ഗാള്‍ടിയറെ പി.എസ്.ജി പുറത്താക്കി, പകരം എന്റിക്വെ 

പാരിസ് - പ്രതീക്ഷിച്ചതു പോലെ കോച്ച് ക്രിസ്റ്റഫ് ഗാള്‍ടിയറെ പി.എസ്.ജി പുറത്താക്കി. പകരം മുന്‍ ബാഴ്‌സലോണ, സ്‌പെയിന്‍ കോച്ച് ലൂയിസ് എന്റിക്വെ ചുമതലയേല്‍ക്കും. പി.എസ്.ജി തുടര്‍ച്ചയായ പതിനൊന്നാം തവണ ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്മാരായെങ്കിലും ഈ വര്‍ഷം ഉടനീളം അവര്‍ തപ്പിത്തടയുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ടീം പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിനില്‍ക്കെയാണ് ഗാള്‍ടിയര്‍ പുറത്താക്കപ്പെട്ടത്. വര്‍ഷങ്ങള്‍ മുമ്പ് നീസ് ക്ലബ്ബില്‍ പ്രവര്‍ത്തിച്ച കാലത്ത് മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഗാള്‍ടിയര്‍ക്കെതിരെ ഈയിടെ കേസ് ചാര്‍ജ് ചെയ്തിരുന്നു. 
ഖത്തര്‍ ഏറ്റെടുത്ത ശേഷം 12 വര്‍ഷത്തിനിടെ ചുമതലയേല്‍ക്കുന്ന എട്ടാമത്തെ കോച്ചാവും എന്റിക്വെ. 2017 ല്‍ ചുമതലയേറ്റ കീലിയന്‍ എംബാപ്പെ അഞ്ചാമത്തെ കോച്ചിനു കീഴിലാണ് കളിക്കുക. എംബാപ്പെ പി.എസ്.ജി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിനു ശേഷം സ്‌പെയിന്‍ പുറത്താക്കിയതോടെ എന്റിക്വെ ജോലിയില്ലാതെ നില്‍ക്കുകയായിരുന്നു. ബാഴ്‌സലോണയിലാണ് അമ്പത്തിമൂന്നുകാരന്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തത്. ആദ്യ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, കോപ ഡെല്‍റേ കിരീടങ്ങള്‍ നേടി.
 

Latest News