കുവൈത്ത് സിറ്റി - കുവൈത്തിലെ തദ്ദേശീയ ജനസംഖ്യയിൽ 15 ശതമാനവും ലക്ഷപ്രഭുക്കളാണെന്ന് (മില്യണയർ) ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യാനുപാതികമായി അറബ് ലോകത്ത് ഏറ്റവുമധികം ലക്ഷപ്രഭുക്കളുള്ളത് കുവൈത്തിലാണ്. ലോകത്ത് തന്നെ മൂന്നാം സ്ഥാനവും കുവൈത്തിനാണ്.
ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സർലാന്റ് ആണ്. ഇവിടെ ജനസംഖ്യയിൽ 15.5 ശതമാനം പേർ ലക്ഷപ്രഭുക്കളാണ്. രണ്ടാം സ്ഥാനത്തുള്ള ഹോങ്കോംഗിൽ 15.3 ശതമാനം. നാലാം സ്ഥാനത്തുള്ള സിങ്കപ്പൂരിൽ 12.7 ശതമാനം. ജനസംഖ്യയിൽ പത്തു ശതമാനത്തിൽ കൂടുതൽ ലക്ഷപ്രഭുക്കളുള്ള രാജ്യങ്ങളുടെ പട്ടികയിൽ അവസാന സ്ഥാനത്ത് ഓസ്‌ട്രേലിയ ആണ്-11.2 ശതമാനം. ആഗോള തലത്തിൽ 22-ാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ഖത്തർ ആണ്. ഖത്തർ ജനസംഖ്യയിൽ മൂന്നു ശതമാനം പേർ ലക്ഷപ്രഭുക്കളാണെന്ന് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.