ധാക്ക - ലോകകപ്പിന് മൂന്നു മാസം ശേഷിക്കെ ബംഗ്ലാദേശിന്റെ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന് തമീം ഇഖ്ബാല് വിരമിച്ചു. അഫ്ഗാനിസ്ഥാനെതതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ കളി തോറ്റതിനു പിന്നാലെയാണ് അപ്രതീക്ഷിത രാജി. 16 വര്ഷത്തെ കരിയറിനാണ് ഓപണര് പൊടുന്നനെ അന്ത്യം കുറിച്ചിരിക്കുന്നത്. തിങ്ങിനിറഞ്ഞ പത്രസമ്മേളനത്തില് വിങ്ങിപ്പൊട്ടിയാണ് തമീം രാജി പ്രഖ്യാപിച്ചത്.
പൊടുന്നനെ എടുത്ത തീരുമാനമല്ലെന്നും ഇതെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും തമീം പറഞ്ഞു. ആ കാരണങ്ങള് ഇവിടെ പറയുന്നില്ല. കുടുംബവുമായി ആലോചിച്ചിരുന്നു. ഇതാണ് വിരമിക്കാന് ഉചിതമായ സമയമെന്നു കരുതുന്നു -ഓപണര് പറഞ്ഞു. പൂര്ണ ഫിറ്റ്നസ് ഇല്ലാതെ അഫ്ഗാനിസ്ഥാനെതിരെ കളിക്കാന് തീരുമാനിച്ചതിന്റെ പേരില് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് പ്രസിഡന്റ് നജ്മുല് ഹുസൈനില് നിന്നുള്പ്പെടെ വന് വിമര്ശനം നേരിട്ടിരുന്നു. മത്സരത്തില് 21 പന്തില് 13 റണ്സായിരുന്നു തമീമിന്റെ സംഭാവന.
ഒരുപാട് പേരോട് നന്ദിയുണ്ട്. ഞാന് ബംഗ്ലാദേശിന്റെ ജഴ്സിയണിഞ്ഞത് പിതാവിന്റെ സ്വപ്നസാക്ഷാല്ക്കാരമായിരുന്നു. 16 വര്ഷത്തെ കരിയറില് അദ്ദേഹത്തിന് അഭിമാനിക്കാന് എന്തൊക്കെ ചെയ്തുവെന്ന് ഉറപ്പില്ല. അമ്മാവന് അക്ബര് ഖാന്റെ കൈ പിടിച്ചാണ് ആദ്യ ടൂര്ണമെന്റിന് പോയത്. അദ്ദേഹമായിരുന്നു ആദ്യ കോച്ച്. എല്ലാ തലത്തിലും ഒപ്പം കളിച്ചവരോട് നന്ദിയുണ്ട്. പ്രത്യേകിച്ചും ബംഗ്ലാദേശ് സീനിയര് ടീമിലെ സഹതാരങ്ങളോട്. ഒരു കാര്യം മാത്രം പറയാം, എല്ലായ്പോഴും 100 ശതമാനം ഞാന് അര്പ്പണബോധം പ്രകടിപ്പിച്ചിരുന്നു -തമീം പറഞ്ഞു.
കഴിഞ്ഞ വര്ഷം ഏതാണ്ട് ഇതേ സമയത്താണ് മുപ്പത്തിനാലുകാരന് ട്വന്റി20യില് നിന്ന് വിരമിച്ചത്. ഏപ്രിലില് അയര്ലന്റിനെതിരെയായിരുന്നു അവസാന ടെസ്റ്റ്. ശാഖിബുല് ഹസനാണ് ബംഗ്ലാദേശിന്റെ ട്വന്റി20 ്ക്യാപ്റ്റന്, ലിറ്റന് ദാസ് ടെസ്റ്റ് ക്യാപ്റ്റനും.
2007 ല് വെസ്റ്റിന്ഡീസില് നടന്ന ലോകകപ്പില് ഇന്ത്യക്കെതിരായ ഐതിഹാസിക വിജയത്തില് അര്ധ ശതകത്തോടെയായിരുന്നു തമീമിന്റെ അരങ്ങേറ്റം. ഏകദിനത്തില് ബംഗ്ലാദേശിനു വേണ്ടി ഏറ്റവുമധികം റണ്സെടുത്തതും സെഞ്ചുറിയടിച്ചതും തമീമാണ്. ടെസ്റ്റ് റണ്സില് രണ്ടാം സ്ഥാനത്തുണ്ട്. തമീം നയിച്ച 37 ഏകദിനങ്ങളില് ഇരുപത്തൊന്നെണ്ണം ബംഗ്ലാദേശ് ജയിച്ചു. 2017 ല് ന്യൂസിലാന്റിനെതിരായ ഒരു ടെസ്റ്റിലും ബംഗ്ലാദേശിനെ നയിച്ചിരുന്നു.






