Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോഗ്ബ -ചരിത്ര നിമിഷം അരികെ

സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - ഒരു കളിക്കാരനും തന്റേതു മാത്രമാക്കിയിട്ടില്ലാത്ത ഈ ലോകകപ്പിൽ ഫൈനലിലെ താരമാവാൻ പോൾ പോഗ്ബ. നാലു വർഷത്തിനു ശേഷം എനിക്ക് 29 ആവും. ആർക്കറിയാം, ഇനിയൊരവസരം കിട്ടുമോയെന്ന്. അപ്പോഴേക്കും യുവ കളിക്കാർ എന്റെ സ്ഥാനം തട്ടിയെടുത്തിട്ടുണ്ടാവും -ഫ്രഞ്ച് മിഡ്ഫീൽഡർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു കളികളിൽ കാഴ്ചവെച്ച പ്രകടനം ആവർത്തിച്ചാൽ ഫൈനലിലെ താരം പോഗ്ബ തന്നെയായിരിക്കും.
മധ്യനിരയിൽ കഠിനാധ്വാനം ചെയ്യുന്ന കളിക്കാരെ വെള്ളം ചുമട്ടുകാർ എന്നാണ് അറിയപ്പെടുക. ഇപ്പോഴത്തെ ഫ്രഞ്ച് കോച്ച് ദീദിയർ ദെഷോം കളിക്കുന്ന കാലത്ത് അങ്ങനെയായിരുന്നു. 'പോഗ്ബ ഒരു രാക്ഷസൻ തന്നെ. ടീമിൽ അയാളുടെ പ്രാധാന്യം വർധിച്ചിട്ടേയുള്ളൂ. കളിക്കളത്തിൽ തന്റെ സാന്നിധ്യം അറിയിക്കാൻ താൽപര്യപ്പെടുന്ന കളിക്കാരനാണ് പോഗ്ബ' -ദെഷോം പറഞ്ഞു.
ലോകകപ്പിലെ പ്രകടനം ഒരു കളിക്കാരനെക്കുറിച്ച കാഴ്ചപ്പാട് മാറ്റുന്നതിന്റെ ഉത്തമോദാഹരണമാണ് പോഗ്ബ. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ലോക റെക്കോർഡ് ട്രാൻസ്ഫറിൽ ചേക്കേറിയ ശേഷം ഫോം കണ്ടെത്താൻ വിഷമിക്കുകയായിരുന്നു മിഡ്ഫീൽഡർ. അതോടെ കോച്ച് ജോസെ മൗറിഞ്ഞോയുമായുള്ള ബന്ധം വഷളായി. ക്ലബ്ബിലെ പ്രശ്‌നങ്ങൾ കാരണമാവാം, ലോകകപ്പിലെ ഉദ്ഘാടന മത്സരങ്ങളിലും പോഗ്ബ ചിത്രത്തിലുണ്ടായിരുന്നില്ല. ഫ്രഞ്ച് ആരാധകരും മാധ്യമങ്ങളെ പോഗ്ബയുടെ തലക്കായി മുറവിളി കൂട്ടി. ഫൈനൽ പടിവാതിൽക്കലെത്തി നിൽക്കേ പോഗ്ബ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതും അതുകൊണ്ടാവാം. 
പിന്നീട് ഫ്രാൻസിന്റെ മുന്നേറ്റത്തിൽ മധ്യനിരയിൽ നിന്ന് പോഗ്ബയുടെയും എൻഗോലെ കാണ്ടെയുടെയും സംഭാവനകൾ നിർണായകമായി. തന്റെ മുന്നേറ്റം സൃഷ്ടിക്കുന്ന ഏത് വിടവും ഓടിയെത്തി നികത്താൻ കാണ്ടെക്ക് കഴിയുമെന്ന് പോഗ്ബക്ക് അറിയാം. ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ആളില്ലാ പ്രദേശത്ത് പെട്ടുപോവുന്ന ദുരന്തം ഉണ്ടാവില്ലെന്നും ഇരുപത്തഞ്ചുകാരന് ബോധ്യമുണ്ട്. 
ബുദ്ധിമാനാണ് പോഗ്ബ. ഇംഗ്ലിഷും ഫ്രഞ്ചും ഇറ്റാലിയനും സംസാരിക്കും. സ്‌പെയിനിൽ ഒരിക്കലും ജീവിച്ചിട്ടില്ലെങ്കിലും സ്പാനിഷും നന്നായി വഴങ്ങും. സെമിയിലെ വിജയം പോഗ്ബ സമർപ്പിച്ചത് തായ്‌ലന്റിലെ ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടിക്കളിക്കാർക്കാണ്. 
ലോകകപ്പിലെ പോഗ്ബയുടെ പ്രകടനത്തിൽ മൗറിഞ്ഞൊ പോലും സംതൃപ്തനാണ്. 'പക്വതയോടെയാണ് പോഗ്ബ കളിക്കുന്നത്. പന്ത് നിയന്ത്രിച്ച് കളിയിൽ വരുതിയിൽ നിർത്തേണ്ട ഘട്ടത്തിൽ അതിനും പോഗ്ബക്ക് സാധിച്ചു. വേണ്ടപ്പോൾ ഗ്രീസ്മാന് പാസുകൾ നൽകി, അല്ലാത്തപ്പോൾ പന്ത് അപകടകരമായ പ്രദേശങ്ങളിൽ നിന്ന് മാറ്റിനിർത്തി' -മൗറിഞ്ഞൊ വിലയിരുത്തി. 

Latest News