ഹരാരെ - ഇന്ത്യയില്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുന്ന പത്താമത്തെയും അവസാനത്തെയും ടീം ഏതായിരിക്കും. അതിനായി നെതര്‍ലാന്റ്സും സ്കോട്ലന്റും ഏറ്റുമുട്ടും. യോഗ്യതാ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ എല്ലാ കളികളും ജയിച്ച് സൂപ്പര്‍ സിക്സിലേക്കു വന്ന സിംബാബ്വെയുടെ പ്രതീക്ഷ അസ്തമിച്ചതോടെയാണ് ഈ ടീമുകളിലൊന്നിന് വാതില്‍ തുറക്കുന്നത്. സൂപ്പര്‍ സിക്സില് ശ്രീലങ്കക്കു പിന്നാലെ സ്കോട്ലന്റിനോടും സിംബാബ്വെ തോറ്റു. 2019 ലും സിംബാബ്വെക്ക് അവസാന വേളയില്‍ ലോകകപ്പ് ബെര്‍ത്ത് നഷ്ടപ്പെട്ടിരുന്നു. ഇത്തവണ ആദ്യ റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത് പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു.
നെതര്‍ലാന്റ്സും സ്കോട്ലന്റും തമ്മില്‍ നാളെ നടക്കുന്ന മത്സരമാണ് അന്തിമ ലോകകകപ്പ് ടീമിനെ നിശ്ചയിക്കുക. ശ്രീലങ്ക യോഗ്യത നേടിക്കഴിഞ്ഞു.
ഹരാരെയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നൂറിന് മേല്‍ സ്കോര്‍ വിജയകരമായി പിന്തുടരുകയും നാനൂറിന് മേല്‍ സ്കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തിരുന്ന സിംബാബ്വെക്ക് ബുലവായോയില്‍ സ്കോട്ലന്റിനെതിരെ 235 റണ്‍സിന്റെ ലക്ഷ്യം മറികടക്കാനായില്ല. സ്കോട്ലന്റിന്റെ എട്ടിന് 234 പിന്തുടര്‍ന്ന അവര്‍ 41.1 ഓവറില്‍ 203 ന് ഓളൗട്ടായി. സ്കോട്ലന്റിനെ തോല്പിച്ചിരുന്നുവെങ്കില് സിംബാബ്വെക്ക് യോഗ്യത നേടാമായിരുന്നു. പെയ്സ്ബൗളര്‍ ക്രിസ് സോളാണ് 33 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി സിംബാബ്വെയുടെ മുന്‍നിര തകര്‍ത്തത്. ജോയ്ലോഡ് ഗംബിയെ (0) ആദ്യ പന്തിലും ക്യാപ്റ്റന്‍ ക്രയ്ഗ് ഇര്‍വിനെ (2) തന്റെ രണ്ടാം ഓവറിലും ഷോണ്‍ വില്യംസിനെ (12) നാലാം ഓവറിലും സോള്‍ പുറത്താക്കി. 37 റണ്‍സെടുക്കുമ്പോഴേക്കും സിംബാബ്വെക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. സിഖന്ദര്‍ റാസയും (34) റയാന് ബേളും (84 പന്തില്‍ 83) വെസലി മധേവരെയുമാണ് (39 പന്തില്‍ 40) സ്കോര്‍ അഞ്ചിന് 164 ലെത്തിച്ചത്. പിന്നീട് 39 റണ്‍സെടുക്കുമ്പോഴേക്കും അവസാന അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തി.
സ്കോട്ലന്റിനുവേണ്ടി മുന്‍നിര പൊരുത്തി. ഇരുപത്തഞ്ചോവറില്‍ അവര്‍ ഒന്നിന് 102 ലെത്തിയിരുന്നു. പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടു. ഏഴിന് 170 ല്‍ നിന്ന് മൈക്കിള്‍ ലീസ്കാണ് (34 പന്തില്‍ 48) ടീമിനെ കരകയറ്റിയത്. മാര്‍ക്ക് വാറ്റുമൊത്ത് (21 നോട്ടൗട്ട്) എട്ടാം വിക്കറ്റില്‍ ചേര്‍ത്ത 46 റണ്‍സ് നിര്‍ണായകമായി. ഷോണ്‍ വില്യംസ് മൂന്നും തന്ദായ് ചതാര രണ്ടും വിക്കറ്റെടുത്തു.






