യ കളിയില് തന്റെ കായികക്ഷമത പരീക്ഷിക്കുമെന്ന് പറഞ്ഞത് വന് വിവാദമായിരുന്നു. പൂര്ണ ഫിറ്റ്നസ് ഇല്ലാതെ കളിക്കുന്നത് ആത്മാര്ഥതയില്ലായ്മയാണെന്നും രാജ്യാന്തര മത്സരത്തിലാണോ ഫിറ്റ്നസ് പരീക്ഷിക്കുന്നതെന്നും ചോദിച്ച് ബോര്ഡ് പ്രസിഡന്റ് തന്നെ രംഗത്തെത്തി. മത്സരത്തില് 21 പന്തില് 13 റസായിരുന്നു തമീമിന്റെ സംഭാവന.
ബോര്ഡ് പ്രസിഡന്റുമായി തന്റെ വിരമിക്കല് ചര്ച്ച ചെയ്യാന് വിസമ്മതിച്ച തമീം പാര്ലമെന്റംഗം കൂടിയായ മശ്റഫെ മുര്തസയുടെ ഇടപെടലിനെത്തുടര്ന്നാണ് അനുരഞ്ജനത്തിന് തയാറായത്. കായികക്ഷമത വീണ്ടെടുക്കാന് ആറാഴ്ച അനുവദിച്ചതായി തമീം വെളിപ്പെടുത്തി. അനുരഞ്ജനമുണ്ടായതില് ബോര്ഡ് പ്രസിഡന്റും ആശ്വാസം രേഖപ്പെടുത്തി.






