ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് ഒരു വീട്ടമ്മയുണ്ട്. പാഴ്വസ്തുക്കിൽനിന്നും പൂക്കളങ്ങൾ തീർക്കുന്ന ലത. ഉപയോഗശൂന്യമെന്ന് നമ്മൾ കരുതുന്ന ഉള്ളിത്തൊലിയും വെളുത്തുള്ളിത്തൊലിയും പാളയുമെല്ലാം അവർ പൂക്കളാക്കി മാറ്റുന്നു. കൃത്യമായി വെട്ടിയൊരുക്കി അവയ്ക്ക് ചായം നൽകിയാണ് മനോഹരങ്ങളായ പൂക്കളാക്കി മാറ്റുന്നത്.
വീടിനു സമീപപ്രദേശങ്ങളിൽ നടക്കുന്ന വിവാഹത്തിന് ക്ഷണിക്കാത്ത അതിഥിയായി ലതയുമുണ്ടാകും. വധൂവരന്മാരെ ആശിർവദിക്കാനല്ല അവരുടെ വരവ്. വീടിന്റെ പിന്നാമ്പുറത്ത് പാചകക്കാർ ഉപേക്ഷിച്ചുപോയ ഉള്ളിത്തൊലിയും വെളുത്തുള്ളിത്തൊലിയും ശേഖരിക്കാനാണ് അവരെത്തുന്നത്. വാഴത്തോപ്പിലോ തെങ്ങിൻ ചുവട്ടിലോ ഉപേക്ഷിച്ച ഉള്ളിത്തോലുകൾ പെറുക്കിയെടുത്ത് ചാക്കിലാക്കി മടങ്ങും. വീട്ടിലെത്തിയാൽ അവയുടെ പ്രകൃതം ആകെ മാറും. വർണപ്പൂക്കളാക്കി ഇലയും തണ്ടുമൊരുക്കി പഌസ്റ്റിക് കൂടകളിലാക്കി ഷെൽഫിൽ ഭദ്രമായി സൂക്ഷിക്കും.
ഒരു പൂവെങ്കിലും ഉണ്ടാക്കാത്ത ദിവസങ്ങൾ വിരളമാണ്. ഇത്തരത്തിലുള്ള പൂനിർമാണവുമായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു ഈ വീട്ടമ്മ. അതിന്റെ തെളിവുകൾ ഈ വീട്ടിൽ കാണാം. ലതയുടെ കരവിരുതിനാൽ രൂപംകൊണ്ട പൂക്കളാൽ നിറഞ്ഞിരിക്കുകയാണ് ആ വീടിന്റെ അകവും പുറവുമെല്ലാം. ദുരിതകാലങ്ങൾ ഏറെ താണ്ടിക്കഴിഞ്ഞ ലത തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നത്. വിടർന്നുനിൽക്കുന്ന പൂക്കളുടെ ലോകത്തേയ്ക്ക് എത്തിയ കഥ ലത തന്നെ പറയുന്നു.
മനസ്സിനെ ഏറെ ആകുലമാക്കിയ അമ്മയുടെ മരണമാണ് ജീവിതത്തിന്റെ ഗതി മാറ്റിയത്. ഏറെ സ്നേഹിച്ചിരുന്ന അമ്മയുടെ പെട്ടെന്നുള്ള കടന്നുപോക്ക് മനസ്സിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. അപ്പോഴാണ് വീട്ടിലുണ്ടായിരുന്ന അൻപതു പൈസയുടെ പ്ലാസ്റ്റിക് കവർ വെട്ടിയൊരുക്കി പൂമൊട്ടുണ്ടാക്കിയത്. മനസ്സിന് ശാന്തത തേടിയായിരുന്നു അങ്ങനെ ചെയ്തത്. സംഗതി ക്ലിക്കായപ്പോൾ പിന്നെ ഓരോന്നും വെട്ടിയുണ്ടാക്കി. സ്കൂൾ പഠനകാലത്ത് ഒരു പൂവ് പോലും വരച്ചുനോക്കിയിട്ടില്ല. എന്നാൽ പ്രായമായപ്പോഴാണ് പൂക്കളോടുള്ള ഈ ഇഷ്ടം. മനസ്സിനെ വഴിതിരിച്ചുവിടാൻ ഈ മാർഗം സ്വീകരിച്ചതോടെ ആവേശമായി. കിട്ടുന്നതെല്ലാം വെട്ടിയൊതുക്കി പൂക്കളാക്കി. വീട്ടിൽനിന്നും പുറംതള്ളുന്ന ഏതു വസ്തുവും പരീക്ഷണ യോഗ്യമാക്കി. വഴിയിൽ കാണുന്ന എന്തിലും പൂക്കളുണ്ടെന്ന തോന്നലാണിപ്പോൾ. കടകളിലും കല്യാണ വീടുകളിലുമെല്ലാം ചെന്ന് ഉള്ളിത്തോലുകൾ ശേഖരിച്ചു. അയൽക്കാർ ആരെങ്കിലും സവാള മുറിക്കുന്നതു കണ്ടാൽ അവിടെയെത്തി അവരെയും സഹായിച്ച് ഉള്ളിത്തൊലിയും വാങ്ങി മടങ്ങും. ഇങ്ങനെയെല്ലാമായിരുന്നു തുടക്കം.
ആദ്യകാലത്ത് പൂക്കൾ നിർമിക്കാൻ ഏറെ സമയം വേണ്ടിവന്നിരുന്നു. ക്രമേണ അത് ചുരുങ്ങിത്തുടങ്ങി. ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് ഒരു പൂവുണ്ടാക്കാൻ കഴിയും. വഴിയിൽനിന്നും കിട്ടുന്ന പാള പോലും മനോഹരമായ പൂവായി മാറുന്ന കാഴ്ച. പൂവിന്റെ ആകൃതിയിൽ വെട്ടിയെടുത്ത് ചായം നൽകി അനുയോജ്യമായ ഇലകളും കൊടുത്തപ്പോൾ അതൊരു മനോഹരമായ കാഴ്ചയായി മാറി.
ഉള്ളിത്തോലുകൾ മാത്രമല്ല, പ്ലാസ്റ്റിക് കവറുകളും പേപ്പർ കവറുകളും ബൾബും മുട്ടയും പിസ്തയുടെ തോടും മെഴുകും ട്യൂബുമെല്ലാം പൂനിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട് ഈ വീട്ടമ്മ. മാത്രമല്ല, തുണികളിലും തന്റെ പരീക്ഷണങ്ങൾ അരങ്ങേറിക്കഴിഞ്ഞു. തയ്യൽക്കട നടത്തുന്ന അയൽക്കാരിയായ അനിതയാണ് അതിനുള്ള സഹായങ്ങൾ നൽകിയത്. തയ്യൽക്കടയിൽ ബാക്കിയാവുന്ന പല നിറങ്ങളിലുള്ള തുണിക്കഷ്ണങ്ങൾ കൃത്യമായി വെട്ടിയൊരുക്കി ഒറ്റക്കും കൂട്ടമായും ചേർത്തുവെച്ചാണ് പൂക്കളാക്കി മാറ്റുന്നത്. ഇത്തരത്തിലുള്ള തുണികൾ ഉപയോഗിച്ച് പത്തുമണി ചെടികളും അവിടെ ഒരുക്കിവച്ചിട്ടുണ്ട്.
നേരംപോക്കിനും ഭംഗി ആസ്വദിക്കാനും മാത്രമല്ല, ഇത്തരം പൂവുകൾക്ക് വിപണന സാധ്യതയുമുണ്ടെന്ന് ലത തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഈ പൂക്കൾക്കും ആവശ്യക്കാർ ഏറെയെത്തുന്നുണ്ട്. മെഴുകുതിരിയിലും ഇവർ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. മെഴുകുതിരി ഉരുക്കി ആ തുള്ളികൾ പൂക്കളുടെ ആകൃതിയിൽ വട്ടത്തിലാക്കി കമ്പിയിൽ ചുറ്റി പെയിന്റ് നൽകി റോസാപൂക്കളാക്കുന്ന വിദ്യയാണത്. ക്ഷമയേറെ വേണ്ടുന്ന ജോലിയാണിത്. മറ്റൊന്ന് ഐസ്ക്രീം ബൗളുകളിൽ തെർമോകോൾ പൊടിച്ച് ഒട്ടിച്ചുചേർത്ത് നിറം നൽകുന്ന വിദ്യയാണ്. ഒറ്റ നോട്ടത്തിൽ ഓറഞ്ചാണെന്നു തോന്നിക്കുന്ന കൗശലം.
ലതയുടെ ഈ പൂനിർമാണത്തിന് തികഞ്ഞ പിന്തുണയുമായി മകനും കൂടെയുണ്ട്. ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനാണ് മകൻ ഷൈജു. മകന്റെ ഭാര്യയും മക്കളുമെല്ലാം അമ്മയുടെ ഈ ഉദ്യമത്തിൽ പൂർണമായി സഹകരിക്കുന്നുണ്ട്. മകന്റെ മക്കളും അച്ഛമ്മയുടെ പാതയിലുണ്ട്. അച്ഛമ്മയുടെ പൂനിർമാണത്തിൽ അവരും പങ്കാളികളാകുന്നു. വേനലവധിക്ക് സ്കൂളുകളിൽ ക്രാഫ്റ്റ് ക്ലാസെടുക്കാനും ലത ക്ഷണിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ കുട്ടികൾക്ക് തന്റെ കരവിരുത് പകർന്നു നൽകാനും ഈ അമ്മയ്ക്ക് സന്തോഷം മാത്രമേയുള്ളു. അയൽക്കാരായ നിരവധി കുട്ടികളും ഈ കരകൗശല വിദ്യ സ്വായത്തമാക്കാൻ ലതയെ സമീപിക്കാറുണ്ട്. പാഴ്വസ്തുക്കൾ അലസമായി വലിച്ചെറിയാതെ ഉപയോഗ യോഗ്യമാക്കാൻ അവരെ പഠിപ്പിക്കുന്നതിനും ഇവർ മുൻപന്തിയിലുണ്ട്. ഇത്തരം കരകൗശല വസ്തുക്കളുടെ നിർമാണത്തിലൂടെ നിരവധി അംഗീകാരങ്ങളും ഈ വീട്ടമ്മയെ തേടിയെത്തിയിട്ടുണ്ട്.
മകൻ ഷൈജുവും അമ്മയുടെ ഈ ഉദ്യമത്തിൽ ഏറെ സംതൃപ്തനാണ്. അകാലത്തിലുള്ള അച്ഛന്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്. പലയിടങ്ങൡ പോയി അമ്മക്ക് ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. എനിക്ക് ജോലി കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചതും അമ്മയായിരുന്നു. അതോടെയാണ് അമ്മയുടെ ദുരിതത്തിന് അറുതിയായത്. ഇപ്പോൾ അമ്മ സന്തോഷം കണ്ടെത്തുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. ആ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുകയാണ്.
സമീപപ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങൾക്കും പ്രദർശനങ്ങൾക്കുമെല്ലാം ഇത്തരത്തിലുള്ള പൂക്കൾ സമ്മാനിക്കാറുണ്ട്. വിൽപനയും നടക്കുന്നുണ്ട്. ഓൺലൈനായും ആവശ്യക്കാരെത്തുന്നുണ്ട്. ഗൾഫ് നാടുകളിൽനിന്നു പോലും ഓർഡറുകൾ ലഭിക്കുന്നുണ്ട് -ലത പറയുന്നു. ബൊക്കെകൾക്കാണ് ഇപ്പോൾ ആവശ്യക്കാരേറെയുള്ളത്. സാധാരണ പൂക്കൾ കൊണ്ടുള്ള ബൊക്കെകൾ അടുത്ത ദിവസമാകുമ്പോഴേക്കും വാടിക്കൊഴിഞ്ഞുപോകും. എന്നാൽ ഇത്തരം ബൊക്കെകൾ ഏറെക്കാലം കേടുകൂടാതെയിരിക്കും.
അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാൻ കൃത്രിമമായി പൂക്കൾ നിർമിച്ചുതുടങ്ങിയ ലതക്ക് ഇതൊരു വിനോദം മാത്രമല്ല, ആനന്ദം കൂടിയാണ്. മനസ്സിന് സാന്ത്വനം നൽകുന്ന സന്തോഷ കർമം. അതുകൊണ്ടു തന്നെ ഒരു പൂവ് നിർമിച്ചുതുടങ്ങിയാൽ പൂർത്തിയാവാതെ ഉറങ്ങാറില്ല. ചിലപ്പോൾ രാത്രി ഏറെ വൈകയാലും പൂ വിടരുന്നതു കണ്ടേയുള്ളു ഉറക്കം. ആ സന്തോഷത്തിലും അനുഭൂതിയിലും ഈ അമ്മമനസ്സ് സാന്ത്വനമടയുന്നു.






