ലോകകപ്പില്‍ പങ്കെടുക്കുമെന്ന് പാക് ക്യാപ്റ്റന്റെ സൂചന

കറാച്ചി - ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആരെയും ഏത് വേദിയിലും നേരിടാന്‍ പാക്കിസ്ഥാന്‍ റെഡിയാണെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം. പാക്കിസ്ഥാന്‍ ടീമിന് അവരുടെ സര്‍ക്കാര്‍ അനുമതി നല്‍കും മുമ്പാണ് ക്യാപ്റ്റന്റെ പ്രഖ്യാപനം. മത്സരക്രമമനുസരിച്ച് 1.32 ലക്ഷം പേര്‍ക്കിരിക്കാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് ഇന്ത്യയെ പാക്കിസ്ഥാന്‍ നേരിടേണ്ടത്, ഒകടോബര്‍ 15ന്. 2012 നു ശേഷം ഇന്ത്യന്‍ മണ്ണിലെ ആദ്യ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമായിരിക്കും അത്.
ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ അനുമതി കിട്ടുമെന്നാണ് കരുതുന്നതെന്ന് അസം സൂചന നല്‍കി. ഒരു ടീമിനെ തോല്‍പിക്കാനല്ല വരുന്നത്. ഒമ്പത് ടീമുകളുണ്ട്. അവരെയും തോല്‍പിച്ചാലേ ഫൈനലിലെത്താനാവൂ -അസം പറഞ്ഞു.  
അഹമ്മദാബാദില്‍ കളിക്കാന്‍ പാക്കിസ്ഥാന് അതൃപ്തിയുണ്ടായിരുന്നുവെങ്കിലും വേദി മാറ്റണമെന്ന അവരുടെ ആവശ്യം ഐ.സി.സി തള്ളുകയായിരുന്നു. 
എന്നാല്‍ പ്രൊഫഷനലുകളെന്ന നിലയില്‍ എവിടെയും കളിക്കാന്‍ റെഡിയായിരിക്കണമെന്ന് അസം വിശദീകരിച്ചു. എവിടെ ക്രിക്കറ്റുണ്ടോ ഞങ്ങള്‍ റെഡിയാണ്. എല്ലാ രാജ്യത്തും മികച്ച കളി കാഴ്ചവെക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം -ക്യാപ്റ്റന്‍ പറഞ്ഞു. അഹമ്മദാബാദിനു പുറമെ ഹൈദരാബാദിലും ചെന്നൈയിലും ബംഗളൂരുവിലും കൊല്‍ക്കത്തയിലുമാണ് പാക്കിസ്ഥാന്റെ കളികള്‍. മുംബൈയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനുമാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടേണ്ടി വരുന്നതെങ്കില്‍ ആ കളി കൊല്‍ക്കത്തയിലാണ് നടത്തുക. 
ലോകകപ്പിന് മുമ്പ് പാക്കിസ്ഥാന്‍ ടീമിന് ശ്രീലങ്കന്‍ പര്യടനമുണ്ട്. അതിനു ശേഷം ഏഷ്യാ കപ്പിലും ഇന്ത്യയും പാക്കിസ്ഥാനുമുള്‍പ്പെടെ ടീമുകള്‍ ഏറ്റുമുട്ടും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ്. ആദ്യ നാലു കളികള്‍ പാക്കിസ്ഥാനിലും അവശേഷിച്ച കളികള്‍ ശ്രീലങ്കയിലുമായിരിക്കും. 

 

Latest News